in

ഇത് NCG, നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട്! സ്വന്തം ഗ്രാമത്തിൽ നല്ലൊരു ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കാൻ നടരാജൻ!

ക്രിക്കറ്റ് അക്കാദമിക്ക് പിന്നാലെ നാട്ടിൽ ഒരു ക്രിക്കറ്റ് ഗ്രൗണ്ട് കൂടി നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യൻ താരം ടി നടരാജൻ. തമിഴ്നാട്ടിൽ തന്റെ ചെറിയ ഗ്രാമത്തിലെ യുവാക്കലേക്ക് ക്രിക്കറ്റ് എത്തിക്കുക എന്ന ഉദ്യമത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ഇതിലൂടെ. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച നടരാജൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രൊഫഷണല്‍ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

Natarajan

തമിഴ്നാടുകാരൻ ഇടംകൈയ്യൻ പേസർ ടി നടരാജൻ എന്ന, തങ്കരാസു നടരാജൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പ്രിയങ്കരനാണ്. ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഇന്റർനാഷണൽ ക്രിക്കറ്റെന്ന ഏറ്റവും ഉന്നതമായ തലത്തിലേക്ക് എത്തിയ നടരാജൻ അഭിമാനവും, യുവ തലമുറക്ക് പ്രചോദനവുമാണ്. പരിക്കുകളാൽ വേട്ടയാടപ്പെട്ട ഈ 30 കാരൻ കുറച്ചധികം നാളുകളായി പ്രൊഫഷണല്‍ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്, എന്നാൽ ആ സമയം വെറുതെ കളയാതെ തന്റെ നാടിനും നാട്ടിലെ വളർന്ന് വരുന്ന ചെറുപ്പക്കാർക്കും വേണ്ടി ചിലവഴിക്കുകയാണ് നടരാജൻ! ഏറ്റവും പുതിയ ഉദ്യമം ഒരു ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കലാണ്, എല്ലാവിധ സൗകര്യങ്ങളോടും കൂടിയത്!

നടരാജൻ ടിട്വറിലൂടെയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. ‘എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ക്രിക്കറ്റ് ഗ്രൗണ്ട് എന്റെ ഗ്രാമത്തിൽ തയാറാക്കുന്ന കാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ട്.. ഈ ഗ്രൗണ്ട് നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന് അറിയപ്പെടും’ ഗ്രൗണ്ടിന്റെയും തന്റെയും ചരിത്രത്തിനൊപ്പം നടരാജൻ എഴുതി. ‘കഴിഞ്ഞ വർഷം ഡിസംബറിൽ ഞാൻ ഇന്ത്യക്ക് വേണ്ടി അരങ്ങേറി, ഈ വർഷം ഡിസംബറിൽ ഞാൻ ഒരു ഗ്രൗണ്ട് നിർമ്മിക്കുന്നു’  എന്ന് എഴുതി ട്വീറ്റ് അവസാനിക്കുന്നു.

Natarajan

ഒരു സാധാരണക്കാരനിൽ നിന്നും ക്രിക്കറ്റിലൂടെ മാത്രം വളർന്ന ‘നട്ടു’ തന്റെ ഗ്രാമത്തിനും ക്രിക്കറ്റിനും വേണ്ടി പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. തന്റെ മെന്റർ ആയിരുന്നു ജയപ്രകാശിനൊപ്പം ചേർന്ന് നടരാജൻ തന്റെ ഗ്രാമത്തിൽ ഒരു ക്രിക്കറ്റ് അക്കാദമിയും നിർമിച്ചിരുന്നു. പിന്നീട് TNPL ലും മറ്റും തിളങ്ങിയ പെരിയസ്വാമിയെ പോലുള്ള താരങ്ങളെ വാർത്തെടുക്കുന്നതിൽ ഈ അക്കാദമി വലിയ പങ്ക് വഹിച്ചു. അക്കാദമിക്ക് പിന്നാലെ മികച്ച ഒരു ക്രിക്കറ്റ് ഗ്രൗണ്ട് എന്ന ആശയം കൂടി നടരാജൻ ഏറ്റെടുമ്പോൾ അത് ഒരു ചെറിയ തമിഴ് ഗ്രാമത്തിലെ യുവ തലമുറക്ക് ക്രിക്കറ്റിലെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദനമാവും എന്ന കാര്യത്തിൽ സംശയങ്ങളില്ല.

