സ്പാനിഷ് ക്ലബ് ബാഴ്‍സലോണയുടെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് സാവി. ബാഴ്‍സയുടെ സുവർണ തലമുറയുടെ പതാക വാഹകൻ കൂടിയാണ് ഈ സ്പാനിഷ് ഫുട്ബോളർ. ഡച്ചു പരിശീലകൻ റൊണാൾഡ് കൂമാന്റെ കീഴിൽ ദിശ തെറ്റിയ കപ്പൽ പോലെ ആടി ഉലയുകയാണ് ബാഴ്‍സലോണ
തോൽവിയുടെ നടുക്കടലിൽ സമ്മർദ്ദങ്ങളുടെ കൊടുങ്കാറ്റിൽ ദിശ തെറ്റി ആടിയുലയുന്ന ബാഴ്‌സയുടെ കപ്പലിനെ വിജയ തീരത്തേക്ക് അടുപ്പിക്കാനായി ഒരു രക്ഷകന്റെ പരിവേഷമുള്ള നാവികനായി തങ്ങളുടെ പഴയ സൂപ്പർ ഹീറോ മടങ്ങി വരുമെന്നാണ് ആരാധകർ കരുതുന്നത്.
സാവി ബാഴ്‍സലോണയുടെ പരിശീലകാനായി വരുന്നു എന്ന റൂമർ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സർ അലക്സ് ഫെർഗൂസൺ ചെയ്തത് പോലുള്ള വലിയ കാര്യങ്ങൾ ചെയ്യാൻ ബാഴ്‍സയിൽ പരിശീലകാനായി സാവി എത്തിയാൽ അദ്ദേഹത്തിന്, സാധിക്കുമെന്ന് മുമ്പ് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വിക്ടർ ഫോണ്ട് അഭിപ്രായപ്പെട്ടിരുന്നു.
നിലവിലെ ബാഴ്‍സലോണ പ്രസിഡന്റ് ജുവാൻ ലാപോർട്ട സാവിയെ ബാഴ്‍സയിലെത്തിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അദ്ദേഹവുമായി ചർച്ചകൾ തുടങ്ങിയ ഉടൻ തന്നെ അദ്ദേഹം സ്പെയിനിലേക്ക് മടങ്ങി എത്തിയത് ശുഭ ലക്ഷണമായാണ് ആരാധകർ കാണുന്നത്.
ഡച്ചു പരിശീലകൻ റൊണാൾഡ് കൂമാന്റെ തന്ത്രങ്ങൾ ബാഴ്‍സയിൽ ഒന്നൊന്നായി പിഴക്കുകയാണ്. ഈ സാഹചര്യത്തിൽ ബാഴ്‍സയുമായും മെസ്സിയുമായും വൈകാരികമായി ഏറെ അടുപ്പമുള്ള സാവി രക്ഷകനായി വരുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. അതിന്റെ മുന്നോടിയായി ആണ് അദ്ദേഹം സ്പെയിനിലേക്ക് തിരിച്ചു വന്നത് എന്നാണ് കണക്ക് കൂട്ടൽ.