2020 നവംബർ 25-നാണ് ഫുട്ബോളിന്റെ ദൈവം എന്ന് വിശേഷണമുള്ള അർജന്റീന ഇതിഹാസം ഡീഗോ മറഡോണ ഈ ലോകത്തോട് വിട പറഞ്ഞത്. ലോകഫുട്ബോളിനെ മുഴുവൻ നിരാശയിലാഴ്ത്തിയ വാർത്ത തന്നെയാണത്. ഇന്ന്, മറഡോണ വിട പറഞ്ഞിട്ട് ഒരു വർഷം പിന്നിടുകയാണ്. മാർകയുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ അർജന്റീന നായകൻ ലയണൽ മെസ്സി മറഡോണ വിട പറഞ്ഞതിന് ശേഷമുള്ള ഒന്നാം വാർഷികത്തെക്കുറിച്ച് സംസാരിച്ചു.
1986-ലെ ലോകകപ്പ് ജേതാവായ മറഡോണക്ക് അന്തരിച്ചതിന് ശേഷം, ബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ ഗോൾ നേടിയ ലിയോ മെസ്സി തന്റെ ബാഴ്സ ജേഴ്‌സി അഴിച്ചുമാറ്റി തന്റെ പഴയ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിന്റെ 10-ആം നമ്പർ ജേഴ്‌സി വെളിപ്പെടുത്തിക്കൊണ്ടാണ് അന്നത്തെ ബാഴ്‌സലോണയുടെ ക്യാപ്റ്റൻ ലിയോ മെസ്സി ഡീഗോ മറഡോണക്ക് വ്യക്തിപരമായ ആദരാഞ്ജലി അർപ്പിച്ചത്.
“ഇത് ഇന്നലെ നടന്ന പോലെ തോന്നുന്നു, എനിക്ക് വിചിത്രമായി തോന്നുന്നു. ഒരു വർഷം ഇതിനകം കടന്നുപോയി എന്നത് അവിശ്വസനീയമായി തോന്നുന്നു. അദ്ദേഹമില്ലാതെ, അർജന്റീന വളരെ വർഷങ്ങൾക്ക് ശേഷം വീണ്ടും കോപ്പ അമേരിക്കയുടെ ചാമ്പ്യന്മാരായി എന്നതും വിചിത്രമായി തോന്നുന്നു.”
“നിങ്ങൾ എപ്പോഴും വിചാരിക്കുന്നു, എപ്പോഴെങ്കിലും, നിങ്ങൾ മറഡോണയെ വീണ്ടും ടിവിയിലോ അഭിമുഖത്തിലോ എന്തെങ്കിലും അഭിപ്രായം പറയുകയോ ചെയ്യുന്നതായി കാണുമെന്ന്. പക്ഷേ അദ്ദേഹം അന്തരിച്ചിട്ട് വളരെക്കാലമായി, അത് ഇന്നലെയാണെന്ന് തോന്നുന്നു. ഞങ്ങൾ പങ്കിട്ട ഏറ്റവും മികച്ച ഓർമ്മകൾ ഞാൻ എപ്പോഴും ഓർക്കും, മറഡോണക്കൊപ്പം ഉണ്ടായിരിക്കാൻ എനിക്ക് ഭാഗ്യമുണ്ടായവ.” – എന്നാണ് ലിയോ മെസ്സി പറഞ്ഞത്.
ലയണൽ മെസ്സിയെ മാത്രമല്ല, നമ്മളടക്കം ഫുട്ബോളിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനെയും മനസ്സ് വേദനിപ്പിച്ചത് തന്നെയാണ് മറഡോണയുടെ വിട പറയൽ. എങ്കിലും, ഇന്നും എല്ലാവരുടെയും മനസ്സുകളിൽ ഡീഗോ മറഡോണ ജീവിച്ചിരിക്കുന്നു.