ടോട്ടൽ ഫുടബോളിനു പേരുകേട്ട സാക്ഷാൽ യോഹാൻ ക്രൈഫിന്റെ പിന്മുറക്കാർ ഉക്രൈനെ ആoസ്റ്റർഡാം അരീനയിലിട്ടു തകർത്തു യൂറോയിലെ ആദ്യ വിജയം സ്വന്തമാക്കി.
3-5-2 എന്ന ഫോർമേഷനിൽ അറ്റാക്കിങ്ങിൽ ഊന്നിയുള്ള ഫ്രാങ്ക് ഡി ബോയറിന്റെ തന്ത്രങ്ങൾ ആദ്യ പകുതി മുതൽ വിജയിക്കുന്ന ദൃശ്യമായിരുന്നു നെതെർലാൻഡ് ഉക്രൈൻ മത്സരത്തിന്റെ സൗന്ദര്യം. അറ്റാക്കിങ്ങും പ്രതിരോധവും സമ്മേളിക്കുന്ന ഡച്ചു ഫുട്‍ബോളിന്റെ ടോട്ടൽ ഫുട്‍ബോൾ ശൈലി ഒരിക്കൽക്കൂടി ഓറഞ്ച് പട പുറത്തെടുത്തപ്പോൾ ആദ്യ മിനുട്ടു മുതൽ ഉക്രൈൻ ഗോൾ വല ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന ആക്രമണ ഫുടബോളിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
നിരന്തരം ഉക്രൈൻ ഗോൾ മുഖത്തേക്ക് പന്ത് തൊടുത്തു വിട്ട ഓറഞ്ച് പടക്കു പലപ്പോഴും ഉക്രൈൻ ഗോളി ബസ്‌ചാൻ വിലങ്ങു തടിയായി. ഒടുവിൽ ഉക്രൈൻ ഗോളി തന്നെ വരുത്തിയ പിഴവിൽ നിന്നും കിട്ടിയ പന്ത് ബുള്ളറ്റ് വേഗതയിൽ നെതെർലാൻഡ് ക്യാപ്റ്റൻ വൈനാൾഡാം വലയിലെത്തിച്ചു ഓറഞ്ച് പടക്കു ലീഡ് സമ്മാനിച്ചു. നിമിഷനേരം കൊണ്ട് മറ്റൊരു റീബൗണ്ട് ഉക്രൈൻ ഗോൾ വല തുളച്ചു വൂൾസ്ബർഗ് താരം വെങ്കോസ്റ് നെതെര്ലാന്ഡിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
ഉക്രൈനും അക്രമത്തിലേക്ക് നീങ്ങിയ അവസാന മിനിറ്റുകളിൽ രണ്ടു ഗോൾ തിരിച്ചടിച്ചു ഉക്രൈൻ 2-0 ത്തിൽ നിന്നും 2-2 എന്ന സെയ്ഫർ സോണിൽ എത്തി. അതിമനോഹരമായിരുന്നു ഉക്രൈനിന്റെ രണ്ടു ഗോളുകളും, ആദ്യ ഗോൾ യാർമലെങ്കോ എന്ന ഉക്രൈൻ ക്യാപ്റ്റന്റെ മനോഹരമായ ലോങ്ങ് റേഞ്ച് മഴവില്ലഴകിൽ ഡച്ചു വലയിലേക്ക് താഴ്ന്നിറങ്ങുമ്പോൾ നെതെർലാൻഡ് ഗോളി നിഷ്പ്രഭനായിരുന്നു. രണ്ടാം ഗോൾ മലിനോവിസ്‌കി എടുത്ത ഫ്രീ കിക്ക് മനോഹരമായ ഹെഡ്‍റിലൂടെ ഡച്ചു പോസ്റ്റിലെത്തിച്ചു യാറംചുങ്കിന്റെ സംഭാവനയായിരുന്നു.
സമനില വഴങ്ങിയതോടെ ആക്രമണത്തിന് മൂർച്ച വർധിപ്പിച്ച ഓറഞ്ച് പടക്കായി നഥാൻ ആകേ നൽകിയ സെറ്റ് പീസിനു തല വെച്ചു ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ പലതും പാഴാക്കിയ ഡംഫ്രൈസ് മൂന്നാം ഗോളും അർഹതപ്പെട്ട വിജയവും കൈവരിച്ചു. പൊരുതി നേടിയ സമനില നിലനിർത്താനാകാത്തതിന്റെ നിരാശ ഉക്രൈൻ നിരയിൽ പ്രകടമായിരുന്നു.