ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തുവിട്ടിരിക്കുന്നത്. വിവിധ സ്രോതസ്സുകളിൽ നിന്നും കിട്ടുന്ന വാർത്തകളെയെല്ലാം നിസ്സാര വൽക്കരിക്കുന്ന ഒരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ആണ് ഇപ്പോൾ അവർ പുറത്തുവിട്ടിരിക്കുന്നത്.
കാറ്റലോണിയൻ ക്ലബ് ബാഴ്സലോണയുടെ സൂപ്പർ താരമായിരുന്ന ലയണൽ മെസ്സി അവരുമായി വീണ്ടും കരാർ പുതുക്കി, പുതിയ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഏതാണ് അവസാനഘട്ടത്തിലെത്തി എന്നായിരുന്നു ഇതുവരെ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത്.
ലയണൽ മെസ്സി ബാഴ്സലോണയുമായി ഒരു വ്യക്തിഗത കരാറൊപ്പിട്ടു എന്നും ഇനി ഔദ്യോഗിക കരാർ മാത്രമേ പുറത്തു വരാനുള്ളൂ എന്നും വാർത്തകൾ വന്നിരുന്നു. ലാലിഗയുടെ പുതിയ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക പാക്കേജുകൾ ടീമുകൾക്കിടയിൽ വിതരണം ചെയ്യുമ്പോൾ ബാഴ്സലോണയുടെ പ്രതിസന്ധികൾ എല്ലാം തീരും എന്നുവരെ റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ മാർക്ക പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ലയണൽ മെസ്സിയും ബാഴ്സലോണയും തമ്മിൽ പുതിയൊരു കരാർ ഇനി സാധ്യമല്ലെന്നും, ഇതുവരെയും ക്ലബ്ബും താരവും തമ്മിൽ ഒരു ധാരണയിലെത്തി ചേർന്നിട്ടില്ല എന്നുമാണ് പറയുന്നത്.
താരം തന്റെ പ്രതിഫലം കുറയ്ക്കുന്നതിന് തയ്യാറായിരുന്നു എങ്കിലും മറ്റു ചില കാരണങ്ങൾ മൂലം രണ്ട് കക്ഷികളും തമ്മിലുള്ള ബന്ധത്തിൽ ചില വിള്ളലുകൾ വന്നു. ഇനി ഒരിക്കലും മെസ്സിക്ക് ബാഴ്‍സയുമായി ചേർന്ന് മുന്നോട്ടുപോകാനുള്ള ഒരു സാഹചര്യം വരില്ല എന്നും ആണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്.
അവിശ്വസനീയം എന്ന് തോന്നാവുന്ന വാർത്ത ആണെങ്കിലും മാർക്ക പോലെ ഒരു പ്രമുഖ മാധ്യമം ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവിട്ടത് മാധ്യമ ലോകത്തിനെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. സ്പാനിഷ് ഫുട്ബോളിന്റെ കാര്യത്തിൽ ഏറ്റവും ആധികാരികതയുള്ള സ്രോതസ്സുകളിൽ ഒന്നായ മാർക്ക ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്ത് വിട്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കും എന്നത് ഉറപ്പാണ്..