സുരേഷ് വാരിയത്ത് ; 1981 ലെ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്, ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇയാൻ ബോതത്തിൻ്റെ 6 വിക്കറ്റ് പ്രകടനത്തെ അതിജീവിച്ച ജോൺ ഡൈസൻ്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ കിം ഹ്യൂസിൻ്റെ 89 റൺസിൻ്റെയും മികവിൽ 401 /9 എന്ന സുരക്ഷിത സ്കോറിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങി ഫോളോ ഓൺ ചെയ്ത് രണ്ടാമിന്നിങ്ങിസിൽ 135 / 7 എന്ന നിലയിൽ തകർച്ചയെ നേരിട്ടെങ്കിലും ഇയാൻ ബോതത്തിന്റെയും (149) തുടർന്ന് ഓസീസ് രണ്ടാമിന്നിങ്സിൽ ബോബ് വില്ലീസിന്റെയും (8 വിക്കറ്റ് ) ഐതിഹാസിക പ്രകടനങ്ങളുടെ ബലത്താൽ ഇംഗ്ലണ്ട് 18 റൺസിൻ്റെ നാടകീയ വിജയം നേടി.
അണിയറയിൽ, പക്ഷേ മറ്റാരുമറിയാത്ത ഒരു നാടകം അരങ്ങേറിയിരുന്നു. ബെറ്റിങ്ങ് നിയമ വിധേയമായ ഇംഗ്ലണ്ടിലെ ഒരു ബുക്കിയോട്, ഓസ്ട്രേലിയൻ ബൗളർ ഡെന്നീസ് ലിലിയും വിക്കറ്റ് കീപ്പർ റോഡ്നി മാർഷും ഇംഗ്ലീഷ് വിജയം പ്രവചിച്ച് ബെറ്റ് വെച്ചിരുന്നു. കളി കഴിഞ്ഞയുടൻ ബെറ്റിന്റെ തുകയായ 7500 പൗണ്ട് ആ ബുക്കി രണ്ട് കളിക്കാർക്കും പരസ്യമായി നൽകുകയും ചെയ്തു.
ബുക്കിങ്ങ് നിയമ വിധേയമായ കാലത്ത്, ഇതൊരു കള്ളത്തരമായി ആരും കണക്കാക്കിയില്ല എന്നു മാത്രമല്ല എതിർ ടീം വിജയം നേടാൻ ഇവർ മനപ്പൂർവം കളി ഉഴപ്പി എന്നും ആർക്കും തെളിയിക്കാൻ കഴിഞ്ഞില്ല. ഒരു പക്ഷേ, ക്രിക്കറ്റിനെ തൊണ്ണൂറുകളുടെ ആദ്യം മുതൽ, ഈ അടുത്ത കാലം വരെ വിടാതെ പിന്തുടർന്ന ഒത്തുകളികളുടെ തുടക്കം മുൻപറഞ്ഞ ഉദാഹരണത്തിൽ നിന്നാവാം.
========================================
#Dhoni_finishes_it_in_style …..
കമൻ്ററി ബോക്സിൽ ശാസ്ത്രിയുടെ ശബ്ദം ഉയരുമ്പോൾ പക്ഷേ, ശ്രീലങ്കയുടെ ലോകകപ്പ് നേടിയ ക്യാപ്റ്റൻ #അർജുന_രണതുംഗെയുടെ മനസ്സിൽ ചില സംശയങ്ങൾ ഉണർന്നിരിക്കാം. …..നാലു വർഷങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ മന്ത്രിയായ രണതുംഗെയും ശ്രീലങ്ക ലോകകപ്പ് ഫൈനലിലെത്തിയ സമയത്ത് സ്പോർട്സ് മന്ത്രിയായിരുന്ന മഹിതാനന്ദ അലുത് ഗാമഗെയും 2011 ലോകകപ്പ് ഫൈനൽ ഒത്തുകളി ആണെന്ന് ആരോപിച്ചത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഒരു പക്ഷേ രാഷ്ട്രീയ പ്രേരിതമായേക്കാവുന്ന ഈ ആരോപണങ്ങൾ ശ്രീലങ്കൻ പോലീസ് തള്ളിക്കളഞ്ഞ് അന്വേഷണത്തിൽ നിന്ന് പിൻമാറിയതോടെ വിവാദം തൽക്കാലം കെട്ടടങ്ങി.
