ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോലിയെ നീക്കം ചെയ്ത തീരുമാനം ചെറുതല്ലാത്ത കോലിളക്കമാണ് ഇന്ത്യൻ ക്രിക്കറ്റിൽ സൃഷ്ടിച്ചത്. ആരാധകരിലെ വലിയൊരു വിഭാഗം ആ തീരുമാനത്തിനെ എതിർത്ത് ബിസിസിഐക്ക് എതിരെ തിരിഞ്ഞിരുന്നു. ട്വിറ്റർ ഉൾപടെയുള്ള സോഷ്യല്‍ മീഡിയ മാധ്യമങ്ങളിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്കെതിരെ വരെ ക്യാംപൈനുകൾ നടന്നു. അതിന് പിന്നാലെ സൗരവ് ഗാംഗുലി തന്നെ വിശദീകരണവുമായി എത്തി – തങ്ങളുടെ ഭാഗത്തെ ന്യായം വിവരിച്ചപ്പോൾ ഒരു വിഭാഗം അത് ശരിവച്ചു.
ടിട്വന്റി ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാൻ കോലി തീരുമാനിച്ചപ്പോൾ അത് ചെയ്യരുത് എന്ന് താൻ വ്യക്തിപരമായി കോലിയോട് ആവശ്യപ്പെട്ടു എന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്. പക്ഷേ കോലി അത് ചെവിക്കൊണ്ടില്ല, അതിന് പിന്നാലെ ടിട്വന്റിയിലും ഏകദിനത്തിലും ഒരു ക്യാപ്റ്റൻ മതി എന്ന് സെലക്ടേർസ് തീരുമാനിച്ചതോടെയാണ് കോലിയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത് എന്നാണ് ഗാംഗുലി വാദിച്ചത്. എന്നാൽ ഇത് തീർത്തും പൊള്ളയായ വാദം ആയിരുന്നു എന്ന് ഇന്ന് കോലിയുടെ പ്രസ് മീറ്റിൽ നിന്ന് വ്യക്തമാവുകയാണ്.
ടിട്വന്റി ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ഒരു ബിസിസിഐ ഒഫിഷ്യലും തന്നോട് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് കോലി വ്യക്തമാക്കുന്നത്. അത് മാത്രമല്ല ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കുന്ന വിവരം ഡിസംബര്‍ എട്ടിന് ടെസ്റ്റ് പരമ്പരക്കുള്ള ടീം പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് മാത്രമാണ് അറിയിച്ചത് എന്നും കോലി പറയുന്നു. അന്ന് മീറ്റിങിനൊടുവിൽ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കുന്നതായി അറയിച്ചു എന്നും എനിക്ക് അതിൽ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല എന്നും കോലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വാർത്തയായ മറ്റൊരു കാര്യമാണ് സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ നിന്നും കോലി വിട്ടു നിൽക്കും എന്നത്, പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്ത ഈ വാർത്ത അടിസ്ഥാന രഹിതം ആണെന്ന് കോലി വ്യക്തമാക്കി. ‘സൗത്ത് ആഫ്രിക്കൻ ഏകദിന പരമ്പരയിൽ ഞാൻ ഉണ്ടാവും, ഞാൻ എപ്പോഴും അവൈലബിൾ ആയിരുന്നു ‘ എന്ന് കോലി പറഞ്ഞു. ചോദ്യങ്ങൾ ഇത്തരം വാർത്തകൾ എഴുതിവിടുന്നവരോടാണ് ചോദിക്കേണ്ടത് എന്നും, ഇത്തരം വാർത്തകൾ എഴുതുന്ന എല്ലാവരും വിശ്വാസയോഗ്യർ ആവണമെന്നില്ല എന്നും കോലി അഭിപ്രായപ്പെട്ടു.
‘ രോഹിത് ശർമ മികച്ച ക്യാപ്റ്റനാണ്, ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിക്കാൻ രോഹിതിനും രാഹുൽ ഭായിക്കും ഒപ്പം ഞാനും ഉണ്ടാവും’ എന്നും, താനും രോഹിതുമായി യാതൊരു പ്രശ്നവുമില്ല എന്നും കോലി വ്യക്തമാക്കി, ‘കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഇത് തന്നെയാണ് പറയുന്നത്’ – ഒപ്പം ടെസ്റ്റ് പരമ്പരയിൽ രോഹിതിന്റെ അഭാവം ടീമിന് നഷ്ടമാണ് എന്നും കോലി പറഞ്ഞു. പരിശീലനത്തിനിടെ പരിക്കേറ്റ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിതിന് സൗത്ത് ആഫ്രിക്കയിലെ ടെസ്റ്റ് പരമ്പര പൂർണമായും നഷ്ടമാവും.