in ,

യൂനസും യൂസഫും – പാകിസ്ഥാൻ്റെ പകരക്കാരില്ലാത്ത അമരക്കാർ

Muhammad Yousuf and Yunis Khan

സഹീർ അബ്ബാസും ജാവേദ് മിയാൻദാദും സയീദ് അൻവറും ഇൻസമാം ഉൾ ഹഖും നിറഞ്ഞാടിയ പാകിസ്ഥാൻ ടീമിലേക്ക് ആ യുവാക്കൾ കാലെടുത്ത് വെച്ചത് തൊണ്ണൂറുകളുടെ അവസാനത്തിലാണ് – യൂസഫ് യൂഹാനയും (മുഹമ്മദ് യൂസഫ്) യൂനസ് ഖാനും. അന്നു മുതൽ പിന്നീട് അങ്ങോട്ട് പാകിസ്ഥാൻ ബാറ്റിംങ് അറിയപ്പെട്ടത് ഈ ചെറുപ്പക്കാരുടെ അനായാസതയുടെയും കഠിനാധ്വാനത്തിൻ്റെയും പേരിലും..

ഒന്നുമില്ലായ്മയിൽ നിന്ന് വന്ന് എല്ലാം നേടി ഒന്നും അല്ലാതായ് പോയ യൂസഫ്. തൻ്റെ കൂട്ടുകാരന് നഷ്ടമായ സ്ഥാനങ്ങളും ഇതിഹാസ പദവിയും മനസാന്നിദ്ധ്യം കൊണ്ട് നേടിയെടുത്ത യൂനസ്. ഇവർക്ക് പകരം വെക്കാവുന്ന ഒരു മിഡിൽ ഓർഡർ ദ്വയം പാകിസ്ഥാൻ ക്രിക്കറ്റിന് അതിനു മുന്നെയും അതിന് ശേഷവും ലഭിച്ചിട്ടില്ല.


റെക്കോർഡുകളുടെ കണക്കു പുസ്തകത്തിൽ എന്നും തിളങ്ങി നിൽക്കുന്ന രണ്ട് മുഖങ്ങൾ എന്നതിൽ അപ്പുറം, അവർ ക്രിക്കറ്റ് സ്നേഹികൾക്ക് നൽകിയത് മികവാർന്ന ‘എലഗൻ്റ് സ്ട്രോക്ക് പ്ലേയുടെ’ കൺകുളിർക്കുന്ന കാഴ്ചകൾ ആയിരുന്നു.
പ്രോപ്പർ ക്രിക്കറ്റിംഗ് സ്ട്രോക്കുകളുടെ നിലവറ തുറക്കുന്ന രണ്ട് അതികായർ. കഴിവ് കൊണ്ട് ഒരുപടി മുന്നിൽ യൂസഫ് ആയിരുന്നെങ്കിലും തൻ്റെ കഠിനാദ്ധ്വാനം കൊണ്ട് അതിനൊപ്പം എത്തുന്ന യൂനസ്.

പാകിസ്ഥാനോടുള്ള വിരോധം കൊണ്ട് ഇവർ ഔട്ട് ആവാൻ പ്രാർത്ഥിക്കാത്ത ഒരൊറ്റ ഇന്ത്യൻ ആരാധകരും ഉണ്ടാവില്ല. അത്രക്കായിരുന്നു ഇവരുടെ സ്കില്ലും മനസാന്നിദ്ധ്യവും ക്രിക്കറ്റിനോടുള്ള അഭിനിവേശവും.


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകം പാകിസ്ഥാൻ ക്രിക്കറ്റിനെ അടയാളപ്പെടുത്തിയ ഈ പേരുകൾക്ക് കോട്ടം തട്ടാൻ തുടങ്ങിയത് 2007 വെസ്റ്റ് ഇൻഡീസ് ലോകകപ്പോടെ ആണ്. പാക്കിസ്ഥാൻ കോച്ച് ബോബ് വൂമറിൻ്റെ മരണവും ലോകകപ്പിലെ നാണം കെട്ട പരാജയവും പാകിസ്ഥാൻ ക്രിക്കറ്റിനെ പിടിച്ചുലച്ച നാളുകൾ. പൊളിറ്റിക്സും തീവ്രചിന്താഗതികളും ക്രിക്കറ്റിനെ മറികടന്ന നാളുകൾ.

ഈ നാളുകളിൽ യൂസഫ് ഒരു പോരാളി എന്ന നിലയിൽ പരാജയപ്പെടുമ്പോൾ യൂനസ് പൊരുതി നേടിയ വിജയവും ആയ് പാക്കിസ്ഥാൻ ടീമിൽ തൻ്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയും മാറിയ കാലത്തിനൊപ്പം മാറിയ ക്രിക്കറ്റിനൊപ്പം പാക്കിസ്ഥാനിലേക്ക് 1992-നു ശേഷം മറ്റൊരു കപ്പെത്തിക്കുകയും ചെയ്തു.


യൂസഫിൻ്റെ പരാജയങ്ങൾ വ്യക്തി ജീവിതത്തിൻ്റെ പരാജയങ്ങൾ ആയിരുന്നു. അതും പാകിസ്ഥാൻ എന്ന രാജ്യത്തിൻ്റെ കലുഷിതമായ കാലാവസ്ഥയുടെ അടിച്ചമർത്തലുകൾക്ക് ഇരയായ്. അന്നും ഇന്നും എന്നും പാകിസ്ഥാൻ ക്രിക്കറ്റിലെ ക്ലാസിക് ബാറ്റിംങ് കലയുടെ അടിസ്ഥാനം യൂസഫ് എന്ന കലാകാരനായ കളിക്കാരൻ തന്നെയാണ്. അതേ പോലെ തന്നെ കഠിനാധ്വാനത്തിൻ്റെയും മനസാന്നിദ്ധ്യത്തിൻ്റെയും അളവുകോൽ യൂനസും. കാലമെത്ര കഴിഞ്ഞാലും ക്രിക്കറ്റിൻ്റെ ബാലപാഠങ്ങളിൽ നിങ്ങളുടെ കവർ ഡ്രൈവുകൾ അനിയന്ത്രിതം ഒഴുകുന്നുണ്ടാവും.

രാജ്യങ്ങൾക്കപ്പുറം ക്രിക്കറ്റിനെ സ്നേഹിക്കുന്ന കളിയാരാധകർക്ക് എന്നും നിങ്ങൾ കലാകാരൻമാർ ആണ് ക്രിക്കറ്റിനെ കൂടുതൽ മനോഹരമാക്കിയ കലാകാരൻമാർ.

അർജന്റീനയെ വിറപ്പിച്ച കരുത്തോടെ പച്ചപോരാളികൾ കോപ്പയിൽ പോരിനിറങ്ങുന്നു

പിന്നിൽ നിന്നും കുതിച്ചു കയറി അർജന്റീനക്ക് മൂക്കുകയറിട്ടു കൊളംബിയൻ പോരാളികൾ