in

അസാധ്യം എന്നൊന്ന് തന്റെ നിഘണ്ടുവിൽ ഇല്ലന്നു തെളിയിച്ച ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷ

ManikaBatra

മാനിക ബത്ര എന്ന ഈ 26 കാരി അസാധ്യം എന്നൊന്ന് തന്റെ നിഘണ്ടുവിൽ ഇല്ലാ എന്നു പിന്നെയും പിന്നെയും തെളിയിച്ചു ഇന്ത്യൻ സ്വപ്നങ്ങൾക്ക് ചിറകു നൽകി മുന്നേറുകയാണ്. ലോക റാങ്കിങ്ങിൽ 63ആം സ്ഥാനത്തുള്ള ബത്ര ഇന്ന് കാഴ്ചവെച്ച പോരാട്ടവീര്യം എടുത്ത് പറയേണ്ടത് തന്നെ.

32ആം റാങ്കുള്ള ഉക്രേനിയൻ എതിരാളി ആദ്യ 2 ഗെയിം 4-11,4-11 നിലയിൽ അനായാസം നേടിയപ്പോൾ നിസ്സഹായായി തോൽവി അടിയറ വെക്കും എന്ന് കാണികളെ മുഴുവൻ തോന്നിപ്പിച്ചു. എന്നാൽ അങ്ങനെ തോറ്റു പിൻമാറാൻ ഒരുക്കമായിരുന്നില്ല ഈ ചുണക്കുട്ടി.

ManikaBatra

പിന്നീടങ്ങോട്ട് ചാരത്തിൽ നിന്നുയർന്ന ഫിനിക്‌സ് പക്ഷിയെ പോലെ ഉള്ളൊരു ഉയർത്തെഴുന്നേൽപ്പിനാണ് ടോക്കിയോ സാക്ഷ്യം വഹിച്ചത്. അടുത്ത 2 ഗെയിമുകളും വീറോടെ തിരികെ പിടിച്ചു. 2-2 എന്ന നിലയിൽ നിൽക്കെ 8-11 ന് 5ആം ഗെയിം എതിരാളി പെസോട്സ്ക നേടുമ്പോ തുടർന്നുള്ള 2 ഗെയിമുകളും നേടുക എന്ന ബാലികേറാമല ആയിരുന്നു മുന്നിൽ.

ഞാൻ തോറ്റു എന്ന് മനസ്സ് കൊണ്ട് തോന്നിയാൽ മാത്രമേ എന്നെ തോൽപ്പിക്കാനാകു എന്ന നിശ്ചയദാർഢ്യം ആണ് പിന്നീട് കണ്ടത്. 11-5,11-7 അങ്ങനെ ഏകപക്ഷീയമായി 2 ഗെയിമുകൾ സ്വന്തമാക്കി വിജയക്കൊടി പാറിച്ചപ്പോ ആ മുഖത്തു അമിതാഹ്ലാദമോ റാങ്കിങ്ങിൽ തന്നെക്കാൾ ഒരുപാടു മുകളിൽ ഉള്ള കളിക്കാരിയെ തോൽപ്പിച്ച ശൗര്യമോ ആയിരുന്നില്ല.

തന്റെ ലക്‌ഷ്യം ഒരുപാടു അകലെയാണ് എന്നുള്ള പക്വതയുള്ള ദൃഡനിശ്ചയം മാത്രം ആയിരുന്നു. ഇന്ത്യക്കായി ഒരു ഒളിമ്പിക് സ്വർണം നേടാൻ ബത്രയുടെ കൈകൾക്കാകട്ടെ എന്നാശംസിക്കുന്നു. കഴിഞ്ഞ വർഷം ലഭിച്ച ഖേൽ രത്ന പുരസ്കാരം ഒരുപാട് വലിയ വലിയ പുരസ്കാരങ്ങളിലേക്കുള്ള ചവിട്ടുപടി മാത്രം ആകട്ടെ.


©വിശ്വജിത് ബാഹുലേയൻ

പരുക്കുമായി പോരിനിറങ്ങിയ വികാസ് കൃഷ്ണനെ ജാപ്പനീസ് താരം ഇടിച്ചു പഞ്ചറാക്കി

ശാസ്ത്രിയും രാഹുലും സീനിയർ – ജൂനിയർ, ഒരെത്തിനോട്ടം