ക്യാമ്പ് നൗവിൽ കിരീടമോഹവുമായി ഇറങ്ങിയ ബാഴ്‍സയുടെ അമിതാത്മവിശ്വാസത്തിന്റെ പത്തിക്ക് അടിച്ചു വീഴ്ത്തിയ ഗ്രാനഡയുടെ ഗ്രനേഡ് ആക്രമണം, ഒന്നാം സ്ഥാനം മോഹിച്ചിറങ്ങിയ ബാഴ്‌സയെ ഗ്രനേഡിയൻ പോരാളികൾ വലിച്ചു വാരി ഭിത്തിയിൽ ഒട്ടിച്ചു എന്നു പറഞ്ഞാലും തെറ്റിപ്പോവുകയില്ല. കാരണം ഒന്നാം സ്ഥാനം ഉറപ്പിച്ചു തന്നെയാണ് കാറ്റലോണിയൻ പടയാളികൾ ഗ്രാനഡയെ നേരിടാൻ ഇറങ്ങിയത്.
എന്നാൽ സ്വപ്നവും യാഥാർഥ്യവും രണ്ടും രണ്ടാണല്ലോ. ഗ്രീസ്മന്റെ മനോഹരമായ അസിസ്റ്റിൽ നിന്നു മെസ്സി 23 ആം മിനിറ്റിൽ കളിയിലെ ആദ്യ ഗോൾ സ്‌കോർ ചെയ്തു ലീഡ് നേടിയപ്പോൾ ഒന്നാം സ്ഥാനം ബാഴ്‍സ ഉറപ്പിച്ചു എന്നു കടുത്ത വിരോധികൾക്ക് പോലും തോന്നിയിട്ടുണ്ടാകും. ആദ്യ പകുതിയിൽ ഒരു ഗോൾ നേടി ബാഴ്‍സ ആത്‍മ വിശ്വാസത്തിന്റെ കൊടുമുടി കേറിയാണ് രണ്ടാം പകുതിക്ക് എത്തിയത്.
എന്നാൽ അവിടെ കളി മാറി 63ആം മിനുട്ടിൽ മാചിസിലൂടെ ഗ്രാനഡ സമനില നേടി. ബാഴ്സലോണ തിരിച്ചു ലീഡ് പിടിക്കാൻ ശ്രമിച്ചു എങ്കിലും ലീഡ് നേടി എടുത്തത് ഗ്രാനഡ ആയിരുന്നു. 79ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസിൽ നിന്ന് ഒരു കിടിലൻ ഹെഡറിലൂടെ മൊലിന ബാഴ്‍സയുടെ ഗോൾ വലയും ഒപ്പം ബാഴ്‌സലോണ ആരാധകരുടെ ഹൃദയവും തുളച്ചു.
ഈ പരാജയത്തിലൂടെ 73 പോയിന്റുമായി ഒന്നാമത് നിൽക്കുന്ന അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്താൻ ഉള്ള സുവർണാവസരം ആണ് ബാഴ്‌സലോണ തുലച്ചു കളഞ്ഞത്. നിലവിൽ 71 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ് ബാഴ്‍സ, മൂന്നാമതുള്ള റയലിനും 71 പോയിന്റാണ്.