ബ്രസീൽ ഫുട്ബോൾ പ്രേമികൾക്ക് ഏറെ ആകാംക്ഷ വളർത്തുന്ന ഒരു വാർത്തയാണ് ഏറ്റവും അവസാന നിമിഷങ്ങളിൽ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഖത്തർ ലോകകപ്പിനു ശേഷം ദേശീയ ടീമിന്റെ പരിശീലകനായി പെപ് ഗ്വാർഡിയോളയെ നിയമിക്കാനുള്ള നീക്കങ്ങളുമായി ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ. ലോകകപ്പിനു ശേഷം നിലവിലെ പരിശീലകൻ ടിറ്റെ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് മാഞ്ചസ്റ്റർ സിറ്റി മാനേജരായ പെപ് ഗ്വാർഡിയോളയെ ബ്രസീൽ നോട്ടമിടുന്നത്.
ടിറ്റെ സ്ഥാനമൊഴിയുന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും മാർക്കക്കു നൽകിയ അഭിമുഖത്തിൽ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ കോർഡിനേറ്ററായ ജുനിന്യോ പൗലിസ്റ്റ അതിന്റെ സൂചനകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്. ലോകകപ്പ് കിരീടം നേടി സ്ഥാനമൊഴിയാമെന്ന പ്രതീക്ഷയോടെ ടിറ്റെ ഇരിക്കുമ്പോൾ അതിനു ശേഷവും ടീമിന്റെ ഭാവി ഭദ്രമാക്കാനാണ് ബ്രസീൽ ഒരുങ്ങുന്നത്.
പന്ത്രണ്ടു മില്യൺ യൂറോ പെപ് ഗ്വാർഡിയോളക്ക് പ്രതിവർഷം വേതനമായി ഓഫർ ചെയ്യാനാണ് ബ്രസീൽ ഒരുങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റി നൽകുന്ന ഇരുപതു മില്യൺ യൂറോ പ്രതിഫലം വെച്ചു നോക്കുമ്പോൾ ഇതു കുറവാണെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ള ഗ്വാർഡിയോള അത് സ്വീകരിക്കാനുള്ള സാധ്യതയുണ്ട്.
ബ്രസീലിന്റെ ഓഫർ ഗ്വാർഡിയോള സ്വീകരിച്ചാലും ഖത്തർ ലോകകപ്പിനു പിന്നാലെ തന്നെ പരിശീലകനായി സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായേക്കില്ല. 2023ൽ മാഞ്ചസ്റ്റർ സിറ്റി കരാർ അവസാനിക്കുന്ന അദ്ദേഹം അതിനു ശേഷമാകും ബ്രസീലിലേക്ക് ചേക്കേറുക. 2026 ലോകകപ്പ് വരെയുള്ള നാല് വർഷത്തെ കരാറാണ് താരത്തിനായി ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ വാഗ്‌ദാനം ചെയ്‌തതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു