യൂറോയിലെ മരണ ഗ്രൂപ്പിൽ അകപ്പെട്ട 2014 വേൾഡ് കപ്പു ജേതാക്കൾ ജര്മനിയും 2018 ചാമ്പ്യൻമാർ ഫ്രാൻസും നേർക്കുനേർ വരുന്ന മത്സരം അത്യന്ധം ആവേശത്തോടെയാണ് ലോക കാൽപ്പന്തു പ്രേമികൾ വരവേറ്റത്. ബയേൺ മ്യൂണിക്കിന്റെ അലയൻസ് അരീനയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ആധുനിക ഫുടബോളിന്റെ ദൃശ്യ വിരുന്നായിരുന്നു ജോക്കിം ലോ യുടെ ജര്മനിയും ദിദിയർ ദെഷാംസിന്റെ ഫ്രാൻസും കാഴ്ച വെച്ചത്.
വേഗതയും പോരാട്ട വീര്യവും സമ്മേളിച്ച ഫ്രാൻസ് മുന്നേറ്റ നിരക്ക് മുന്നിൽ ജർമൻ പ്രതിരോധ നിരക്ക് പലപ്പോഴും പിടിച്ചു നില്ക്കാൻ ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ കളം നിറഞ്ഞു കളിമെനയുന്ന സുന്ദര നിമിഷങ്ങളിലൂടെയാണ് ആദ്യ പകുതി കടന്നു പോയത്. ത്രൂ ബോളുകൾ കൊണ്ടും മികച്ച ക്രോസ്സുകൾ കൊണ്ടും പോഗ്ബ ജർമൻ നിരക്ക് സ്ഥിരം സമ്മർദ്ദം നൽകി കൊണ്ടിരുന്നു.
പോഗ്ബയുടെ തന്നെ മികച്ച ക്രോസിൽ നിന്നാണ് മാറ്റ് ഹമ്മൽസ് ഫ്രാൻസിന് ഓൺ ഗോളിന്റെ രൂപത്തിൽ ഗോൾ സമ്മാനിച്ചത്. ഒരു ഗോളിന്റെ കുഷ്യൻ ലഭിച്ചെങ്കിലും ഫ്രാൻസ് മുന്നേറ്റങ്ങളിൽ നിന്നും പ്രതിരോധത്തിലേക്ക് ഉൾ വലിയാതെ ജർമൻ ഗോൾ മുഖത്തു ഭീതി നൽകി കൊണ്ടേ ഇരുന്നു.
എൻ ഗോളോ കാന്റെ എന്ന കളിക്കളത്തിലെ സൗമ്യ മുഖം ജർമൻ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന കഴുകാൻ കണ്ണുകളുമായി കളം നിറഞ്ഞപ്പോൾ ആദ്യ പകുതിയിൽ ഫ്രാൻസ് ഗോളി ഹ്യൂഗോ ലോറീസിന് അധികം വിയർപ്പൊഴുക്കേണ്ടി വന്നില്ല.രണ്ടാം പകുതിയിൽ ഫ്രാൻസ് പ്രതിരോധ നിരയെ ഒന്ന് രണ്ട് തവണ പരീക്ഷിച്ചുവെങ്കിലും ഹ്യൂഗോ ലോറിസിനെ മറികടക്കാൻ ആയില്ല.
വീണ്ടും പോഗ്ബയുടെ ഭാവന സൃഷ്ട്ടിയിലൂടെ ഉരിത്തിരിഞ്ഞാ മുന്നേറ്റത്തിന് ശേഷം എമ്ബാപ്പെ ജർമൻ വല കുലുക്കിയെങ്കിലും ലൈൻ റഫറിയുടെ ഓഫ് സൈഡ് കോളിൽ മുങ്ങി പോകാനായിരുന്നു വിധി. ലോക കപ്പിലായാലും യൂറോ കപ്പിലായാലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാറുള്ള ജോക്കിം ലോ യുടെ ജർമ്മനി എന്നാൽ ഇപ്പോൾ ഫുട്ബോളിന്റെ വലിയ വേദികളിൽ അടിപതറുന്ന കാഴ്ച ആണ് നമുക്ക് കാണാനാകുന്നതു.
ആധികാരിക വിജയുവുമായി ഫ്രാൻസ് യൂറോ 2020 ലേക്കുള്ള വരവറിയിച്ചെങ്കിലും ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായ റഷ്യൻ ലോക കപ്പിന്റെ തുടർച്ചയായി യൂറോ കപ്പിലും ജർമ്മനി ക്കു കാലിടറുന്ന കാഴ്ചയാണ് മറുവശത്തു കാണാനായത്. ജോക്കിം ലോ യുടെ തന്ത്രങ്ങൾക്കു മൂർച്ച കൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോക ജേതാക്കൾക്ക് ചേർന്ന പ്രകടനത്തിനൊപ്പമെത്താൻ ജർമ്മനി ഇനിയും വിയർപ്പൊഴുക്കേണ്ടി ഇരിക്കുന്നു.