in ,

കൊലയാളി ബാറ്റ്‌സ്മാൻ എന്ന ലേബലിൽ മുങ്ങിപ്പോയ അണ്ടർ റേറ്റഡ് ബോളർ

Jayasurya

ഏകദിന ക്രിക്കറ്റിൽ 10,000 റൺസും 300 വിക്കറ്റും 100 ക്യാച്ചും എടുത്ത താരം ആരാണെന്നു ചോദിച്ചാൽ പലരും അതിന്റെ യഥാർത്ഥ ഉടമയെ പറയാറില്ല. പക്ഷെ ഒന്നുറപ്പാണ് ആ ഒരു നേട്ടം കൈവരിച്ച ആൾ ചില്ലറക്കാരനാകില്ല .ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും മികവ് മാത്രം പുലർത്തുന്ന ഒരൾക്ക് മാത്രമേ അത് സാധിക്കൂ .മാത്രം പോരാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു പാട് വർഷം കളിക്കാനുള്ള കായിക ക്ഷമത കുടി അങ്ങനെ ഒരാൾക്ക് ഉണ്ടായിരിക്കണം .

ഏതായാലും അങ്ങനെ ഒരാൾ ,ഒരാൾ മാത്രമേ ലോക ക്രിക്കറ്റിലുള്ളൂ .പക്ഷെ അദ്ദേഹമാകട്ടെ ഏകദിന ക്രിക്കറ്റിൽ ബൗളിങ് മികവ് ഉണ്ടായിട്ടും ബാറ്റിങ്ങ് വിപ്ലവം ഉണ്ടാക്കിയതിന്റെ പേരിലാണ് അറിയപ്പെടുന്നത് .അതിന് ക്രിക്കറ്റ് ആരാധകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .കാരണം അയാൾ ബാറ്റ് കൊണ്ട് ലോക ക്രിക്കറ്റിൽ വിപ്ലവം രചിച്ച ആളാണ് .1996 ലോകകപ്പിൽ ലങ്കയെ ഒരു സ്വപ്ന വിജയങ്ങളിലൂടെ കിരീടം ചൂടിച്ച് ,ലോക ക്രിക്കറ്റിൽ ബൗളർമാരുടെ കൊലയാളി ആയി മാറിയ സനത് ജയസൂര്യ തന്നെയാണ് ഏകദിന ചരിത്രത്തിൽ 12000 റൺസും 300 വിക്കറ്റും തികച്ച ഒരേയൊരാളും .

ശ്രീലങ്കയുടേതെന്നല്ല ,ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടറായ ജയസൂര്യ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തകർപ്പൻ ബാറ്റിങ് കാഴ്ച വെച്ചിരുന്നെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ കരിയറിലെ ആദ്യ കാലങ്ങളിൽ വാലറ്റത്താണ് ബാറ്റ് ചെയ്തിരുന്നത് .അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെ മിന്നലാട്ടങ്ങൾ കണ്ടെത്തിയ രണതുംഗെ യാ ണ് ലോകകപ്പിൽ അദ്ദേഹത്തെ ഓപ്പണർ ആക്കി ഒരു ചൂതാട്ടത്തിന് മുതിർന്നത് .അതാകട്ടെ ലോക ക്രിക്കറ്റിന് ഒരു പുതിയ ചാംപ്യൻ ടീമിനെ മാത്രമല്ല സമ്മാനിച്ചത് ചാംപ്യൻ ഓപ്പണറെ കൂടി ആയിരുന്നു .

കരിയറിലെ ആദ്യ നാളുകളിൽ ഒരു ബൗളർ എന്ന നിലയിൽ ടീമിൽ തുടർന്ന ഈ ഇടങ്കയ്യൻ വളരെ വേഗത്തിൽ ഓവറുകൾ എറിഞ്ഞു തീർക്കുന്നതിൽ വളരെ വിദഗ്ദനായിരുന്നു .സ്പിന്നർ ആണെങ്കിലും ക്വിക്ക് ആക്ഷനിലൂടെ വളരെ വേഗമേറിയ പന്തുകളും യോർക്കറുകളും അദ്ദേഹത്തിന് ഒരു പാട് വിക്കറ്റുകൾ സമ്മാനിച്ചിരുന്നു .

1993 മാർച്ച് 20 ന് ശ്രീലങ്കയിലെ മൊട്ടാരയിൽ ഇംഗ്ലണ്ടിനെതിരെ വളരെ സവിശേഷമായ ഒരു റെക്കോർഡ് ബൗളിങ് പ്രകടനമാണ് ജയസുര്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത് .

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിങ്സ് തകർന്നു വീണു .36 റൺസെടുത്ത ഗ്രേയിം ഹിക്കും 31 റൺസെടുത്ത റോബിൻ സ്മിത്തിനും മാത്രമാണ് എന്തെങ്കിലും ചെയ്യാൻ പറ്റിയത് .

സ്മിത്ത് ,ഫെയർ ബ്രദർ ,റീവ് ,എംബുറി, ജാർവിസ് ,ടെയ്ലർ എന്നിവരെ പുറത്താക്കിയ ജയസുര്യ ആദ്യമായി 6 വിക്കറ്റ് വീഴ്ത്തിയ ലങ്കൻ എന്ന റെക്കോർഡ് സ്വന്തം പേരിൽ എഴുതി ചേർത്തു .

