ഇറ്റാലിയൻ ക്ലബ് റോമയുടെ പുതിയ മാനേജരായ മൗറീഞ്ഞോ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി.
മുൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീഞ്ഞോയെ ക്ലബിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിക്കുന്നതായി ഇറ്റലിയൻ ക്ലബ്ബ് റോമ ചൊവ്വാഴ്ച പ്രഖ്യാപിച്ചതാണ്.
റോമയുടെ പരിശീലകനായുള്ള അരങ്ങേറ്റത്തിന് മുന്നോടിയായി മുൻ ടോട്ടൻഹാം പരിശീലകൻ കൂടി ആയ മൗറീഞ്ഞോ താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലകനായിരുന്ന സമയത്ത് മാഞ്ചെസ്റ്റർ താരം ആയിരുന്ന നെമഞ്ഞ മാറ്റിക് ഉൾപ്പെടെ ഉള്ള ചില താരങ്ങളെ റോമയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് എന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്.
മാറ്റിക്കിനെ റോമയിലേക്ക് മാറ്റാൻ മൗറീഞ്ഞോയുടെ ഉപദേശ പ്രകാരം സെരി എ ക്ലബ് ഇതിനകം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്റർ മിലാൻ വിട്ട് പതിനൊന്ന് വർഷത്തിന് ശേഷം ആണ് മൗറീഞ്ഞോ ഇറ്റാലിയൻ മണ്ണിലേക്ക് തിരികെ വരുന്നത്. സൈബീരിയയിൽ നിന്നുള്ള മിഡ് ഫീൽഡറേ ടീമിന്റെ ഭാഗമാക്കാൻ കഴിഞ്ഞാൽ മൗറീഞ്ഞോക്ക് തന്റെ തന്ത്രങ്ങൾ അതിവേഗം ഇറ്റലിയിൽ വീണ്ടും നടപ്പിലാക്കാൻ കഴിയും.
വെറ്ററൻ മിഡ്ഫീൽഡറായ മാറ്റിക്, നേരത്തെ ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനുമൊപ്പം മൗറീഞ്ഞോയുടെ കീഴിൽ കളിച്ചതാണ്.
മൗറീഞ്ഞോയും മാറ്റിക്കും 2015 ൽ ബ്ലൂസിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയതുമാണ്, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഈ 32 വയസുകാരൻ മൗറീഞ്ഞോയുടെ ഇറ്റലിയൻ പദ്ധതികളിൽ നിർണായക കേന്ദ്രം ആകും.
2023 വരെ താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുമായി കരാർ ഉണ്ട്, എന്നിരുന്നാലും യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം ഇല്ലാത്ത വെറ്ററൻ താരത്തിനെ അവർ വിട്ടു നൽകിയേക്കും.