ആവേശം ക്ലബ്ബ് കമ്മ്യൂണിറ്റിയിൽ ധനേഷ് ദാമോദരൻ എഴുതുന്നു രവീന്ദ്ര ജഡേജ കുറിച്ചത് ചരിത്രം തന്നെയാണ്. ഇനി ജഡേജയുടെ സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം തന്നെയാണ്
അദ്ദേഹത്തെക്കാൾ വേഗത്തിൽ 2000 റൺസും 200 വിക്കറ്റും എന്ന ഡബിൾ തികച്ച 4 പേർ മാത്രമേ ഉള്ളൂ എന്നതിനപ്പുറം ആ ലിസ്റ്റിലെ മറ്റുള്ളവരുടെ പേരുകളാണ് ഞെട്ടിപ്പിക്കുന്നത്.
ഇയാൻ ബോതം ,കപിൽദേവ് ,ഇമ്രാൻ ഖാൻ എന്നിവർ എന്തു കൊണ്ടാണ് ഓൾറൗണ്ടർമാരിലെ ഏറ്റവും മികച്ചവർ എന്നതിനുത്തരം ഈ ചിത്രം തരും.

തൊട്ടു പിന്നാലെ രവിചന്ദ്രൻ അശ്വിൻ എന്ന പേര് കേൾക്കുമ്പോൾ പലർക്കും ഈ സ്റ്റാറ്റ്സ് തെറ്റാണോ എന്ന് പോലും തോന്നിയേക്കാം. ഈ ലിസ്റ്റിലെ ഒരു സർപ്രൈസ് താരം അശ്വിൻ തന്നെയാണ്. കപിലിനേക്കാൾ ഒരു ടെസ്റ്റ് മാത്രം അധികം കളിച്ച് ഈ നേട്ടത്തിലെത്തിയ അശ്വിൻ വാഴ്ത്തപ്പെടാത്തവൻ തന്നെ.
ആദ്യ 3 പേരും ലോകോത്തര പേസ് ബൗളർമാരാകുമ്പോൾ പിന്നാലെ വരുന്നത് ലോക ക്രിക്കറ്റിലെ സമകാലിക സ്പിന്നർമാരിലെ ഏറ്റവും മികച്ചവരും.
ലിസ്റ്റിലെ 5 ൽ 3 പേരും ഇന്ത്യക്കാരാണെന്നത് മറ്റൊരു വിശേഷം.

ഏറ്റവും രസകരം ആദ്യ 3 പേർ ഒരൊറ്റ ടെസ്റ്റിൽ പോലും മാറ്റി നിർത്തപ്പെടാത്തവരാകുമ്പോൾ അശ്വിനും ജഡേജക്കും ചില സന്ദർഭങ്ങളിലെങ്കിലും ടീമിൽ നിന്നും മാറ്റി നിർത്തപ്പെടുന്നവരാണെന്നതാണ്.
കരിയർ അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ ജോഡികളുടെ സമ്പാദ്യം എത്ര വരും എന്ന് കാത്തിരുന്നു കാണാം.