സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. 172 റൺസ് ചേസ് ചെയ്ത കേരളം സച്ചിൻ ബേബി – സഞ്ചു സാംസൺ സഖ്യത്തിന്റെ മികവിൽ പതിനെട്ട് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഇരുവരും ഫിഫ്റ്റി നേടി പുറത്താവാതെ നിന്നു. ഇന്ന് ന്യൂസിലാന്റ് പരമ്പരക്കുള്ള ടീം പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ഈ ഇന്നിങ്സ് സഞ്ചുവിന് ഉപകരിക്കും എന്നും പ്രതീക്ഷിക്കാം.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കം ആണ് ലഭിച്ചത്. മികച്ച ഫോമിലുള്ള വെങ്കിടേഷ് അയ്യരെ ആദ്യ ഓവറിൽ തന്നെ മനു കൃഷ്ണൻ പുറത്താക്കി. RCB താരം കൂടിയായ രജത് പടിതാറിന്റെ മികവിലാണ് മധ്യപ്രദേശ് 171 എന്ന ടോടൽ നേടിയത്. കേരളത്തിനായി സഞ്ചീവൻ അഖിൽ 2 വിക്കറ്റ് നേടിയപ്പോൾ, ജലജ് സക്സേന, എസ് മിധുൻ, മനു കൃഷ്ണൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കത്തിന് ശേഷം ഒപണർമാരെ അടുത്തടുത്ത ഓവറുകളിൽ നഷ്ടമായി. രോഹൻ കുന്നുമ്മല്‍ 29 റൺസും മുഹമ്മദ് അസ്ഹറുദീൻ 21 റൺസും നേടി പുറത്തായ ശേഷം ആണ് സച്ചിൻ – സഞ്ചു കൂട്ടുകെട്ട് ആരംഭിച്ചത്. മധ്യപ്രദേശ് ബൗളർമാരെ കണക്കിന് ശിക്ഷിച്ച് രണ്ട് പേരും അർഥ ശതകങ്ങൾ നേടി. സച്ചിൻ 27 പന്തിൽ 51 ഉം സഞ്ചു 33 പന്തിൽ 56 റൺസും നേടി പുറത്താവാതെ നിന്നു.
ഗ്രൂപ്പ് ഡിയിൽ കേരളത്തിന്റെ അഞ്ചാം മത്സരമാണ് ഇത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് പരാജയപ്പെട്ടു തുടങ്ങിയ കേരളം പിന്നീട് ബിഹാറിനെ പരാജയപ്പെടുത്തി. അടുത്ത മത്സരത്തിൽ റെയില്‍വേസിനെതിരെ പൊരുതി വീണു എങ്കിലും അവസാന രണ്ട് മത്സരങ്ങളും വിജയിക്കാൻ കേരളത്തിനായി. ഇതോടെ അഞ്ചിൽ മൂന്ന് വിജയങ്ങളാണ് കേരളത്തിന്റെ സമ്പാദ്യം.
അതേ സമയം ക്യാപ്റ്റന്‍ സഞ്ചു സാംസണിന് ഈ ഇന്നിങ്സുകൾ വളരെ പ്രധാനമാണ്. ടൂർണമെന്റിലെ രണ്ടാം ഫിഫ്റ്റി ആണ് സഞ്ചുവിന് ഇത്. കൂടാതെ ബിഹാറിനെതിരെ തകർത്തടിച്ച് നേടിയ 45(20) ഉം. IPL ലും മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന സഞ്ചുവിനെ ഇത്തവണ ഒഴിവാക്കാൻ ഇന്ത്യൻ സെലക്ടർസിന് കഴിയില്ല. ഈ മാസം പതിനേഴിന് ആരംഭിക്കുന്ന മൂന്ന് മത്സര ടിട്വന്റി പരമ്പരക്കുള്ള ടീമിനെ ഇന്ന് തന്നെ പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കപ്പെടുമ്പോൾ നല്ല ഫോം കൊണ്ട് തന്റെ സെലക്ഷൻ ഉറപ്പിക്കാനാണ് സഞ്ചുവിന്റെ ശ്രമവും.