സേലം ജില്ലക്കടുത്ത് ചിന്നപ്പാംപെട്ടി എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന നടരാജൻ TNPL ലെ പ്രകടനങ്ങളിലൂടെ ആണ് ശ്രദ്ധ നേടുന്നത്. 2017 സീസണിൽ കിങ്സ് ഇലവൻ പഞ്ചാബ് മൂന്ന് കോടി രൂപക്ക് നടരാജനെ ടീമിലെത്തിച്ചു, ആറ് മത്സരങ്ങളിൽ നിന്നും രണ്ട് വിക്കറ്റുകൾ നേടാനെ നടരാജന് കഴിഞ്ഞുള്ളു. പിന്നീട് രണ്ട് സീസണുകൾ തോളിലേറ്റ പരിക്ക് കാരണം നഷ്ടമായ നടരാജൻ 2019 ൽ 40 ലക്ഷം രൂപക്ക് സൺ റൈസേസ് ടീമിലെത്തി. ആദ്യ സീസണിൽ ബഞ്ചിൽ ഇരുന്നു എങ്കിലും 2020 ൽ അവസരങ്ങൾ കിട്ടി. യോർക്കറുകൾ കൊണ്ട് ബാറ്റർമാരെ ബുദ്ധിമുട്ടിച്ച നടരാജൻ പതിനാറ് മത്സരങ്ങളിൽ നിന്നും പതിനാറ് വിക്കറ്റുകൾക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയും പിടിച്ചുപറ്റി.

2020 ലെ വിഖ്യാതമായ ഓസ്ട്രേലിയൻ ടുറിലാണ് നടരാജൻ ഇന്റർനാഷണൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ മികച്ച ഒരു IPL സീസണാണ് നടരാജന് ടിട്വന്റി ടീമിലേക്ക് സ്ഥാനം നേടി കൊടുത്തത്. എന്നാൽ ആ ടൂറിൽ തന്നെ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം നടത്താനുള്ള ഭാഗ്യം നടരാജനെ തേടിയെത്തി – ഇത്തരത്തിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമായി നടരാജൻ! ഗാബയിൽ ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം നേടിയ ടെസ്റ്റിലാണ് നടരാജൻ ഭാഗമായത്. മുൻനിര പേസർമാർക്കെല്ലാം പരിക്ക് പറ്റിയതോടെ ആണ് നടരാജന് നറുക്കുവീണത്.

ഇന്റർനാഷണൽ ക്രിക്കറ്റിൽ 4 ടിട്വന്റി മത്സരങ്ങളും രണ്ട് ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരവും കളിച്ച നടരാജൻ മാർച്ചിലാണ് അവസാനമായി ഇന്ത്യൻ കുപ്പായം അണിഞ്ഞത്. പരിക്കുകൾ കാരണം IPL ന്റെ രണ്ടാം പകുതിയും നഷ്ടമായി. വരുന്ന സീസണിൽ ഒരു മികച്ച തിരിച്ചുവരവ് നടത്താനാവും നടരാജൻ ആഗ്രഹിക്കുന്നത്.

റാമോസിനെ റയൽ മാഡ്രിഡ് ആരാധകർ തടസ്സപ്പെടുത്തുമെന്ന് ഫ്രെഡ് ഹെർമ്മൽ…

വിടവാങ്ങൽ വേളയിൽ കണ്ണീരണിഞ്ഞു അഗ്യൂറോയുടെ വാക്കുകളിങ്ങനെ