അജു ജേക്കബ് മുണ്ടിയാക്കൻ
മുഖപുസ്തകം തുറന്നാൽ എവിടെയും കുറിപ്പുകളാണ്, അഭിനന്ദന പ്രവാഹങ്ങളാണ്, ഇംഗ്ലണ്ടിൽ വിജയതീരമണിഞ്ഞ ഇന്ത്യൻ ടീമിനെ പ്രകീർത്തിച്ചുകൊണ്ടുള്ള “പോസ്റ്റുകളുടെ” പെരുമഴയാണ്. ഇന്ത്യൻ ടീമിന്റെ അതുല്യ വിജയത്തിനൊപ്പം തന്നെ പ്രകീർത്തിക്കപ്പെടുന്നയൊന്നാണ് ഇന്ത്യൻ ടീമിന്റെ കളിക്കളത്തിലെ അഗ്ഗ്രഷൻ. ഇന്ത്യൻ ടീമിന്റെ അഗ്ഗ്രഷനെ വാനോളം പുകഴ്ത്തുന്നവർ മറന്നുവോ പഴയ ആ ചെറുപ്പക്കാരനെ, ഓസ്ട്രേലിയയിലും, സൗത്ത്ആഫ്രിക്കയിലുമൊക്കെ പോയി അടിക്ക് തിരിച്ചടി എന്ന രീതിയിൽ പെരുമാറിയിരുന്ന ആ പഴയ ശ്രീശാന്തിനെ.
ശ്രീശാന്ത് ഒരു “റൈറ്റ് പ്ലയെർ അറ്റ് റോങ് ടൈം” ആയിരുന്നു. ഒരുപക്ഷെ ശ്രീയുടെ പ്രതാപകാലം ഇന്നായിരുന്നുവെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായി അയാൾ മാറിയേനെ, ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള പേസ് ബൗളർ ആയി മാറിയേനെ അയാൾ. ശ്രീശാന്തിന്റെ അഗ്ഗ്രഷനെ അരഗൻസിയായിട്ടാണ് വിലയിരുത്തപ്പെട്ടത്. അയാളുടെ ക്രിക്കറ്റ് എന്ന കളിയോടുള്ള അടങ്ങാത്ത പാഷനെ പക്വതയില്ലായ്മായായിട്ടാണ് ഇവിടുത്തെ ഫാൻസ് വിലയിരുത്തിയത്. (കോഹ്ലിയെയും സിറാജിന്റെയുമൊക്കെ അഗ്ഗ്രഷനെയും അഹങ്കാരമായി വിലയിരുത്തുന്നവർ ഇപ്പോഴുമുണ്ട്!!)
എന്തിനെയാണ് നിങ്ങൾ അഹങ്കാരം എന്ന് വിളിക്കുന്നത് !!
കളിക്കളത്തിലെ മതിമറന്നുള്ള ആഘോഷങ്ങളെയാണോ, അതോ കളി മൂർദ്ധന്യത്തിൽ എത്തുമ്പോൾ എതിർ ടീം താരങ്ങളുമായി ഉണ്ടാകുന്ന കൊമ്പ് കോർക്കലുകളെയാണോ..? ഇതൊക്കെയാണ് നിങ്ങൾ അഹങ്കാരമായി വിലയിരുത്തുന്നതെങ്കിൽ “നിങ്ങൾ വിലയിരുത്തിയ താരമല്ല, നിങ്ങളുടെ വിലയിരുത്തലുകളാണ് തെറ്റ്”.
കളിക്കളത്തിൽ സ്വയംമറന്നു ആഘോഷിക്കണമെങ്കിൽ, ഇമേജ് പേടിയില്ലാതെ എതിർ തരങ്ങളോട് കൊമ്പ് കോർക്കണമെങ്കിൽ, ആ താരത്തിനു ഈ “സ്‌പോർട്”നോടുള്ള പ്രണയം അഗാധമായതുകൊണ്ട് തന്നെയാണ്, മറ്റുള്ളവർക്ക് പാഷൻ ഇല്ല എന്നല്ല ശ്രീശാന്തിനെയും കോഹ്ലിയെയും സിറാജിനെയും പോലെയുള്ളവർക്ക് അത് അല്പ്പം കൂടുതലാണ്.
