മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയിരിക്കും ഇത്. ഇക്കാര്യത്തിൽ ധോണി ചില സൂചനകളും നൽകിയിട്ടുണ്ട്. ഇത് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആണെങ്കിൽ അടുത്ത സീസണിൽ ചെന്നൈയെ നയിക്കുന്നത് ആരായിരിക്കും?
കഴിഞ്ഞ സീസൺ തുടക്കത്തിൽ രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈയുടെ നായകൻ. ജഡേജക്ക് ടീമിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തതോടെ നായകസ്ഥാനം വീണ്ടും ധോണിക്ക് നൽകുകയായിരുന്നു. എങ്കിലും ധോണിക്ക് ശേഷം അടുത്ത സീസണിൽ ചെന്നൈയുടെ നായകനായി ജഡേജയുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
ഈ ലേലത്തിൽ ചെന്നൈ വമ്പൻ തുക മുടക്കി സ്വന്തമാക്കിയ ബെൻ സ്റ്റോക്ക്സിന്റെ പേരും നായകസ്ഥാനത്തേക്ക് ഉയരുന്നുണ്ട്. യുവതാരം ഋതുരാജ് ഗെയ്ക്വാദും സാധ്യത പട്ടികയിൽ ഉണ്ട്.
ഇത്തരത്തിൽ മൂന്നു താരങ്ങളാണ് ചെന്നൈയുടെ അടുത്ത നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ ഇതിനിടയിൽ വളരെ വിചിത്രമായ പേര് നിർദ്ദേശിച്ചിരിക്കുകയാണ് മുൻ പാക് താരമായ വസീം അക്രം.
ഈ സീസണിൽ ചെന്നൈ ടീമിലെത്തിച്ച അജിൻക്യാ രഹാനെയുടെ പേരാണ് വാസിം അക്രം നിർദ്ദേശിച്ചിരിക്കുന്നത്. രഹാനെ മികച്ച താരമാണെന്നും ഐപിഎല്ലിൽ അദ്ദേഹത്തിന് നായകനായി പരിചയസമ്പത്ത് ഉണ്ടെന്നും വസീമ അക്രമം ചൂണ്ടിക്കാട്ടുന്നു. നേരത്തെ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്നു രഹാനെ.