ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആണ് ആദം ഗിൽക്രിസ്റ്റ്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും മാന്യനായ താരം എന്നു കൂടിയാണ് ഗില്ലിയെ വിശേഷിപ്പിക്കുന്നത്.
ആദ്യ IPL സീസണിൽ ഏറ്റവും പിന്നിലായ ഡെക്കാൻ ചാർജേഴ്സിന് IPL രണ്ടാം സീസണിൽ കിരീടം നേടി നൽകി ഇന്ത്യൻ മണ്ണിലും ഗില്ലി തന്റെ നായക പാടവം തെളിയിച്ചതാണ്.
ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരുണ്ടൽ വിഷയത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് ഗില്ലി ഇപ്പോൾ.
2018 മുതൽ കുപ്രസിദ്ധമായ ബോൾ-ടാംപറിംഗ് സാഗയുമായി ബന്ധപ്പെട്ട എല്ലാ കളിക്കാരെയും തുറന്നുകാട്ടണമെന്ന് അദ്ദേഹംഅഭിപ്രായപ്പെട്ടു. വിശദമായ അന്വേഷണം നടത്താതെ ഇക്കാര്യം തുടക്കത്തിലേ മുക്കിയതിന് അദ്ദേഹം ക്രിക്കറ്റ് ഓസ്‌ട്രേലിയയെ (സിഎ) കുറ്റപ്പെടുത്തി.
കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ഓപ്പണർ കാമറൂൺ ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടിയത് കയ്യോടെ പിടിച്ചിട്ട് മൂന്ന് വർഷമായി. തുടർന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
എന്നിരുന്നാലും, ബാൻക്രോഫ്റ്റ് ഈ പദ്ധതിയെക്കുറിച്ച് ടീമിലെ ബോളർമാർ എല്ലാം ബോധവാന്മാരാണെന്ന് സൂചന നൽകിയതിനെത്തുടർന്ന് ഈ അഴിമതി വീണ്ടും പുറത്തുവന്നിട്ടുണ്ട്.