ഐഎസ്എൽ കിരീടപോരട്ടത്തിലേക്ക് കടക്കുമ്പോൾ ഗോൾഡൻ ഗ്ലൗവിന് വേണ്ടിയുള്ള പോരാട്ടവും ശക്തമാവുകയാണ്. ഗോൾഡൻ ഗ്ലൗ പോരാട്ടത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരവും മലയാളിയുമായ ടിപി രഹനേഷും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ യുവഗോൾ കീപ്പർ പ്രഭ്സുഖാൻ സിംഗ് ഗില്ലുമാണ് പ്രധാനമായും പോരാടുന്നത്.
ഇന്നത്തെ മത്സരത്തിൽ ജംഷദ്പൂർ എടികെ മോഹൻബഗാനെ ഏകഗോളിന് പരാജയപ്പെടുത്തുകയും മത്സരത്തിൽ ക്ലീൻ ഷീറ്റ് ലഭിക്കുകയും ചെയ്തതോടെ ജംഷദ്പൂർ ഗോൾ കീപ്പർ ടിപി രഹനേഷ് 6 ക്ലീൻഷീറ്റുമായി ബ്ലാസ്റ്റേഴ്സിന്റെ ഗില്ലിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.
ഗില്ലിനും 6 ക്ലീൻ ഷീറ്റ് തന്നെയാണ് ഉള്ളത് എങ്കിലും കളിച്ച സമയവും വഴങ്ങിയ ഗോളും തമ്മിലുള്ള ശരാശരിയിൽ രഹനേഷ് ആണ് മുന്നിൽ. 85.26 ആണ് രഹനേഷിന്റെ ശരാശരി. ഗില്ലിന്റെ ശരാശരിയാവട്ടെ 76.53.
ഇരുടീമുകളും സെമിഫൈനലിൽ കടന്നതും സെമിയിലെ ആദ്യമത്സരം ഇരുടീമുകൾ തമ്മിലായതും ഗോൾഡൻ ഗ്ലൗ പോരാട്ടത്തിന് മൂർച്ചകൂട്ടും. ലീഗിലെ മികച്ച രണ്ട് ഗോൾ കീപ്പർമാർ തമ്മിലുള്ള പോരാട്ടം കൂടിയാവും ആദ്യ സെമി.
അതേ സമയം, 5 വീതം ക്ലീൻ ഷീറ്റുമായി എടികെ മോഹൻബഗാനിന്റ് അമരീന്ദർ സിംഗ്, മുംബൈയുടെ മുഹമ്മദ് നവാസ് എന്നിവർ ഗോൾഡൻ ഗ്ലൗ പോരാട്ടത്തിൽ മൂന്നുംനാലും സ്ഥാനങ്ങളിലുണ്ട്. ഇതിൽ മുംബൈയുടെ ലീഗ് സീസൺ അവസാനിച്ചിരുന്നു. അതിനാൽ തന്നെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഗോൾ കീപ്പർമാർക്ക് തന്നെയാണ് ഇത്തവണത്തെ ഗോൾഡൻ ഗ്ലൗ പോരാട്ടത്തിൽ നിർണായകതയുള്ളത്.
3 ക്ലീൻ ഷീറ്റുമായി ലക്ഷ്മികാന്ത് കട്ടിമണി (ഹൈദരാബാദ്) ഗുരുപ്രീത് സിംഗ് സന്ധു (ബംഗളുരു) എന്നിവരാ ണ് പട്ടികയിലെ അഞ്ചും ആറും സ്ഥാനക്കാർ. അർഷ്ദീപ് സിംഗ് (ഒഡിഷ)വിശാൽ കെയ്ത്(ചെന്നൈയിൻ)അരിന്ദം ഭട്ടാച്ചാര്യ (ഈസ്റ് ബംഗാൾ)മിർഷാദ് മിച്ചു (നോർത്ത് ഈസ്റ്റ്) എന്നിവരാണ് പട്ടികയിലെ മറ്റുസ്ഥാനക്കാർ.