അവൻ വരുന്നു ബൊറൂസിയ ഡോർട്മുണ്ടിന്റെ കറുപ്പും മഞ്ഞയും കലർന്ന ജേഴ്സിയിൽ നിന്നും ചെകുത്താന്മാരുടെ ചോരയുടെ മണമുള്ള ചുകപ്പൻ ജേഴ്സിയിലേക്ക്. ഡോർട് മുണ്ട് ആവശ്യപ്പെട്ട 90 മില്യനും കൊടുക്കാൻ യുണൈറ്റഡ് തയ്യാറായതോടെയാണ് ഏറെ നാളായി ചെകുത്താൻ ആരാധകർ ഊണിലും ഉറക്കത്തിലും കൊണ്ട് നടക്കുന്ന സൈനിങ് യാഥാർഥ്യമായത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.
പോയ കാലത്തിലെന്നോ നഷ്ടപ്പെട്ട കിരീട പ്രതീക്ഷകൾക്ക് ചിറകു മുളപ്പിക്കാൻ അവൻ അവതരിച്ചു ഓൾഡ് ട്രാഫൊർഡിന്റെ പച്ച പരവതാനിയിലേക്ക്. ബൊറൂസിയ ഡോർട്മുണ്ടിൽ മിന്നി തിളങ്ങിയ സീസണുകൾക്ക് ശേഷം വെയ്ൻ റൂണിയും ഡേവിഡ് ബെക്കാമും പോൾ സ്കോൾസും ഒഴിച്ച് വച്ച വിടവ് നികത്താൻ ജെയ്ഡൻ സാഞ്ചോ മാഞ്ചെസ്റ്റെർ യുണൈറ്റഡിലേക്ക്.
ചെകുത്താൻ കോട്ടക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ജെയ്ഡൻ സാഞ്ചോയെ പോലുള്ള ഒരു ക്രീയേറ്റീവിന്റെ വരവ് യുണൈറ്റഡിന് എന്തു കൊണ്ടും ഗുണം ചെയ്യും. വെയ്ൻ റൂണിയും ബെക്കാമും അഴിച്ചു വെച്ച ചെങ്കോലും കിരീടവും ഇംഗ്ലണ്ടിന്റെ മാനസ പുത്രന് തീർത്തും ഇണങും.
ഏർലിങ് ഹാലാൻഡ് എന്ന അത്ഭുത പ്രതിഭ നേടിയ പല ഗോളുകൾക്ക് പിറകിലെയും മാസ്റ്റർ അസിസ്റ്റുകൾ സാഞ്ചോയുടെ സംഭാവനയാണ്.കഴിഞ്ഞ സീസണിൽ 34 ബുൻഡിസ്‌ലീഗ് മത്സരത്തിൽ നിന്നുമായി 17ഗോളുകളും 16അസിസ്റ്റുകളുമായി സാഞ്ചോ മിന്നിത്തിളങ്ങിയിരുന്നു.അവിടെ ഹാലാൻഡുമായി സാഞ്ചോ ഉണ്ടാക്കിയ കൂട്ടുകെട്ട് ഒരു കവിതപോൽ മനോഹരവും അണുബോമ്പുപോലെ സ്പോടനാത്മകവും ആയിരുന്നു.ഇടതു വിങ്ങിലും വലതു വിങ്ങിലും ഒരുപോലെ തിളങ്ങാനാകുന്ന സാഞ്ചോക്ക് ചെകുത്താൻപടയിൽ ഗ്രീൻവുഡ്,റാഷ്‌ഫോർഡ് എന്നിവരുമായി മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കി മുന്നേറാൻ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ബ്രൂണോ ഫെർണാഡ്‌സിനെ പോലെ ഒരു രക്ഷകന്റെ പരിവേഷവുമായിട്ടാണ് സാഞ്ചോയുടെയും വരവ്. ഗതകാല പ്രൗഢിയിൽ അഭിരമിച്ചിരിക്കുന്ന ആരാധക കൂട്ടങ്ങളുടെ ആർപ്പുവിളികളിൽ ഇനി ജെയ്ഡൻ സാഞ്ചോയും ഉണ്ടാകും എന്ന് തീർച്ച അവന്റെ നാമവും ഇനി ഓൾഡ് ട്രാഫൊർഡിനെ പ്രകമ്പനം കൊള്ളിക്കും.
സർ അലക്സ് ഫെർഗുസൺ എഴുതി തിട്ടപ്പെടുത്തിയ വരികളിൽ എന്നോ നഷ്ട്ടപ്പെട്ട താളo വീണ്ടെടുക്കാൻ ജെയ്ഡൻ സാഞ്ചോയുടെ മാഞ്ചെസ്റ്റെർ പ്രവേശനത്തിനാകും എന്ന കണക്കു കൂട്ടലിൽ ആയിരുന്നു കഴിഞ്ഞ രണ്ടു വർഷമായി ചെകുത്താന്മാരുടെ ഊർജസ്വലരായ ആരാധക വൃദ്ധം. ആ പ്രതീക്ഷകൾക്ക് സ്വർണ ചിറകു മുളപ്പിച്ചു എതിരാളികളുടെ കോട്ടകൊത്തളങ്ങൾ തകർത്തു മുന്നേറാനാകുമെന്ന ഉറച്ച വിശ്വാസവുമായി ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കൊപ്പം ആവേശം ക്ലബും സംഘവും.
Welcome Sancho