എപ്പോഴോ അവസാനിച്ചെന്ന് കരുതിയൊരു ചെയ്‌സിന്, ഡേവിഡ് മില്ലർ പുതു ജീവൻ നൽകിയൊരു ദിനമുണ്ട് ഓർമ്മയിൽ,ഐപിൽ ചരിത്രത്തിലെ തന്നെ മികച്ച ആദ്യ 5 ഇന്നിങ്‌സുകളിൽ നിസംശയം കടന്നു ചെന്നേക്കാവുന്ന 38ബോളിലെ 101 റൻസുകൾ ,ക്ലീൻ ഹിറ്റിങ്ങിന്റെ സുന്ദരത മൊഹാലിയെ കീഴടക്കിയൊരു രാത്രി……..
ആ ആർക്കിൽ വന്നു വീഴുന്ന പന്തുകൾ പാർക്കിൽ വിശ്രമിക്കേണ്ടി വരുമെന്ന് നിർത്താതെ കളി പറച്ചിലുകാർ മൊഴിഞ്ഞൊരു ദിനം ,190 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന പഞ്ചാബ് 10 ഓവറിൽ 64/4 എന്ന നിലയിലേക്ക് തകരുകയാണ്.
ഒരു ഈസി വിജയം പ്രതീക്ഷിക്കുന്ന ബാംഗ്ലൂരിനെയും അവരുടെ ആരാധകരേയും ഞെട്ടിച്ചു കൊണ്ട് 18 ഓവറിൽ കളി തീർത്തയാൾ നടന്നു നീങ്ങിയപ്പോൾ ആ പേരിനൊപ്പം കില്ലർ എന്നൊരു വിശേഷണം ചേർത്ത് നൽകുകയാണ് ക്രിക്കറ്റ് ലോകം.
ക്രീസിലേക്കിറങ്ങിയ ആ നിമിഷം മുതൽ 12 എന്ന റിക്വയേഡ് റൺ റേറ്റ് സ്‌ക്രീനിലൂടെ മിന്നി മായുമ്പോൾ ആക്രമണമല്ലാതെ മറ്റൊരു വഴിയും അയാൾക്ക് മുന്നിലില്ലായിരുന്നു അവിടെ രാജഗോപാൽ സതീഷിനെയും ഒപ്പം ചേർത്തയാൾ പോരിനിറങ്ങുകയാണ് ,ഹെൻറിക്കൊസിന്റെ ഒരു ലൂസ് ബോൾ ബൗണ്ടറിയിലേക്ക് പായിച്ചുള്ളൊരു തുടക്കം.
മുരളി കാർത്തിക്കിനെ സൈറ്റ് സ്ക്രീനിന് മുകളിലൂടെ സിക്സറിന് പറത്തി ചൂട് പിടിക്കുന്നൊരു ഇന്നിംഗ്സ് ,അവിടെ അയാളെ മുളയിലേ നുള്ളി കളയാനുള്ളൊരവസരം കോഹ്ലി എക്സ്ട്രാ കവറിൽ നഷ്ടപെടുത്തിയപ്പോൾ പിന്നങ്ങോട്ട് ചിത്രത്തിൽ മില്ലർ മാത്രമായിരുന്നു.
ഒരു തുള്ളി വിയർപ്പ് പോലും പൊടിക്കാതെ മനോഹരമായ ടൈമിങ്ങിന്റെ സഹായത്താൽ സ്റ്റാൻഡ്‌സിലേക്ക് പറക്കുന്ന ബോളുകൾ ,ആർ പി സിങ്ങിനെ ക്രൂരമായി പ്രഹരിച്ചുകൊണ്ട് 15ആം ഓവറിൽ കളിയെ അയാളുടെ വരുതിയിലേക്കാകുമ്പോൾ അവിടെ പിറക്കുന്നത് 26 റൻസുകളാണ്…
വെയ്റ്റ് ഫ്രണ്ട് ഫൂട്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു ലെഗ് സൈഡിലേക്ക് മാനത്തെ ചുംബിച്ചു പോയ ആ ഓവറിലെ രണ്ടു ബോളുകൾ ഇന്നും ഇങ്ങനെ മനസ്സിൽ തെളിയുന്നുണ്ട്.
എതിർ ബോളേഴ്‌സ് ആവനാഴിയിലെ എല്ലാ അടവുകളും പയറ്റുമ്പോഴും അവിടെ ഒരു മോശം ഷോട്ടിന് അവസരം കൊടുക്കാതെ 38 ബോളിൽ സെഞ്ചുറി നേടി ഗെയ്‌ലിനെ 18ആം ഓവറിൽ ലോങ്ങ് ഓൺ സ്റ്റാൻഡ്‌സിലേക്ക് അടിച്ചകറ്റി മില്ലർ നടന്നു നീങ്ങുമ്പോൾ.
ആ ഫിനിഷർ എന്ന പദത്തിനോട് അയാൾ നീതി പുലർത്തുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയാവുകയായിരുന്നു Miller 101*(38 )vs RCB…