ഇന്ത്യൻ സൂപ്പർ ലീഗ് അതിൻറെ പടിവാതിൽക്കൽ നിൽക്കുമ്പോൾ ടീമുകൾ തമ്മിൽ പരസ്പരം സന്നാഹ മത്സരങ്ങൾ കളിക്കുന്നുണ്ട്. കേരളബ്ലാസ്റ്റേഴ്സ് ഇതുവരെയുള്ള ആദ്യ രണ്ട് മത്സരങ്ങളിൽ കരുത്തരായ എതിരാളിക്കെതിരെ വിജയം നേടിയിരുന്നു ഇന്നു നടന്ന മത്സരത്തിൽ അവർ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടു.
എന്നാൽ നിലവിൽ അവർ ഈ തോൽവിയിൽ നിരാശരാകേണ്ട കാര്യമില്ല അവർക്ക് ഇതും ഒരു പാഠം തന്നെയാണ്. കരുത്തരായ എതിരാളികൾക്കെതിരെ ആദ്യ രണ്ടു മത്സരം വിജയിച്ചപ്പോൾ, വിജയ ലഹരിയിൽ താരങ്ങളെ അമിത ആത്മവിശ്വാസം ബാധിക്കുമോ എന്ന് ആരാധകർ പോലും സംശയിച്ചിരുന്നു. മികച്ച തുടക്കം കിട്ടിയിട്ടും പതറി വീഴുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സ്ഥിരം കാഴ്ചയാണ്, കഴിഞ്ഞ കുറച്ച് കാലങ്ങളായി.
അമിത ആത്മവിശ്വാസത്തിന്റെ മായിക ലോകത്തു നിന്നും യാഥാർഥ്യത്തിന്റെ ഭൂമിയിലേക്ക് ഇറങ്ങി വരുവാൻ ഈ തോൽവി കേരളബ്ലാസ്റ്റേഴ്സ് താരങ്ങളെയും പരിശീലകരെയും ആരാധകരെയും വരെ പ്രേരിപ്പിക്കും. ജംഷഡ്പൂർ എഫ് സിക്ക് എതിരെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. തങ്ങളുടെ ആയുധങ്ങൾക്ക് മൂർച്ച പോര എന്ന് ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് മനസ്സിലാക്കുവാൻ ഈ തോൽവി പര്യാപ്തമാണ്.
ഇന്നത്തെ തോൽവി ബ്ലാസ്റ്റേഴ്സ് നിരയുടെ ദൗർബല്യം വെളിപ്പെടുത്തിയപ്പോൾ ആദ്യരണ്ടു മത്സരങ്ങളുടെ മത്സരഫലം എതിരാളികൾക്ക് ശക്തമായ ഒരു മുന്നറിയിപ്പ് തന്നെയാണ്. അതിശക്തരായ എതിരാളികളെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് രണ്ടുതവണ മുട്ടുകുത്തിച്ചത്. ഇന്നത്തെ തോൽവിയിൽ നിന്ന് പാഠങ്ങൾ പഠിച്ചു പിഴവുകൾ പരിഹരിച്ച് മുന്നേറിയാൽ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തകർക്കും.
പൂർണ്ണമായ ആരോഗ്യം വീണ്ടെടുത്ത് വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള ടീം ഇന്ത്യൻ സൂപ്പർ ലീഗ് എന്ന യാഥാർത്ഥ്യത്തിലേക്ക് കടക്കുമ്പോൾ, ഇതുവരെ പഠിച്ച പാഠങ്ങൾ എല്ലാം കളിക്കളത്തിൽ പ്രകടിപ്പിക്കും എന്ന് തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത് അക്ഷരാർത്ഥത്തിൽ ഈ തോൽവി ഒരു തിരിച്ചടിയല്ല പകരം അത് ഒരു പാഠമാണ് ഇനിയുള്ള വിജയങ്ങൾക്കുള്ള ഇന്ധനം കൂടിയാണ് അത്