1983-87 ലോകകപ്പ് – ടീം മാനേജറും മുൻ ഹൈദരാബാദ് താരവുമായിരുന്ന P R മാൻ സിങ്ങിൻ്റെ കൂടെ ലോകകപ്പിനു പോയ ഇന്ത്യൻ ടീമിന് ഒരു പക്ഷേ, പ്രൊഫഷണൽ കോച്ചിങ്ങിനെയോ കോച്ചുമാരെയോ പറ്റി കേട്ടുകേൾവി പോലും ഉണ്ടായിരിക്കില്ല. ലോക ക്രിക്കറ്റ് രംഗം കൂടുതൽ പ്രൊഫഷണൽ ആയ 1990കൾ മുതൽ പക്ഷേ ഏതൊരു ടീമിനും മുൻനിരയിലെത്താൻ ഒരു മികച്ച കോച്ച് വേണമെന്നത് അനിവാര്യമായി .അജിത് വഡേക്കർ മുതൽ രവി ശാസ്ത്രി വരെ നീളുന്ന കണ്ണിയിൽ സ്വദേശികളും വിദേശികളുമായ കോച്ചുമാർ ഇന്ത്യയെ ലോക ക്രിക്കറ്റിലെ വൻശക്തിയാക്കുന്നതിൽ അക്ഷീണം പ്രയത്നിച്ചു. ഓസ്ട്രേലിയക്കാർക്ക് പ്രധാനമന്ത്രി കഴിഞ്ഞാൽ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന പോലെ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് എന്നാൽ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ അതിപ്രധാനമായ ചർച്ചാ വിഷയമായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ചൂടുള്ള ചർച്ച രാഹുൽ ദ്രാവിഡിനെയും രവി ശാസ്ത്രിയെയും ചുറ്റിപ്പറ്റിയാണ്. ദ്രാവിഡ് ഒരു കളിക്കാരനെന്ന നിലയിലെ കാലഘട്ടത്തിൽ കളിയെ പിന്തുടരുന്ന ഭൂരിഭാഗവും അദ്ദേഹത്തെ പുകഴ്ത്തിയും ചിലർ ശാസ്ത്രിയെ ഇകഴ്ത്തിയും സംസാരിക്കുന്ന ചർച്ചകളിൽ അപൂർവം ചിലർ ശാസ്ത്രിയുടെ മാൻ മാനേജ്മെൻ്റ് സ്കില്ലിനെ പ്രകീർത്തിക്കുന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളായ ദ്രാവിഡിൻ്റെ സീനിയർ ലെവലിലെ കോച്ചിങ് സ്കില്ലുകൾ ഇനിയും പുറത്തു വരാനുണ്ടെന്നിരിക്കേ, ഈ പോസ്റ്റ് രണ്ട് വ്യക്തികളെ കേന്ദ്രീകരിച്ചിട്ടുള്ളതല്ല.
ക്രിക്കറ്റിലേക്ക് കാലൂന്നുന്ന ഒരു കുട്ടിക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും പ്രാഥമിക പരിശീലനം കൊടുക്കുന്നവർ മുതൽ, രാജ്യത്തിന് കളിക്കുമ്പോൾ അവരോടിടപഴകുന്ന സീനിയർ കോച്ച് വരെയുള്ളവർ ഒരു കളിക്കാരൻ്റെ കളിയോടുളള സമീപനത്തിലും ടീം സ്പിരിട്ടിലും ടെക്നിക്കുകളിലും കൂടാതെ ശാരീരിക, മാനസികാരോഗ്യത്തിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒരു സമ്പൂർണ ക്രിക്കറ്റർ കടപ്പെട്ടിരിക്കുന്നത് വിവിധ തലങ്ങളിൽ തന്നെ പരിശീലിപ്പിച്ചവരോടുകൂടിയാണ്.
നമുക്ക് രാഹുലിലേക്കും രവിയിലേക്കും വരാം. അതിനു മുമ്പ് നാമറിയേണ്ടത് അണ്ടർ 19, 22 ജൂനിയർ തലങ്ങളിലെ കോച്ചിൻ്റെയും എല്ലാ രീതിയിലും പ്രൊഫഷണലായ ഒരു സീനിയർ ടീമിൻ്റയും കോച്ചുമാരുടെ “ജോബ് പ്രൊഫൈൽ ” എന്താണെന്ന് അറിയുകയാണ്. ഒരു ജൂനിയർ ഇന്ത്യൻ ടീം കോച്ചിൻ്റെ പ്രൊഫൈൽ –
*വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന, മുൻപ് അധികം കാണാനോ സംസാരിക്കാനോ അവസരം ലഭിക്കാത്ത വളർന്നു വരുന്ന താരങ്ങളെ ഏകോപിപ്പിച്ച് കൊണ്ടു പോകുക
* പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് കാലൂന്നുന്നവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക
* ടെക്നിക്കലി മികച്ച പരിശീലനവും ഉയർന്ന തലങ്ങളിലേക്ക് പോകാനായി മാനസികമായ പിന്തുണയും നൽകുക
* ഓരോ മത്സരത്തിലും ടീം സ്ട്രാറ്റജി തീരുമാനിക്കുന്നത് മുഖ്യമായും പരിശീലകനായിരിക്കും.
