കൊൽക്കത്തയ്ക്ക് മൂന്നാം കിരീടവും സമ്മാനിച്ച് ഐപിഎൽ പരിശീലകരിൽ ‘ഗോട്ട്’ ആയി മാറിയിരിക്കുകയാണ് ഗൗതം ഗംഭീർ. എന്നാൽ കിരീട നേട്ടത്തിലും ഗംഭീറിനെ ധർമസങ്കടത്തിലാക്കിയിരിക്കുകയാണ് കെകെആർ ഉടമ ഷാരൂഖ് ഖാന്റെ ബ്ലാങ്ക് ചെക്ക്.
ഇന്ത്യൻ പരിശീലകനാവാൻ ബിസിസിഐ ഗംഭീറിനെ സമീപിച്ചതാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം നടന്ന ചെന്നൈയിലെ ഫൈനൽ പോരാട്ടത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായും മറ്റ് ബിസിസിഐ ഭാരവാഹികളും എത്തിയിരുന്നു. ഇവർ ചെന്നൈയിൽ ഗംഭീറുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഗംഭീറിന് ഇന്ത്യന്‍ കോച്ചാവാൻ താൽപര്യമുണ്ടെങ്കിലുംകൊല്‍ക്കത്ത ടീം ഉടമ ഷാരൂഖ് ഖാന്‍റെ സമ്മർദ്ദം ഗംഭീറിനെ ധർമസങ്കടത്തിലാക്കുന്നുണ്ട്. അടുത്ത 10 വര്‍ഷത്തേക്ക് ഗംഭീര്‍ കൊല്‍ക്കത്തക്ക് ഒപ്പം വേണമെന്നും ഇതിനായി ബ്ലാങ്ക് ചെക്ക് നല്‍കാമെന്നും ഷാരൂഖ് ഗംഭീറിന് മുന്നില്‍ വാഗ്ദാനം ചെയ്തുവെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലാങ്ക് ചെക്ക് എന്നത് കൊണ്ട് ഗംഭീർ ഉദ്ദേശിക്കുന്ന പ്രതിഫലം നല്കാമെന്നായിരിക്കാം റിപ്പോർട്ടിൽ ഉദ്ദേശിക്കുന്നത്.
ഗംഭീറും ഷാരൂഖും തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്. ഷാരൂഖ് ഖാന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ലഖ്നൗ മെന്‍ററായിരുന്ന ഗംഭീര്‍ ഇത്തവണ കൊല്‍ക്കത്ത ഉപദേഷ്ടാവായി തിരിച്ചെത്തിയത് എന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഇത്തരത്തിൽ ഇന്ത്യൻ പരിശീലകനായാൽ അത് ഷാരൂഖിന്റെ മനസ്സ് വേദനിക്കുമോ എന്നാണ് ഗംഭീറിന്റെ ധർമ്മസങ്കടം.
ALSO READ: ധോണിയല്ല, മറ്റൊരാളായിരുന്നു ചെന്നൈയുടെ ആദ്യ നായകനാവേണ്ടിയിരുന്നത്; വെളിപ്പെടുത്തൽ
അതേ സമയം ഇന്ത്യൻ പരിശീലകനാക്കാൻ ബിസിസിഐ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്, ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെ സമീപിച്ചിരുന്നു. എന്നാല്‍ പരിശീലകരാവാന്‍ ഇവാരാരും തയാറവാത്തതോടെ വിദേശ പരിശീലകരെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ തള്ളുകയും ചെയ്തു.ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണ്‍ പരിശീലകനാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യൻ പരിശീലകരില്‍ ഗംഭീറിന്‍റെ പേര് മാത്രമാണ് ബിസിസിഐക്ക് മുന്നിലുള്ളത്.