വെള്ളിയാഴ്ച നടന്ന സൗദി പ്രൊ ലീഗ് മത്സരത്തിൽ അൽ വെഹ്ദയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് അൽ നസർ മത്സരം തങ്ങളുടെ കൈപ്പിടിയിലൊതുക്കിയത്.
പോർച്ചുഗീസ് ഇതിഹാസ താരം റൊണാൾഡോയായിരുന്നു ക്ലബ്ബിനായി നാല് ഗോളുകളും സ്വന്തമാക്കിയത്. മത്സരത്തിന്റെ 21,40,53 മിനിട്ടുകളിൽ പെനാൽട്ടിയിലൂടെ ഗോൾ നേടിയ റോണോ മത്സരം 61 മിനിട്ട് പിന്നിട്ടപ്പോൾ സെറ്റ് പീസിൽ നിന്നല്ലാതെയും അൽ വെഹ്ദയുടെ വല കുലുക്കി. ഇതോടെ ലീഗ് മത്സരങ്ങളിൽ തന്റെ ഗോൾ നേട്ടം 500 എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിക്കാൻ റൊണാൾഡോക്കായി.
പുസ്കസിന്റെ റെക്കോർഡിനൊപ്പമെത്താൻ റൊണാൾഡോക്ക് ഇനി 14 ഗോളുകൾ കൂടി സ്വന്തമാക്കിയാൽ മതി. 604 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം പെലെയാണ് ഏറ്റവും കൂടുതൽ ലീഗ് ഗോളുകൾ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുള്ളത്.
എന്നാൽ റൊണാൾഡോയുടെ സമകാലികനും റോണോയുടെ എതിരാളി എന്ന് ഫുട്ബോൾ ലോകം വിലയിരുത്തുന്ന താരവുമായ മെസിക്ക് ലീഗ് ഫുട്ബോളിൽ നിന്നും ഇതുവരെ 490 ഗോളുകൾ മാത്രമേ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളു.