2020 യൂറോ കപ്പ് പ്രീ ക്വാർട്ടറിലെ ഏറ്റവും ആകർഷണീയമായ മത്സരമാണ് ഞായറാഴ്ച നടക്കുന്ന ബെൽജിയം- പോർച്ചുഗൽ സൂപ്പർ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലും ഫിഫ റാങ്കിംഗിൽ ഒന്നാമതുള്ള ബെൽജിയവും കൊമ്പുകോർക്കുമ്പോൾ ആവേശം അതിൻ്റെ പാരമ്യത്തിലെത്തുമെന്നുറപ്പ്.
ഗ്രൂപ്പ് B യിലെ തങ്ങളുടെ മൂന്ന് മത്സരവും ജയിച്ചാണ് ബെൽജിയത്തിൻ്റെ വരവ്. പോർച്ചുഗലാകട്ടെ മരണഗ്രൂപ്പിൽ നിന്നു ഒരു ജയവും ഒരു സമനിലയും ഒരു തോൽവി യുമായി മൂന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
ശക്തരായ ജർമനിയും ഫ്രാൻസും, ഹംഗറിയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് മുന്നേറിയത് പോർച്ചുഗലിന് ആത്മവിശ്വാസം പകരുമ്പോൾ ബെൽജിയത്തിൻ്റെ പ്രതീക്ഷ അവരുടെ മുന്നേറ്റ നിരയുടെ തകർപ്പൻ ഫോമിലാണ്.
ഇരുടീമുകളും ഇതുവരെ 18 തവണയാണ് പരസ്പരം മത്സരിച്ചി ട്ടുള്ളത്.
ഇതിൽ പോർച്ചുഗൽ 6 മത്സരവും ബെൽജിയം 5 മത്സരവും വിജയിച്ചപ്പോൾ 7 മത്സരം സമനിലയിൽ കലാശിച്ചു.
2000 ന് ശേഷം നടന്ന 5 മത്സരങ്ങളിലും പോർച്ചുഗലിനെ കീഴടക്കാൻ ബെൽജിയത്തിനായിട്ടില്ല. പോർച്ചുഗൽ 3 മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ അവസാനിച്ചു. അവസാനം നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയാണുണ്ടായത്.
ബെൽജിയത്തിൻ്റെ സുവർണ്ണ തലമുറയ്ക്ക് ഇത് മികച്ച നേട്ടങ്ങളുണ്ടാക്കുന്നതിനുള്ള അവസാന അവസരങ്ങളാണ്.
പോർച്ചുഗൽ ആവട്ടേ വമ്പന്മാരുടെ കൂട്ടത്തിലെ തങ്ങളുടെ സ്ഥാനം മൂന്നാം കിരീട നേട്ടത്തോടെ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലും.
തുല്യശക്തികളുടെ പോരാട്ടത്തിൽ ആര് വീഴും ആര് വാഴും എന്നറിയാനുള്ള ആകാംഷയിലാണ് ഫുട്ബോൾ ലോകം. സ്പെയിനിലെ Estadio de La Cartujaയിലാണ് മത്സരം നടക്കുക.
ടൂർണമെൻ്റിന് മുൻപേ തന്നെ കിരീട സാധ്യത കൽപിക്കപ്പെട്ടിരുന്ന രണ്ട് ടീമുകൾ പ്രീ ക്വാർട്ടറിൽ തന്നെ പരസ്പരം മത്സരിക്കുമ്പോൾ വ്യക്തമായ ഒരു പ്രവചനം അസാധ്യം.