9.5 -0 -29-6

2000 ത്തിൽ മുരളീധരൻ ഇന്ത്യക്കെതിരെ 30/7 പ്രകടനം നടത്തുന്നതു വരെ ഒരു ശ്രീലങ്കക്കാരന്റെ ഏകദിന റെക്കോർഡ്

അന്ന് ശ്രീലങ്കക്കു വേണ്ടി ജയസൂര്യ അടക്കം പന്തറിഞ്ഞത് 8 പേർ ആയിരുന്നു .രാമനായകെ ,വിക്രമസിംഗെ ,ഗുരുസിംഗെ ,ഹതുര സിംഗെ ,കൽപഗ, ഡിസിൽവ ,തിലകരത്ന എന്നിവർ .ആ ബൗളിങ് നിര തന്നെ പറയും അക്കാലത്തെ ലങ്കയുടെ ദയനീയമായ അവസ്ഥ .7 മ നായി ബാറ്റിങ്ങിനിറങ്ങുന്ന ജയസൂര്യ ആയിരുന്നു അവരുടെ പ്രധാന ബൗളർ .

181 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്ക വെറും 35 ഓവറിൽ ലക്ഷ്യം കണ്ടു .68 പന്തിൽ 4 സിക്സർ അടക്കം അരവിന്ദ ഡിസിൽവ അടിച്ചു കൂട്ടിയത് 75 റൺസ് .

രസകരമെന്നു പറയട്ടെ ഇംഗ്ലണ്ടിന് വേണ്ടി പന്തെറിഞ്ഞത് 7 പേർ .അതായത് കീപ്പർമാരല്ലാത്ത 20 പേരിൽ 15 പേരും ആ മത്സരത്തിൽ പന്തെറിഞ്ഞു.

ആ മത്സരത്തിലെ കളിയിലെ കേമൻ ജയസൂര്യ തന്നെയായിരുന്നു .

തുടർന്നും ജയസൂര്യയുടെ മികച്ച ബൗളിങ് പ്രകടനങ്ങൾ ലോകം കണ്ടു .അതിൽ മറക്കാൻ പറ്റാത്തതായിരുന്നു 1996 ലോകകപ്പ് സെമിയിൽ ഇന്ത്യയെ വീഴ്ത്തിയ പ്രകടനം .അന്ന് സച്ചിനെ ഇന്ത്യയെ കണ്ണീര് കുടിപ്പിച്ച ജയസൂര്യ യുടെ സ്പെൽ ആണ് ഇന്ത്യയെ തകർത്തത് .7 ഓവറിൽ 12 റൺ മാത്രം വഴങ്ങി വീഴ്ത്തിയത് 3 പ്രധാന വിക്കറ്റുകളായിരുന്നു .

ആ ലോകകപ്പിൽ 221 റൺസും 6 വിക്കറ്റുകളും നേടിയതോടെയാണ് ക്രിക്കറ്റ് ലോകം ജയസൂര്യയിലേക്കൊതുങ്ങാൻ തുടങ്ങിയത് .

2001 / 02 ൽ സിംബാബ് വെക്കെതിരെ ഒരു ടെസ്റ്റിൽ രണ്ടിന്നിങ്സിലുമായി 74 റൺസിന് 9 വിക്കറ്റ് വീഴ്ത്തിയ ചരിത്രവുമുണ്ട് ജയസൂര്യക്ക് .

2003 ലോകകപ്പിൽ മാത്രമായി 10 വിക്കറ്റുകൾ എടുത്ത ജയസുര്യക്ക് ആകെ 27 ലോകകപ്പ് വിക്കറ്റുകൾ ഉണ്ട് .
4 തവണ ഏകദിനത്തിൽ 150 + നൊപ്പം തന്നെ 4 തവണ 5 വിക്കറ്റ് നേട്ടവും മറ്റാർക്കുമില്ല .

445 മാച്ചിൽ 323 വിക്കറ്റുകൾ വീഴ്ത്തിയ ജയസൂര്യക്ക് ഷെയ്ൻ വോണിനെക്കാൾ വിക്കറ്റ് ഉണ്ടെന്നത് മറ്റൊരു കൗതുകം .

ഇന്ത്യയുടെ ആദ്യ പിങ്ക് ടെസ്റ്റിന് തൊട്ടു മുൻപ് ജയസുര്യയുടെ അക്ഷൻ അനുകരിച്ച് രവിചന്ദ്രൻ അശ്വിൻ പ്രാക്ടീസ് നടത്തിയത് കുറച്ചു ദിവസം വാർത്തകളിൽ നിറങ്ങിരുന്നു .

“മട്ടാരയിലെ ഈ കൊലയാളി” ക്ക് ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും കൊല നടത്തി ശീലമുണ്ടെന്നത് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തെളിയിച്ചിട്ടുണ്ട് .

സ്വീഡനെ എക്സ്ട്രാ ടൈമിൽ മുട്ട് കുത്തിച്ച ഉക്രൈൻ വീരഗാഥ

ഇന്ത്യൻ സൂപ്പർ ലീഗ്- പുതിയൊരു പതിപ്പു കൂടി വരുന്നു