മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഇത്തവണ മുംബൈ ഇന്ത്യൻസ് നിലനിർത്തിയേക്കില്ല എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 2022 സീസണിന് മുന്നോടിയായി ടീമുകൾ ആരെയൊക്കെ നിലനിർത്തും എന്ന ചർച്ചകൾ ചൂട് പിടിക്കുമ്പോഴാണ് ഹാർദിക്കിനെ നിലനിർത്താനോ RTM ഉപയോഗിക്കാനോ മുംബൈ ശ്രമിക്കില്ല എന്ന വാർത്തകൾ വരുന്നത്.
ക്യാപ്റ്റൻ രോഹിത് ശർമയും ജസ്പ്രീത് ബുംറക്കും ഒപ്പം ഓവർസീസ് പ്ലയർ ആയി കെയ്റൺ പൊള്ളാഡിനെയും നിലനിർത്തും. ഈ സമയം ഹാർദികിനെ നിലനിർത്താനുള്ള സാധ്യത പത്ത് ശതമാനത്തിലും താഴെയാണ്, ഹാർദിക് ലോകകപ്പിൽ വളരെ മികച്ച പ്രകടനങ്ങൾ നടത്തിയാൽ പോലും നിലനിർത്താനുളള സാധ്യത കുറവാണ്’ ഒരു മുതിർന്ന IPL ഒഫിഷ്യൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നാലാമത്തെ താരമായി പരിഗണിക്കുക സൂര്യകുമാർ യാദവിനെയോ ഇഷാൻ കിഷനെയോ ആവും എന്നും ഒഫിഷ്യൽ കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഹാർദിക്കിനെ ഒഴിവാക്കുന്ന തീരുമാനം തീർത്തും ക്രിക്കറ്റ് പരമാണ്. കഴിഞ്ഞ രണ്ട് സീസണുകളായി ഫോം ഔട്ടും പരിക്കുകളും വേട്ടയാടുന്ന ഹാർദിക്കിൽ നിന്നും പഴയ പ്രകടന മികവ് ടീമിന് ലഭിച്ചിരുന്നില്ല. തോളിലെ പരിക്ക് കരണം ഹാർദിക്ക് ബൗൾ ചെയ്യുന്നുമില്ല. ഈ സാഹചര്യത്തില്‍ ടീമിന് കൂടുതല്‍ ഉപകാരപ്പെടുന്ന ബാറ്റർമാരെ നിലനിർത്താനുള്ള തീരുമാനം തീർച്ചയായും യുക്തിപരാണ്.
2015 മുതല്‍ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായ ഹാർദിക് ടീമിന്റെ നാല് കിരീട വിജയങ്ങളില്‍ പങ്കാളി ആയിട്ടുണ്ട്. മുംബൈ കുപ്പായത്തിൽ 92 മത്സരങ്ങൾ കളിച്ച ഹാർദിക് 153.9 പ്രഹര ശേഷിയിൽ 1476 റൺസും 42 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2018,19 വർഷങ്ങളിൽ ഹാർദിക്കിന്റെ ബൗളിങ് ടീം വളരെയധികം ഉപയോഗിച്ചിട്ടുണ്ട്. 2018 ൽ ടീമിന്റെ ടോപ് വിക്കറ്റ് ടേക്കറും ഹാർദിക് ആയിരുന്നു – എന്നാൽ കഴിഞ്ഞ രണ്ട് സീസണിൽ ഹാർദിക് പന്തെറിഞ്ഞിട്ടില്ല.
ടീമുകളിൽ പലതും അടിമുടി മാറാനുള്ള തയാറെടുപ്പിലാണ്. ഈ ഡിസംബറിൽ തന്നെ മെഗാ ഓക്ഷൻ ഉണ്ടാവും. ഒരു ടീമിന് പരമാവധി നാല് പേരെ നിലനിർത്താനുള്ള അവസരം ഉണ്ടാവും. മൂന്ന് ഇന്ത്യനും ഒരു വിദേശിയും, അല്ലെങ്കില്‍ രണ്ട് ഇന്ത്യനും രണ്ട് വിദേശിയും. പുതിയ ടീമുകൾക്ക് മെഗാ ലേലത്തിന് മുന്നെ തന്നെ മൂന്ന് താരങ്ങളെ ടീമിൽ എത്തിക്കാനുള്ള അവസരമുണ്ട്. അങ്ങനെ ആവുമ്പോൾ രണ്ട് ടീമുകളിലൊന്നിൽ ഹാർദിക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്, ഒരുപക്ഷേ ക്യാപ്റ്റന്‍ ആയി പോലും പ്രതീക്ഷിക്കാം.