കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും എല്ലാം വളരെ സന്തുലിതമായ പ്രകടനം ആണ് സഞ്ജുസാംസണിന്റെ കീഴിൽ രാജസ്ഥാൻ റോയൽസ് പുറത്തെടുത്തത്.
വളരെ മനോഹരമായി സാഹചര്യത്തിന് അനുസരിച്ച് ബാറ്റു വീശി രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസൺ തന്നെയാണ് ടോപ്പ് സ്കോറർ.
പതിവ് പോലെ തന്നെ ടോസ് നേടിയ രാജസ്ഥാൻ കൊൽക്കത്തയെ ബാറ്റിങ്ങിനയച്ചു. റൺസ് വരൾച്ചയുള്ള പിച്ചിൽ നൈറ്റ് റൈഡേഴ്‌സിനെ രാജസ്‌ഥാൻ വരിഞ്ഞു മുറുക്കി. കേവലം 133 റൺസ് മാത്രമാണ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ അവർക്ക് നേടാൻ കഴിഞ്ഞത്.
ആറാം ഓവറിൽ തന്നെ മെല്ലെ കളിച്ചു മുന്നോട്ട് പോയി കൊൽക്കത്തക്ക് ആദ്യ പ്രഹരമേറ്റു. സ്‌കോർ 24 ൽ നിൽക്കെ ശുഭമാൻ ഗിൽ റണ്ണൗട്ടായി. സ്‌കോർ 45ൽ എത്തിയപ്പോൾ നിതീഷ് റാണയെ ചേതൻ സക്കറിയ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു.
പിന്നാലെ എത്തിയ വിൻഡീസ് താരം സുനിൽ നരൈനെ അതിവേഗം ഉനദ്കട് പറഞ്ഞു വിട്ടു. ആക്രമിച്ചു കളിച്ച ത്രിപാഠിയെ മുസ്‌തിഫുസർ റഹ്മാൻ റയാൻ പരാഗിന്റെ കൈകളിൽ എത്തിച്ചു.
36 റൺസ് നേടിയ രാഹുൽ ത്രിപാഠി ആയിരുന്നു KKR ന്റെ ടോപ്പ് സ്കോറർ, രണ്ടാമത് 25 റൺസ് നേടിയ ദിനേഷ് കാർത്തിക്കും. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ മോർഗൻ ഡയമണ്ട് ഡക്ക് ആയിരുന്നു, ഒരു പന്ത് പോലും നേരിടാതെ അദ്ദേഹം മടങ്ങി. ക്രിസ് മോറിസ് ആയിരുന്നു മോർഗനെ റണ്ണൗട്ടാക്കിയത്.
പിന്നെ ആർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ പാറ്റ്കുമ്മിൻസ് 10 റൺസ് നേടി മറ്റാരും രണ്ടക്കം കടന്നില്ല.
മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിക്കാൻ ആണ് ഇറങ്ങിയത്. യശ്വസി ജയിസ്വാളും ബട്ട്ലറും ചേർന്നാണ് രാജസ്‌ഥാൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. ബട്ട്ലറിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു പോയി എങ്കിലും രാജസ്ഥാൻ ഒരു ഘട്ടത്തിൽ പോലും പതറിയില്ല. 5 റൺസുമായി ബട്ലർ മടങ്ങുമ്പോൾ 21 റൺസ് രാജസ്ഥാൻ സ്‌കോർ ചെയ്തിരുന്നു എന്നത് തേജസ്സ്വി എത്ര മാത്രം ആധിപത്യം പുലർത്തി എന്നതിന്റെ തെളിവാണ്.
തേജസ്സ്വിക്ക് കൂട്ടായി എത്തിയ സഞ്ജുവും ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. ടീം ടോട്ടൽ 40ൽ എത്തിയപ്പോൾ തേജസ്വിയെ ശിവം മാവി കമലേഷ് നാഗർകോട്ടിയുടെ കൈകളിൽ എത്തിച്ചു. 22 റൺസുമായി മടങ്ങിയ തേജസ്സ്വിക്ക് പകരം ശിവം ദുബെയെത്തി. അപ്പോഴും രാജസ്ഥാൻ ഒരു സമ്മർദ്ദവുമില്ലാതെ ലക്ഷ്യത്തിലേക്ക് ശാന്ത സുന്ദരമായി ബാറ്റ് വീശി.
സ്‌കോർ 85ൽ എത്തിയപ്പോൾ വരുൺ ചക്രവർത്തി ശിവം ദുബെയെ പ്രസിദ്ധ കൃഷ്ണയുടെ കയ്യിൽ എത്തിച്ചു. ബട്ലറെ വിക്കറ്റിന് മുന്നിൽ കുടുക്കിയതും ചക്രവർത്തി ആയിരുന്നു. പിന്നെ വന്നത് തെവാട്ടിയ ആയിരുന്നു, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴുമ്പോഴും രാജസ്‌ഥാൻ ലക്ഷ്യ ബോധത്തോടെ ഉറച്ചു നിന്നാണ് ബാറ്റ് വീശിയത്.