ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കി കരിയര്‍ സമ്പൂര്‍ണമാക്കിയിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഇതോടെ ഫുട്‌ബോള്‍ ചരിത്രത്തിലെതന്നെ ഏറ്റവും വിജയകരമായ കരിയര്‍ പൂര്‍ത്തിയാക്കിയ താരങ്ങളിലൊരാളായി മാറാന്‍ അദ്ദേഹത്തിനായി.
ഏറെക്കാലം നീണ്ട കിരീട വരള്‍ച്ചക്കും കിരീടമില്ലാത്ത രാജാവ് എന്ന പരിഹാസങ്ങള്‍ക്കും ശേഷമാണ് കോപ്പാ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് മുതലായ കിരീടങ്ങള്‍ തുടര്‍ച്ചയായി നേടി മെസിയും സംഘവും വരവറിയിച്ചത്. ഈ നേട്ടങ്ങള്‍ തന്റെ മാതൃരാജ്യത്ത് അദ്ദേഹത്തിന് വലിയ സ്വീകാര്യത നല്‍കിക്കൊടുത്തിട്ടുണ്ട്.
ഈയവസരത്തില്‍ മെസിക്ക് അര്‍ജന്റൈന്‍ സര്‍ക്കാര്‍ ആദരം നല്‍കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മെസിയുടെ ചിത്രം അര്‍ജന്റീനയുടെ കറന്‍സിയില്‍ ആലേഖനം ചെയ്‌തേക്കുമെന്നാണ് രാജ്യത്തെ മുന്‍ ധനമന്ത്രി സില്‍വിന ബതകിസിനെ ഉദ്ധരിച്ച് വിവിധ ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ നിലവില്‍ പണപ്പെരുപ്പം വളരെ കൂടുതലാണ്. ഇത് തടയാന്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ 10,000 പെസോ ബില്ലില്‍ മെസിയുടെ ചിത്രം പ്രത്യക്ഷപ്പെടാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മുന്‍ ധനമന്ത്രിയുടെ ഈ വെളിപ്പെടുത്തലിനപ്പുറം ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുസംബന്ധിച്ച് വന്നിട്ടില്ല.