മുൻ ആഴ്‌സണൽ താരമായിരുന്ന മെസുട്ട് ഓസിലിന്റെ കരാർ റദ്ദാക്കാനുള്ള നടപടികൾ തുർക്കിഷ് ക്ലബായ ഫെനർബാഷെ തുടങ്ങിയതായി റിപോർട്ടുകൾ. നിലവിൽ ഫെനർബാഷെയുടെ താരമാണ് ഓസിൽ.
ഫെനര്‍ബാഷെയുടെ താല്‍ക്കാലിക പരിശീലകന്‍ ഇസ്മായില്‍ കര്‍താലുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് താരത്തെ കഴിഞ്ഞ മാസം ക്ലബ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഓസിലിന്റെ കരാര്‍ റദ്ദാക്കാന്‍ ക്ലബ് നീക്കം നടത്തുന്നത്.
ഓസിലിനെ ടീമില്‍ പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ “ഞങ്ങള്‍ക്ക് ഇപ്പോള്‍ അതിനുള്ള പദ്ധതിയില്ല. ഈ തീരുമാനം കുട്ടിക്കളിയല്ല. ഏറ്റവും പ്രധാന്യം ക്ലബിനാണ്,” ഇങ്ങനെയായിരുന്നു ഫെനര്‍ബാശേ പ്രസിഡന്റ് അലി കോക്കിന്റെ മറുപടിയെന്ന് ഡിയാറിയോ എ.എസ് റിപ്പോര്‍ട്ട് ചെയ്തു.
2024 ജൂണ്‍ വരെ ഓസിലിന്റെ കരാര്‍ നിലവിലുണ്ടെങ്കിലും, അദ്ദേഹത്തിന്റെ കരാര്‍ റദ്ദാക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
ഓസിലിൽ ഇംഗ്ലീഷ് ക്ലബ് ഹള്‍ സിറ്റിക്കും എം.എല്‍.എസില്‍ ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇന്റര്‍ മയാമിക്കും താത്പര്യമുള്ളതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയിൽ കളിക്കാൻ ഓസിൽ തയ്യാറാണ് എന്നതിനാൽ തന്നെ, യാഥാർത്ഥ്യബോധത്തോടെ നോക്കിയാൽ താരത്തിന്റെ അടുത്ത ക്ലബ് ഇന്റർ മയാമി ആകാനാണ് കൂടുതൽ സാധ്യത.