ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ സമൂലമായ മാറ്റങ്ങളും പേറിക്കൊണ്ടാണ് അടുത്ത സീസൺ ആരംഭിക്കുന്നത്. വിദേശ താരങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നു എന്നതാണ് വരുന്ന സീസണിലെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് എ എഫ് സി മാനദണ്ഡങ്ങൾ പരിഗണിച്ചുകൊണ്ടാണ് വിദേശികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത്.
സ്വദേശി താരങ്ങളെയും വളർന്നുവരുന്ന താരങ്ങളെയും തങ്ങളുടെ ക്യാമ്പിൽ എത്തിച്ചു കൊണ്ട് വളരെ നേരത്തെ തന്നെ ഈ മാറ്റത്തിനു പൊരുത്തപ്പെടാൻ തയ്യാറായിട്ടുള്ള അഞ്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം
ഇന്ത്യൻ യുവതാരങ്ങളെ കുറിച്ച് പറയുമ്പോൾ ഭൂരിഭാഗം ഐഎസ്എൽ പ്രേമികളുടെയും മനസ്സിൽ ഓടിയെത്തുന്നത് ഹൈദരാബാദ് എഫ് സി യുടെ ചിത്രം തന്നെയാണ് സ്വദേശി യുവതാരങ്ങളുടെ കരുത്തിനാൽ സമ്പന്നമാണ് ഹൈദരാബാദ്.
ആശിഷ് റായ്, അർഷദീപ് സിങ് മുഹമ്മദ് യാസർ, ആകാശ് മിശ്ര ലെൻ സന തുടങ്ങി നിരവധി യുവതാരങ്ങളെ ഇതിനോടകം തന്നെ ടീമിൽ എത്തിച്ചുകൊണ്ട് മാറ്റത്തിനു നേരത്തെ തയ്യാറെടുത്തു കഴിഞ്ഞു ക്ലബ്ബാണ് ഹൈദരാബാദ്.
വടക്കുകിഴക്കൻ മണ്ണിന്റെ കരുത്തുമായി എത്തുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വദേശി യുവതാരങ്ങളുടെ കരുത്തിന് സമ്പന്നമാണ്. അപ്പൂയിയായെയും, ലാലിങ് മാവിയായെയും നിമതൊങ്ബ മീട്ടയെയുംപോലെയുള്ള നിരവധി യുവതാരങ്ങൾ അവർക്ക് ഉണ്ട് നോർത്ത് ഈസ്റ്റിലെ വിവിധ അക്കാദമികളിൽ നിന്ന്
ഇനിയും കൂടുതൽ യുവതാരങ്ങളെ അവർ ടീമിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച പരിചയമുള്ള ഓവൻ കോയിൽ പരിശീലിപ്പിക്കുന്ന ജംഷഡ്പൂരും കരുതി തന്നെയാണ്. അവരുടെ യുവതാരങ്ങളുടെ ഇടയിൽ പ്രമുഖൻ ഫാറൂഖ് ചൗധരിയാണ് നരേന്ദർ ഗിൽഹോട്ട് ബോറിസ് സിഗ്, ജിതേന്ദ്ര സിംഗ് തുടങ്ങിയ നിരവധി താരങ്ങൾക്ക് പുറമേ ജംഷഡ് പൂർ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന നിരവധി യുവതാരങ്ങളെ കൂടി അവർ ടീമിലേക്ക് കൂട്ടിച്ചേർക്കാൻ പോവുകയാണ്.
കഴിഞ്ഞ കുറെ കാലങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും സ്ഥിരതയുള്ള ക്ലബ്ബാണ് ഗോവ. വിദേശ താരങ്ങളുടെ എണ്ണത്തിൽ പരിമിതികൾ വരുത്തുമ്പോഴും ഗോവയുടെ ശക്തിക്ക് ഒരു കുറവും വരുന്നില്ല എന്നത് തന്നെയാണ് അവരുടെ യുവതാര നിര സൂചിപ്പിക്കുന്നത് ഗ്ലാൻമാർട്ടിനസ്, അമർ ജിത്ത് സിംഗ്, ഇഷാൻ പണ്ഡിത, സനോൻ പെരേര, അലക്സാണ്ടർ റൊമാരിയോ ജെസുരാജ്, സേവിയർ ഗാമ, മഖാൻ ചോട്ടെ, പ്രിൻസ്റ്റൺ റബല്ലോ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഇന്ത്യൻ യുവ താരനിരയാണ് അവരുടെ ശക്തി.
കഴിഞ്ഞ സീസണിലെ വേദനിപ്പിക്കുന്ന ഓർമ്മകൾ മറക്കുവാൻ ഈ സീസണിൽ കരുത്തുറ്റ ഇന്ത്യൻ താരനിരയുമായാണ് ബംഗളൂരു എഫ്സി അണിനിരക്കാൻ പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ പയറ്റിത്തെളിഞ്ഞ പടക്കോപ്പുകൾ ആയ സുനിൽ ഛേത്രി, ഗുർപ്രീത് സിംഗ് സന്ധു ഉദാന്ത സിംഗ്, ആഷിക് കുരുണിയൻ സുരേഷ് സിംഗ് തുടങ്ങിയവർക്ക് പുറമേ യുവ രക്തങ്ങൾ ആയ ലിയോൺ അഗസ്റ്റിൻ നറാം റോഷൻ സിംഗ് ലാൽ റെൻഡിഗോ തുടങ്ങിയ യുവതാരങ്ങളും അവരുടെ കരുത്ത് വർദ്ധിപ്പിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള ക്ലബ്ബുകളും ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്യുന്നുണ്ടെങ്കിലും ഈ പറഞ്ഞ 5 ക്ലബ്ബുകളോട് കിടപിടിക്കുവാൻ മാത്രം ശേഷിയുള്ള സൈനുകൾ ഇതുവരെയും മറ്റാരും നടത്തിയിട്ടില്ല.