ഡിവില്ലിയേഴ്സിന്റെ ആഫ്രിക്കൻ പവറിന്റെ കൂറ്റനടി, കരീബിയിൻ കരുത്തുമായി ഹെയ്റ്റ്മേയറിന്റെ അഴിഞ്ഞാട്ടം എരിഞ്ഞു നീറി പൊട്ടിത്തെറിച്ച പന്തിന്റെ സെൻസിബിൾ എക്സ്പ്ലോഷൻ( വിസ്ഫോടനം) ഒടുവിൽ RCB യുടെ നാടകീയ വിജയം. അവസാന പന്തിൽ 6 റൺസ് വേണ്ടപ്പോൾ 4 റൺസ് വിട്ടു കൊടുത്ത സിറാജ്.
ഈ IPL ലെ ഏറ്റവും ആവേശകരമായ മത്സരം. (RCB 171, DC170) ഒരു റണ്ണിന്റെ ബാംഗ്ലൂർ വിജയം ആവേശം പരകോടിയിൽ.
എഴുതി തള്ളിയവർ ഓർത്തില്ല ഡിവില്ലിയേഴ്സിനെ പോലെ വിസ്ഫോടന ശേഷിയുള്ള ഒരു ബാറ്റ്സ്മാൻ ഉള്ള ടീം ആണ് റോയൽ ചലഞ്ചേഴ്സ് എന്ന്. അയാൾ എവിടെ എപ്പോൾ എങ്ങനെ പൊട്ടിത്തെറിക്കുമെന്നു ആർക്കും അറിയില്ല. വെറും 150 കളിൽ ഒതുങ്ങും എന്നു കരുതിയ റോയൽ ചലഞ്ചേഴ്സ് സ്‌കോർ ABD യുടെ അവസാന നിമിഷങ്ങളിലെ ഒറ്റയാൾ പോരാട്ടം ഒന്നു കൊണ്ട് മാത്രം ആണ് 171 ൽ എത്തിയത്, 42 പന്തിൽ 5 സിക്‌സ് അടക്കം 75 റൺസ് ആണ് ABD അടിച്ചു കൂട്ടിയത്.
അച്ചടക്കത്തോടെ ബോൾ ചെയ്ത ഡൽഹി ബോളിങ് നിരയെ അവസാന നിമിഷം കടന്നാക്രമണം നടത്തിയാണ് ABD ബാംഗ്ലൂർ സ്‌കോർ ഒരു പൊരുത്താവുന്ന നിലയിലേക്ക് എത്തിച്ചത്. തുടക്കത്തിൽ തന്നെ 12 റൺസുമായി കോഹ്ലിയും 17 റൺസ് നേടി ദേവദത്തും മടങ്ങി. പിന്നെ 31റൺസ് നേടിയ രജത് പാട്ടിദാറും 25 റൺസ് നേടിയ ഗ്ലെൻ മാക്‌സ് വെല്ലും സൗത്ത്ആഫ്രിക്കൻ താരത്തിന് പിന്തുണ നൽകി വേറെയാരും രണ്ടക്കം കടന്നില്ല.
ഒരു മെയ്ഡൻ ഉൾപ്പെടെ നേടിയ ഇഷാന്ത് ശർമ്മ മികച്ച എക്കോണമി റേറ്റിൽ പന്തെറിഞ്ഞു. മറ്റുള്ള ഇന്ത്യൻ താരങ്ങൾ ഒക്കെ അത് നില നിർത്തിയപ്പോൾ അടി കൊണ്ട ഏക ബോളർ റബാദ ആയിരുന്നു.
മറുപടി ബാറ്റിങ്ങിൽ ധവാനും സ്മിത്തും ഒഴികെ ബാക്കി എല്ലാവരും മോശം അല്ലാത്ത പ്രകടനം ആണ് നടത്തിയത് . പൃഥ്വി ഷാ 21 , സ്റ്റോണിയസ് 22 എന്നിവർക്ക് പുറമേ അടിച്ചോതുക്കൽ നടത്തിയത് ഋഷഭ് പന്തും വിൻഡീസ് താരം ഹെയ്റ്റ് മേയറും ചേർന്ന് ആയിരുന്നു. പന്ത് നിലയുറപ്പിച്ച ശേഷം അടിച്ചു കളിച്ചപ്പോൾ ഹെയ്റ്റ് മേയർ കരീബിയൻ പവറിന്റെ വന്യതയിൽ തുടക്കം മുതൽ നിറഞ്ഞാടി.
പക്ഷെ അന്തിമ വിജയം ബാംഗ്ളൂരിന്റെ രാജാക്കന്മാർക്ക് ആയിരുന്നു.