in

അക്തറും ജയസൂര്യയും ഉൾപടുന്ന 13 പേർ തിരികെ എത്തുന്നു, കളിക്കുക ഏഷ്യാ ലയൺസിന് വേണ്ടി!

ലെജന്റ്സ് ക്രിക്കറ്റ് ലീഗിലും ചാമ്പ്യന്‍സ് പട്ടമണിഞ്ഞ് നിൽക്കുന്ന ഇന്ത്യ ലെജന്റ്സ് ടീമിന് ഇത്തവണ നേരിടേണ്ടത് ശക്തരായ എതിരാളികളെ! അതിലൊന്ന് ഏഷ്യ ലയൺസ് എന്ന പേരിൽ എത്തുന്ന ഉപഭൂഖണ്ഡത്തിന്റെ ടീം, ഇന്ത്യ ഒഴികെയുള്ള  ഏഷ്യൻ ടീമുകളിലെ ശക്തരായ താരങ്ങളാണ് ഈ ടീമിൽ അണിനിരക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ജനുവരിയിൽ ഒമാനിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ മൂന്ന് ടീമുകൾ ആണ് മത്സരിക്കുക.

ക്രിക്കറ്റ് ആരാധകർ ആഘോഷമാക്കിയ ലെജന്റ്സ് ക്രിക്കറ്റ് ലീഗ് തിരികെ എത്തുന്നു. ഏഷ്യാ ലയൺസ് എന്ന പുതിയ ടീമിനെ പ്രതിനിധീകരിച്ച് പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകളുടെ ഇതിഹാസ താരങ്ങൾ ഉണ്ടാവും എന്ന് PTI റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയിൽ ഒമാനിൽ നടക്കുന്ന ടൂർണമെന്റിൽ ഏഷ്യ ലയൺസിന് പുറമെ ഇന്ത്യ ലെജന്റ്സ്, റെസ്റ്റ് ഓഫ് ദ വേൾഡ് എന്നീ ടീമുകളാണ് പങ്കെടുക്കുക. ഈ ടീമുകളുടെ സ്ക്വാഡുകൾ നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.

പാകിസ്താന്റെ ഇതിഹാസ താരങ്ങളായ ഷാഹിദ് അഫ്രിദി, ഷൊയ്ബ് അഖ്തർ, മിസ്ബാഹുൽ ഹഖ്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് യൂസുഫ്, യൂനുസ് ഖാൻ, ഉമർ ഗുൽ എന്നിവരും ശ്രീലങ്കൻ ഇതിഹാസ താരങ്ങളായ സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, തിലകരത്നെ ദിൽഷൻ ഒപ്പം അഫ്ഗാനിസ്ഥാൻ താരം അസ്ഗർ അഫ്ഗാനും ആണ് PTI പുറത്തുവിട്ട ലിസ്റ്റിലെ പേരുകൾ. മുൻപ് ഇന്ത്യയിൽ വച്ച് നടന്ന റോഡ് സേഫ്റ്റി സീരിസിൽ പാകിസ്താന്‍ ടീം ഭാഗമായിരുന്നില്ല. ആയതിനാല്‍ തന്നെ ഇത്തരം ഒരു ടൂർണമെന്റിൽ പാകിസ്താന്‍ താരങ്ങൾ ആദ്യമായി ആണ് പങ്കെടുക്കുന്നത്!

ലിസ്റ്റിൽ മുത്തയ്യ, അഖ്തർ തുടങ്ങിയവർ പത്ത് വർഷത്തിന് മുന്നെ വിരമിച്ചവർ ആണ്, അസ്ഗർ അഫ്ഗാൻ കഴിഞ്ഞ ലോകകപ്പിനിടെയാണ് വിടപറഞ്ഞത്. എന്നാൽ ഹഫീസും മാലിക്കും ഇന്നും ഇന്റർനാഷണൽ ക്രിക്കറ്റിലും മറ്റ് ഫ്രാഞ്ചൈസ് ലീഗുകളിലും സജീവമായ പ്ലയേസ് ആണെന്ന സവിശേഷതയുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് ഇത്തരം ടൂർണമെന്റുകളിൽ പങ്കെടുക്കണം എങ്കിൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കേണ്ടതുണ്ട്, മറ്റ് രാജ്യങ്ങളില്‍ അങ്ങനൊരു പ്രശ്നം ഇല്ല.

ഈ വർഷം ആരംഭത്തിൽ ഇന്ത്യയിൽ വച്ച് നടന്ന റോഡ് സേഫ്റ്റി സീരിസ് വലിയ വിജയം ആയിരുന്നു. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾ പങ്കെടുത്തു. വൻ താരനിര അണിനിരന്ന ടൂർണമെന്റിൽ ഒടുവിൽ ഇന്ത്യ ലെജന്റ്സ് തന്നെ ജേതാക്കളായി. സച്ചിൻ ടെൻഡുൽക്കർ, സെഹ്വാഗ്, യുവരാജ് സിംഗ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങൾ ടൂർണമെന്റിന്റെ ഭാഗമായിരുന്നു.

ഏഴിൽ നിന്നും മൂന്ന് ടീമുകളിലേക്ക് ചുരുങ്ങുന്ന ടൂർണമെന്റിൽ ആവേശം കൂടുമെന്നത് ഉറപ്പ്. ഒമാനിലെ അൽ അമറത് ക്രിക്കറ്റ് സ്റ്റേഡിയമാണ് ടൂർണമെന്റിന് വേദിയാവുക. ഇന്ത്യൻ ടീമിൽ കഴിഞ്ഞ വർഷം ഭാഗമായ താരങ്ങൾക്കൊപ്പം കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഹർഭജൻ സിങിനെയും പ്രതീക്ഷിക്കാം. റെസ്റ്റ് ഓഫ് ദ വേള്‍ഡ് ടീമിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ ലെജന്റ്സാവും അണിനിരക്കുക. റോഡ് സേഫ്റ്റി സീരിസിൽ ഭാഗമായിരുന്ന കെവിൽ പീറ്റേഴ്സണ്‍, ബ്രെയാൻ ലാറ, ചന്ദർപോൾ, ഹെർഷൽ ഗിബ്സ്, ജോണ്ടി റോഡ്സ്, ആൽബീ മോർക്കൽ, ബ്രെഡ് ലീ, ബ്രാഡ് ഹോഡ്ജ് തുടങ്ങിയവരെ റെസ്റ്റ് ഓഫ് ദ വേള്‍ഡ് ടീമിൽ പ്രതീക്ഷിക്കാം!

ക്രിസ്റ്റ്യാനോയുടെ ലെവലിലാണ് അയാൾ കളിക്കുന്നതെന്ന് റയൽ പരിശീലകൻ കാർലോ ആൻസലോട്ടി…

“ഏതൊരു താരത്തിനും അഭിമാനത്തിന്റെ വലിയ ഉറവിടം”; ക്രിസ്റ്റ്യാനോയെ പറ്റി ജാവോ പാലീഞ്ഞ സംസാരിക്കുന്നു…