വളരെ ചെറിയ പ്രായത്തിൽ തന്നെ മിന്നുന്ന പ്രകടനത്തിലൂടെ ഏഷ്യയിലെ ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ പ്രതീക്ഷയുടെ പുതു നാമ്പുകൾ മുളപ്പിച്ച താരമായിരുന്നു. ജപ്പാനീസ് യുവതാരം ടാകെഫുസ കുബോ. താരം പ്രായപൂർത്തിയാകുന്നതിനു മുൻപേ തന്നെ യൂറോപ്പിലെ വമ്പൻ ടീമുകൾ അദ്ദേഹത്തിനായി ക്യൂ നിൽക്കുകയായിരുന്നു.
ട്രാൻസ്ഫർ വിപണിയിലെ എക്കാലത്തെയും രാജാക്കന്മാരായ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് തന്നെ അന്ന് വിജയിച്ചു. എന്നാൽ പ്രതിഭകളെ വാങ്ങി കൂട്ടി ബെഞ്ചിൽ ഇരുത്തുന്ന റയൽ മാഡ്രിഡ് എഫ് സിയുടെ പതിവിന് അവിടെ മാറ്റം വന്നില്ല.
ഹാമിഷ് റോഡ്രിഗസ് പോലെയുള്ള താരങ്ങൾ അനുഭവിച്ച ദുരവസ്ഥയിലേക്ക് ആയിരുന്നു താരവും നീങ്ങുന്നത് എന്ന് മറ്റുള്ളവർ വിധിയെഴുതി, എന്നാൽ റയൽമാഡ്രിഡ് താരങ്ങളെ ലോൺ അടിസ്ഥാനത്തിൽ മറ്റു ക്ലബ്ബുകൾക്ക് കളിക്കാൻ വിട്ടു നൽകിയപ്പോൾ ഈ ജാപ്പനീസ് താരവും അതിൽ ഉൾപ്പെട്ടു.
താരത്തിൻറെ കാര്യത്തിൽ ഈ സീസണിലും അതേ സമീപനം തന്നെ തുടരുവാൻ ആണ് ക്ലബ്ബിൻറെ തീരുമാനം , റയൽ മാഡ്രിഡിന്റെ ജപ്പാനീസ് യുവതാരം ടാകെഫുസ കുബോ (20) വരാനിരിക്കുന്ന സീസണിലും ലോണിൽ കളിക്കും എന്ന് ഇതോടെ ഉറപ്പായി.
മുൻ സീസണിൽ ലോണിൽ (2019-20) കളിച്ചിട്ടുള്ള ലാ ലീഗ ക്ലബ് മായ്യോർക്ക എഫ്സിയിലേക്ക് തന്നെയാണ് കുബോ പോകുന്നത്. സ്വന്തം രാജ്യത്ത് നടന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ ജപ്പാന് വേണ്ടി മിന്നും പ്രകടനം കാഴ്ച്ചവെക്കാൻ കുബോക്ക് കഴിഞ്ഞിരുന്നു.