ഗോവൻ മണ്ണിൽ നിന്നും ബ്ലാസ്റ്റേഴ്‌സിന് കിട്ടിയ റഫ് ഡയമണ്ട് ആയിരുന്നു ജെസ്സെൽ കാർനെയ്റോ. ജെസ്സെലിന് പിന്നാലെ പുതിയ ഒരു ഗോവൻ താരത്തിനെ കൂടി സ്വന്തം മണ്ണിൽ എത്തിക്കുവാൻ ബ്ലാസ്റ്റേഴ്‌സ് കോപ്പ് കൂട്ടുന്നു. വാസ്‌കോ എസ്‌സിയിൽ നിന്ന് അനിൽ ഗായോങ്കർ എന്ന വിങ്ങറിനെ വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ആണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കുന്നത്.
കഴിഞ്ഞ ഗോവൻ പ്രോ ലീഗിൽ അവരുടെ കുന്ത മുന ആയിരുന്നു അനിൽ. ഒരു ദീർഘകാല കരാറിൽ യുവ താരത്തിനെ ടീമിൽ എത്തിക്കുവാൻ ആണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ സീസണിലെ നിരാശജനമായ പ്രകടനം ആരാധകർക്കിടയിൽ വലിയ തോതിലുള്ള അസംതൃപ്തി സൃഷ്ടിച്ചിരുന്നു. തുടർന്ന് മുൻ പരിശീലകൻ കിബു വിക്കൂന ടീം ഉപക്ഷിച്ചു പോവുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷയോടെ ആയിരുന്നു സ്പോർട്ടിങ് ഡയറക്‌ടർ കരോളിൻസ് സ്പെയിനിൽ നിന്നും വണ്ടർ വിക്കൂന എന്ന ഖ്യാതിയോടെ ഇന്ത്യൻ മണ്ണിൽ കാലു കുത്തിയ സ്പാനിഷ് പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലേക്ക് ആനയിച്ചത്. പക്ഷേ ഫലം പതിവ് പോലെ നിരാശ മാത്രം ആയിരുന്നു.
എല്ലാ തവണയും പ്രതീക്ഷകളുടെ ഭാരവും പേറി എത്തുന്ന ബ്ലാസ്റ്റേഴ്‌സ് നിരാശരായാണ് മടങ്ങുന്നത്. ഇന്ത്യൻ മണ്ണിൽ തന്റെ ആദ്യ ഉദ്യമത്തിൽ പരാജയപ്പെട്ടത് കൊണ്ട് ഏത് വിധേനയും സ്വന്തം പ്രതിച്ഛായ തിരിച്ചു പിടിക്കുവാൻ വേണ്ടി സ്പോർട്ടിങ് ഡയറക്ടർ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്.
അതിനായി സെർബിയൻ പരിശീലകൻ ഇവാൻ വുക്കോമാനോവിച്ചിനെ സ്വന്തം കൂടാരത്തിൽ എത്തിച്ചതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് ഡക്കൻ നാസോൺ എന്ന അവരുടെ പഴയ പവർ ഹൗസിനെ തിരികെയെത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുന്ന സ്കിങ്കിസ് കോവിഡ് പ്രതിസന്ധി മൂലം എല്ലാവരും നട്ടം തിരിയുന്ന സമയത്ത് പോലും മൂന്ന് വിദേശ രാജ്യങ്ങളിലായി വിപുലമായ പ്രീ സീസൺ പരിശീലന പരിപാടികൾ ആണ് ആസൂത്രണം ചെയ്യുന്നത്.
പരമാവധി നാലു വിദേശ താരങ്ങളെ മാത്രമേ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന നിയന്ത്രണം മറി കടക്കുവാനായി ആണ് ഇന്ത്യൻ താരങ്ങളിലേക്ക് ബ്ലാസ്റ്റേഴ്‌സ് കണ്ണു വയ്ക്കുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് അനിലിനെ സ്വന്തം കൂടാരത്തിൽ എത്തിക്കുന്നതും