1980 കളുടെ രണ്ടാം പകുതി മുതൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്ത്യാ-പാക് മത്സരങ്ങളിൽ വിഐപി ഗ്യാലറിയിലും കളിക്കാരുടെ ഡ്രസ്സിങ്ങ് റൂമിലും വരെ സ്ഥിരം കാഴ്ചയായ ദാവൂദ് ഇബ്രാഹിം തൊട്ട് ഇങ്ങ് ഐപിഎൽ ടീം ഉടമകളും പാക്കിസ്ഥാനി ബുക് മേക്കർ മസ്ഹർ മജീദും വരെയുള്ളവർ പണവും മറ്റു പ്രലോഭനങ്ങളും വഴി ലോക ക്രിക്കറ്റിനെ ഉലച്ച സംഭവങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ മാത്രമല്ല, പുത്തൻ തലമുറയുടെ ആവേശമായ വിവിധ T20 ലീഗുകളിലും, എന്തിനേറെ പാരമ്പര്യവാദികളായ ഇംഗ്ലീഷുകാരുടെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ പോലും കോഴയും ബെറ്റിങ്ങും യഥേഷ്ടം വിലസിയ കഥകളുണ്ട്.
ലോകത്തെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ ആയ കപിൽദേവും, മികച്ച ക്യാപ്റ്റൻമാരായ ഹാൻസി ക്രോണിയെയും ഇന്ത്യയുടെ അസറുദ്ദീനും അജയ് ശർമ്മയും ഭാവി വാഗ്ദാനങ്ങളായ അജയ് ജഡേജയും മുഹമ്മദ് അഷ്റഫുളും തൊട്ട് പുതുയുഗത്തിലെ ഉപുൽ തരംഗയും ശ്രീശാന്തും ഡാനിഷ് കനേറിയയും ക്രിസ് കെയ്ൻസുമടക്കം പലരും ഈ കഥകളിൽ സംശയത്തിൻ്റെ നിഴലിൽ വന്നവരും ചിലരൊക്കെ വില്ലൻ വേഷമണിഞ്ഞവരുമാണ്……. മനോജ് പ്രഭാകർ പൊട്ടിച്ച ബോംബ് സൃഷ്ടിച്ച പുകമറ ഏറെക്കാലം ഇന്ത്യൻ ക്രിക്കറ്റിനെ ശ്വാസം മുട്ടിച്ചതാണ്. ഇക്കഴിഞ്ഞ രണ്ടു മാസം മുമ്പാണ് അസോസിയേറ്റ് രാജ്യങ്ങളുടെ T20 ലോകകപ്പ് ക്വാളിഫയർ മാച്ചുകൾ ഫിക്സ് ചെയ്യാൻ ശ്രമിച്ച UAE താരങ്ങളായ അമീർ ഹയാത്തിനെയും ആഷിക് അഹമദിനെയും ICC എട്ടുവർഷത്തേക്ക് വിലക്കിയത്. ഇന്ത്യൻ ബുക്കിയിൽ നിന്ന് 15000 ദിർഹം കൈപ്പറ്റി മത്സര വിവരങ്ങൾ ചോർത്തി എന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.
ഇന്ത്യക്കാർ കോഴ വിവാദത്തെക്കുറിച്ച് കേട്ടു തുടങ്ങിയത് 90 കളുടെ ആദ്യമാണ്. അതിനെക്കുറിച്ച് നാളെ അടുത്ത ഭാഗം …….!!!!!