സെർജിയോ റാമോസിന് ബമ്പർ ഓഫർ കാത്തു വച്ചു പാരീസ് സെന്റ് ജർമൻ. ലോക ഫുട്ബോളിലെ എണ്ണം പറഞ്ഞ ഡിഫൻഡർമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്നിൽ തന്നെ കാണും ഈ സ്പാനിഷ് പടത്തലവന്റെ പേരും.
സ്വന്തം ടീമിന്റെ ജയതിനായി എന്തും ചെയ്യുന്നവൻ അവിടെ അയാൾ ഏത് മാർഗവും സ്വീകരിക്കാൻ തയ്യാറാണ്. അവിടെ സ്വന്തം ടീമിന്റെ ജയം മാത്രമാണ് അയാളുടെ ന്യായവും ശരിയും.
“സെർജിയോ റാമോസ്” ഈ പേര് കേൾക്കുന്ന ഓരോ റയൽ മാഡ്രിഡ് ആരാധകനും മനസിലേക്ക് ഓടിവരുന്ന ഒരു നിമിഷമുണ്ട്. വിശ്വവിഖ്യാതമായ യൂറോപ്യൻ കിരീടപോരാട്ടത്തിൽ അയൽക്കാരായ അത്ലറ്റികോ മാഡ്രിഡിന് മുമ്പിൽ തോൽവിയിലേക്ക് വീഴാറായ ടീമിനെ അവസാനനിമിഷത്തില ഹെഡറിലൂടെ സ്വന്തം ചുമലിലേറ്റി നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം യൂറോപ്പിന്റെ തമ്പുരാന്മാരാക്കിയ അതേ നിമിഷം.
എന്നാൽ പ്രായം തളർത്തി തുടങ്ങിയ റാമോസിനോട് റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന് പഴയ വാത്സല്യം ഇല്ല. അത് മുതലാക്കി വരുന്ന സമ്മർ സീസണിൽ റാമോസിനെ പാരീസിൽ എത്തിക്കുവാൻ ആണ് PSG ശ്രമിക്കുന്നത്.
റയൽ മാഡ്രിഡുമായി കരാർ നീട്ടുന്നതിനെ പറ്റിയുള്ള ചർച്ചകൾ ഒന്നും റാമോസ് ഇതുവരെ നടത്തിയതായി ഒരു റിപ്പോർട്ട് പോലുമില്ല. അതേ സമയം സെർജിയോ റാമോസിന്റെ ഏജന്റും സഹോദരനുമായ റെനേ റാമോസ് PSG യുമായി ചർച്ചകൾ നടത്തുന്നുമുണ്ട്.
നിലവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് റെനേ റാമോസും PSG സ്കൗട്ടിങ് മേധാവി ലിയനാഡോയും തമ്മിലുള്ള ചർച്ചയിൽ വേണമെങ്കിൽ ഒരു വർഷത്തെക്ക് കൂടി കൂട്ടുവാൻ കഴിയുന്ന തരത്തിലുള്ള രണ്ട് വർഷത്തേക്ക് 10 മില്യൻ യൂറോയുടെ ബോണസ് വരെ ഉൾപ്പെടെയുള്ള ബമ്പർ ഓഫർ ആണ് PSG സ്പാനിഷ് താരത്തിന് വച്ചു നീട്ടുന്നത്.