ചെന്നൈ സൂപ്പർ കിംഗ്സിനെ എതിരെയുള്ള പതിഞ്ഞ ബാറ്റിംഗ് സമീപനത്തിന് വിരേന്ദർ സെവാഗ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ (എസ്ആർഎച്ച്) ക്യാപ്റ്റൻ ഡേവിഡ് വാർണറെ രൂക്ഷമായി വിമർശിച്ചു. 55 പന്തിൽ 57 റൺസ് മാത്രം ആണ് അദ്ദേഹം നേടിയത്, ഇത് അദ്ദേഹത്തിന്റെ പതിവ് വിനാശകരമായ ബാറ്റിങ് ശൈലിയിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു.
പിച്ച് ബാറ്റിംഗ് ഫ്രണ്ട്‌ലി ആയതിനാൽ വാർണറുടെ സമീപനം തീർത്തും തെറ്റാണെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. 18.3 ഓവറിൽ ആണ് 172 റൺസ് ലക്ഷ്യമിട്ട ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റ് ജയം സ്വന്തമാക്കിയത്. റിതുരാജ് ഗെയ്ക്വാഡും ഫാഫ് ഡു പ്ലെസിസും തമ്മിലുള്ള 129 റൺസ് ഓപ്പണിംഗ് പാർട്ണർഷിപ്പ് ചൂണ്ടിക്കാട്ടി സെവാഗ് ഉദ്ധരിച്ചു.
വെറും 36 പന്തുകളിൽ നിന്നും മനീഷ് പാണ്ഡേക്ക് ഹാഫ് സെഞ്ച്വറി നേടാൻ കഴിഞ്ഞു എങ്കിൽ ഡേവിഡ് വാർണർ 55 പന്തിൽ നിന്നും 57 റൺസ് മാത്രം നേടിയത് വിമർശനം അർഹിക്കുന്നത് തന്നെയാണ് എന്നു അദ്ദേഹം പറഞ്ഞു. വാർണറിന്റെ ക്യാപ്റ്റൻസിയേയും സെവാഗ് ചോദ്യം ചെയ്തു. ഫോമിൽ എത്താൻ കഴിയാതെ വിഷമിക്കുന്ന വാർണറിന്റെ ചിന്താ ശേഷി പോലും തകർന്നു പോയത് പോലെയാണ് തോന്നുന്നത്.
ഇത് ടീമിന്റെ മൊത്തത്തിൽ ഉള്ള പ്രകടനത്തിനെ ബാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ശാന്തത കൈ വിടാതെ വ്യക്തവും ഉചിതവുമായ തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള കെയിൻ വില്യംസൻ ഉള്ളപ്പോൾ ക്യാപ്റ്റൻസി അദ്ദേഹത്തിനെ ഏൽപ്പിക്കുന്നതാകും ഉചിതം എന്നു കൂടി പറഞ്ഞു.