ഒരു സീനിയർ ടീം ഹെഡ് കോച്ചിന് പക്ഷേ ചുമതലകൾ വ്യത്യസ്തമാണ്. ജൂനിയർ ടീമിൻ്റെ ഹെഡ്മാസ്റ്റർ റോളിൽ നിന്നു വ്യത്യസ്തമായി പ്രൊഫഷണലുകളടങ്ങിയ ടീമിനെ സപ്പോർട്ട് ചെയ്യുന്ന ഒരു ലെവലിലാണ് അയാളുടെ കാര്യങ്ങൾ –
* തൻ്റെ കൂടെയുള്ള സപ്പോർട്ട് സ്റ്റാഫിനൊപ്പം ഓരോ കളിക്കാർക്കും വേണ്ട ടെക്നിക്കൽ, മെൻറൽ സപ്പോർട്ടുകൾ നൽകുക.
* ടൂർണമെൻ്റ് / മത്സര സ്ട്രാറ്റജികൾ ഡിസൈൻ ചെയ്യാൻ ടീം മാനേജ്മെൻറിനെ നയിക്കുക
* താരതമ്യേന ജൂനിയർ താരങ്ങൾക്ക് വേണ്ട പിന്തുണകൾ / ഉപദേശങ്ങൾ നൽകുക
* ജൂനിയർ ലെവലുകളിൽ അനേകം കോച്ചുമാരിൽ നിന്ന് സ്വായത്തമാക്കിയ അറിവുകൾ ഒരു കളിക്കാരനിൽ ക്രോഡീകരിക്കുക.
* ടീം അംഗങ്ങൾ, മറ്റു സ്റ്റാഫുകൾ എന്നിവരെയെല്ലാം ചേർത്ത് ഒരൊറ്റ മനസ്സോടെ ഈഗോയില്ലാതെ മുന്നോട്ട് നയിക്കുക.
ജൂനിയർ ടീമിൽ ദ്രാവിഡും സീനിയർ ടീമിൽ ശാസ്ത്രിയും ഈ തരത്തിൽ വളരെ നന്നായി തന്നെ തങ്ങളുടെ കർത്തവ്യം നിറവേറ്റുന്നുണ്ട് എന്നത് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ശുഭസൂചനയാണ്
ഇനി ഒരു പക്ഷേ ജൂനിയർ/ സീനിയർ ടീമിൽ കോച്ചായി ദ്രാവിഡ് വേണോ സാക്ഷാൽ സചിൻ വേണോ എന്നു ചോദിച്ചാൽ ഉത്തരം ദ്രാവിഡ് അല്ലെങ്കിൽ റോബിൻ സിങ് എന്നു തന്നെയായേക്കും. കാരണം ലളിതമാണ്. സച്ചിൻ ഒരു നാച്ചുറൽ ടാലൻ്റാണ്.അദ്ദേഹം കളിക്കുന്ന ഷോട്ടുകൾ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ടെക്നിക്കൽ പെർഫെക്ഷൻ സ്വാഭാവികമായി വന്നു ചേർന്നതാണ്. അതു കൊണ്ടു തന്നെ മറ്റൊരാൾക്ക് അതിനെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാനോ പറഞ്ഞു ചെയ്യിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞെന്നു വരില്ല. മറിച്ച് രാഹുൽ എന്ന ക്രിക്കറ്റർ തൻ്റെ കഴിവുകൾ നേടിയെടുത്തത് കഠിനമായ പരിശീലനത്തിലൂടെയാണ്. തനിക്ക് കിട്ടിയ കഴിവുകൾ, നടന്നു വന്ന വഴികൾ എല്ലാം വിശദമായിത്തന്നെ വരും തലമുറക്ക് പകർന്നു നൽകാൻ അദ്ദേഹം സർവഥാ യോഗ്യനാണ്.
ഈയൊരു ആർടിക്കിൾ ഒരു സാധാരണ ക്രിക്കറ്റ് പ്രേമിയുടെതാണ്. മികച്ച കോച്ചുമാരുടെ അഭിപ്രായങ്ങൾ സാദരം ക്ഷണിക്കുന്നു.