റയൽ മാഡ്രിഡിന്റെ എറ്റവും മോശം സൈനിങ്ങുകളിൽ ഒന്നാണ് ബെൽജിയം താരം ഏദൻ ഹസാദിനെ ചെൽസിയിൽ നിന്നും വൻ തുക മുടക്കി മാഡ്രിഡിൽ എത്തിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹസാഡിന്റെ കാര്യത്തിൽ ആരാധകർ ഒട്ടും സംതൃപ്തരല്ല. സ്പാനിഷ് മാധ്യമമായ മാർകയുടെ റിപ്പോർട്ട് അനുസരിച്ച് റയൽ മാഡ്രിഡ് ബെൽജിയൻ താരത്തിനെ ഒഴിവാക്കാനുള്ള നീക്കത്തിലാണ്.
നിലവിൽ ഹസാദിനായി മറ്റു ക്ലബ്ബുകളിൽ നിന്നും വരുന്ന ഓഫറുകൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് റയൽ മാഡ്രിഡ് ഇപ്പോൾ. യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ചെൽസിയോട് റയൽ മാഡ്രിഡ് പരാജയം നേരിട്ടതിന് പിന്നാലെ ചെൽസി താരങ്ങളുമായി ഹസാദ് ചിരിച്ചു കൊണ്ട് കുശലം പങ്കു വച്ചത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഈ വിഷയത്തിൽ ഹസാദ് ആരാധകരോട് മാപ്പ് പറഞ്ഞു എങ്കിലും ആരാധകർ അടങ്ങുന്ന മട്ടില്ല. റയൽ മാഡ്രിഡ് ക്ലബ്ബിനും താരത്തിനെ കൊണ്ട് കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ടീമിൽ എത്തിയ കാലം മുതൽ തന്നെ പരുക്കുകൾ വേട്ടയാടുന്ന താരം മികച്ച ഫോമിൽ ഇതുവരെ റയലിന് വേണ്ടി കളിച്ചില്ല. നിലവിൽ താരത്തിന് 3 വർഷത്തെ കരാർ കൂടി റയലിൽ ബാക്കിയുണ്ട്, എന്നാൽ റയലിന് ഇപ്പോൾ താരത്തിനെ ടീമിൽ വച്ചു കൊണ്ടിരിക്കാൻ തീരെ താൽപ്പര്യം ഇല്ല എന്നാണ് റിപ്പോർട്ട്.