ഇന്ത്യയുടെ തെക്കേയറ്റത്ത് ഇങ് കേരളത്തിൽ നിന്നും പോയി സകല “നോർത്ത് ഇന്ത്യൻ ലോബി”കളെയും, ഒപ്പം മറ്റു സകല അവഗണണളെയും അതിജീവിച്ചു 3 വേൾഡ്കപ്പ് സ്‌ക്വാഡിൽ എത്തുവാനും രണ്ട് ഫൈനൽ കളിക്കുവാൻ ശ്രീശാന്തിനും, ഹൈദരബാദിലെ തെരുവിൽ ഓട്ടോയോടിച്ചു കുടുംബം പോറ്റിയിരുന്ന മുഹമ്മദ് ഗാഹസിന്റെ വീട്ടിൽ നിന്നും പോയി ഓട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും ബാറ്റ്സ്മാൻമാരെ മൂക്ക് കൊണ്ട് “ക്ഷ ഞ്ഞ ത്ത” വരപ്പിക്കുവാൻ പട്ടിണിയോട് പടവെട്ടി വളർന്ന സിറാജിനും സാധിച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടാണ്.
ശ്രീശാന്ത് എന്ന വ്യക്തിയെ ഇപ്പോഴും ഫോളോ ചെയ്യുന്നവർക്കറിയാം, അയാൾ ഇന്നും ക്രിക്കറ്റിനോട് പ്രണയത്തിൽ തന്നെയാണ്, ആ പ്രണയമാണ് സജീവക്രിക്കറ്റിൽ നിന്നും 7 വർഷത്തോളം മാറിനിന്നിട്ടും, കളിക്കാൻ ബിസിസിഐ ഗ്രീൻ സിഗ്നൽ കൊടുത്ത് മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തിനു കേരളത്തിന് വേണ്ടി കളിക്കുവാനുള്ള ഫിറ്റ്നസ് തിരികെ നേടുവാൻ സാധിച്ചതും കിട്ടിയ അവസരങ്ങളിൽ ഇപ്പോഴുള്ള പല താരങ്ങളെകാളും മികവോടെ പെർഫോം ചെയ്യുവാൻ സാധിച്ചതും.
ഒരുപക്ഷെ ശ്രീശാന്ത് ഇന്നായിരുന്നു കളിച്ചിരുന്നതെങ്കിൽ, ശ്രീശാന്ത് ഈ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നുവെങ്കിൽ, കോഹ്ലിയുടെ പ്രാധാന അസ്ത്രം ശ്രീ ആയിരുന്നേനെ, ഫുൾ ലൈസെൻസ് കൊടുത്ത് കൊഹ്‌ലി ഇറക്കി വിടുന്ന ശ്രീ പഴയതിലും നാശം വിതച്ചേനെ, എല്ലാത്തിലും ഉപരി കാലം നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട ചിലരെങ്കിലും ശ്രീയിലെ പ്രതിഭയെയും പോരാളിയെയും അംഗീകരിക്കരിക്കുമായിരുന്നു.
ഒന്നുകൂടി, കോഴ ആരോപണവുമായി കമന്റ് ബോക്സിലോട്ട് വരുന്നവരോടായി ഒരു കാര്യം, ക്രിക്കറ്റ്നെ ഇത്രമേൽ സ്നേഹിക്കുന്ന, ഓരോ ബോളും കൂടുതൽ വാശിയിൽ എറിയുന്ന, ഒരു സിക്സ് കിട്ടിയാൽ അടുത്ത ബോളിൽ കൂടുതൽ ശൗര്യം കാട്ടുന്ന, ധരിച്ചിരിക്കുന്ന ജേഴ്സിയോട് 100 ശതമാനം കൂർ പുലർത്തിമാത്രം കണ്ടിട്ടുള്ള ശ്രീശാന്ത് വെറും 10 ലക്ഷത്തിനു വേണ്ടി തന്റെ പ്രണയം തള്ളി പറഞ്ഞ് കോഴമേടിക്കും എന്ന് നിങ്ങൾ കരുതുന്നുവോ നിഷ്കളങ്കരെ..!!