ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ആത്മബന്ധത്തിന് വിരാമം കുറിച്ചുകൊണ്ട് ബാഴ്സലോണയും മെസ്സിയും വേർപിരിയുമ്പോൾ ഇനി ലയണൽ മെസ്സി എന്ന ഫുട്ബോൾ മിശിഹായിടെ താവളം എവിടെയായിരിക്കും എന്ന ആശങ്കയിലായിരുന്നു ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ.
എന്നാൽ ഇപ്പോൾ ഈ നിമിഷത്തിൽ അതിന് വിരാമം കുറിക്കപ്പെട്ടിരിക്കുന്നു. ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജർമ്മനുമായി തന്നെയാണ് ലയണൽ മെസ്സി കരാർ ഒപ്പിടാൻ പോകുന്നത്. അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമമായ ഗോൾ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂടിയയാണ് PSG യിൽ നാളെ ലയണൽ മെസ്സിയുടെ മെഡിക്കൽ പരിശോധന നടക്കും എന്ന് അറിയിച്ചത്.

ഫ്രഞ്ച് ക്ലബ്ബുമായി കരാറിൽ ഏർപ്പെടുവാൻ മുൻ ബാഴ്സലോണ താരം നേരത്തെതന്നെ തീരുമാനിച്ചതായി PSG ഉടമയുടെ അർദ്ധസഹോദരൻ അറിയിച്ചതായിരുന്നു. എന്നാൽ ഈ വാർത്ത പുറത്ത് വന്നപ്പോൾ ലയണൽ മെസ്സിയും PSG യും ഇത് നിഷേധിച്ചിരുന്നു. പ്രത്യക്ഷത്തിൽ ഇവർ തമ്മിലുള്ള ബന്ധപ്പെടൽ ഒന്നും കാണുന്നില്ലായിരുന്നുവെങ്കിലും ഇവർക്കിടയിലെ അന്തർധാര വളരെ സജീവമായിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങൾ ആയ മാർക്കയും ഗോളും ചേർന്നിട്ടാണ് ഇവർ നടത്തുന്ന നീക്കങ്ങളെല്ലാം നിലവിൽ പൊളിച്ചു കൊണ്ടിരിക്കുന്നത്. അതീവരഹസ്യമായി ഇവർ നടത്തുന്ന നീക്കങ്ങളെ ഓരോ രീതികളിലൂടെയും ഈ മാധ്യമസ്ഥാപനങ്ങൾ ലോകത്തെ അറിയിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകൾ മുമ്പും ലയണൽ മെസ്സി PSG യുമായി താൻ ഒരു ധാരണയിലും എത്തിയിട്ടില്ല എന്നാണ് പറഞ്ഞത്.
മുൻ ബാഴ്സലോണ താരം പാരീസ് സെൻറ് ജർമനിൽ പത്തൊമ്പതാം നമ്പർ ജേഴ്സി അണിയുമെന്ന് നേരത്തെ വെളിപ്പെടുത്തിയ ഗോൾ തന്നെയാണ്, നാളെ മെസ്സി പി എസ് ജിയിൽ മെഡിക്കൽ പരിശോധനയ്ക്ക് തയ്യാറാവുന്നു എന്നും റിപ്പോർട്ട് ചെയ്തത്. അതുകഴിഞ്ഞാൽ കൃത്യം പത്താം തീയതി പാരീസിലേക്കുള്ള മെസ്സിയുടെ കൂടുമാറ്റം ഔദ്യോഗികമായിത്തന്നെ ഐഫെൽ ടവറിൽ കൂടി അവർ പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്.