സച്ചിനേക്കാൾ ടാലൻറഡ് ആയ ബാറ്റ്സ്മാൻ……. ക്രിക്കറ്റിലെ ദ്രോണാചാര്യർ ആയ രമാകാന്ത് അച്രേക്കർ ഇത്തരുണത്തിൽ വിശേഷിപ്പിച്ച രണ്ടു പേരുണ്ട്. ഒന്ന് ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട കാംബ്ലി , മറ്റൊരാൾ ഇന്റർനാഷണൽ ക്രിക്കറ്റിന്റെ സമ്മർദ്ദം താങ്ങാനാവാതെ വഴിയിൽ ഇടറി വീണ പ്രവീൺ ആംറേ….
ദക്ഷിണാഫ്രിക്കയുടെ രണ്ടാം വരവായിരുന്നു ആംറേയുടെ ഇന്ത്യക്ക് വേണ്ടിയുള്ള ആദ്യ മത്സരം. ഈഡൻ ഗാർഡൻസ് ൽ ഡൊണാൾഡും മക്മില്ലനും ക്ലൈവ് റൈസുമുൾപ്പെട്ട പേസ് നിരക്കെതിരെ പൊരുതി അർദ്ധ സെഞ്ചുറി നേടി ഇന്ത്യയെ വിജയിപ്പിച്ച അരങ്ങേറ്റ മത്സരത്തേക്കാൾ മഹത്തരമായിരുന്നു ബൗളിങ്ങിൽ മൂർച്ച കൂട്ടിയ അതേ ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടിൽ, പേസ് ട്രാക്കിന് പേരുകേട്ട ഡർബനിൽ തന്റെ അരങ്ങേറ്റ ടെസ്റ്റ് ഇന്നിങ്ങ്സിൽ ആ അച്രേക്കർ ഫാക്ടറി പ്രൊഡക്ട് കാഴ്ച വച്ചത്.
1992 നവംബർ 13, ഡർബനിലെ ആദ്യ ടെസ്റ്റ് . ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിനയച്ചു. ക്യാപ്റ്റൻ വെസൽസിന്റെ സെഞ്ചുറിയോടെ ആതിഥേയർ 254 എന്ന കൊള്ളാവുന്ന സ്കോർ നേടി. മെയ്റിക് പ്രിംഗിളിന്റെയും പുതുമുഖം ബ്രെറ്റ് ഷൂൾസിന്റെയും മക്മില്ലന്റെയും പന്തുകളിൽ ചൂളിയ ശാസ്ത്രി, പുതുമുഖം ജഡേജ, സചിൻ, മഞ്ജരേക്കർ എന്നിവർ പവലിയനിൽ തിരിച്ചെത്തിയപ്പോൾ സ്കോർ 38/4.
അതിവേഗം ഒരു ഇന്ത്യൻ ദുരന്തം പ്രതീക്ഷിച്ച കാണികൾക്ക് പക്ഷേ പിന്നീട് ബാറ്റിങ് വിരുന്ന് നൽകിയത് മുബൈക്കാരൻ ആംറേയുടെ വകയായിരുന്നു. ആദ്യം അസ്ഹറിനോടും (36) പിന്നീട് കിരൺ മോറേയോടും (55) കൂടെ പോരാടിയ ആംറേ ഒടുവിൽ 299 പന്തിൽ 11 ബൗണ്ടറികളോടെ 103 റൺസ് നേടി പുറത്താകുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് ശേഷിക്കേ ലീഡിന് 8 റൺസ് മാത്രം പുറകിലായിരുന്നു… മഴ കടന്നു വന്ന മത്സരം പിന്നീട് സമനിലയായി.
പക്ഷേ തുടർന്ന് 10 ടെസ്റ്റുകൂടി കളിച്ച ആംറേക്ക് മികവ് നിലനിർത്താനായില്ല. 42.5 എന്ന ആവറേജിൽ 425 റൺ മാത്രം നേടിയ ആംറേ 37 ഏകദിനത്തിൽ നിന്ന് നേടിയത് 513 റൺ മാത്രമായിരുന്നു. 1991 ൽ ആരംഭിച്ച കരിയർ 94ൽ ശ്രീലങ്കക്കെതിരെ അന്നാട്ടിൽ വച്ച് അവസാനിച്ചു.
തുടർന്ന് റയിൽവേ, രാജസ്ഥാൻ, ബംഗാൾ, ദക്ഷിണാഫ്രിക്കൻ ലീഗിൽ ബോളണ്ട് എന്നിവർക്ക് കളിച്ച അദ്ദേഹം പിൽകാലത്ത് കോച്ചിങ് രംഗത്ത് സജീവമായി. 2012 ൽ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കിയ അദ്ദേഹം മുംബൈ രഞ്ജി ടീമിനേയും പരിശീലിപ്പിച്ചു. ഹ്രസ്വകാലം US ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി. തുടർന്ന് IPL ൽ പൂനേ വാരിയേഴ്സിന്റെ അസിസ്റ്റൻറ് കോച്ചായ അദ്ദേഹം നിലവിൽ ഡൽഹി കാപിറ്റൽസിന്റെ ടാലന്റ് ഹണ്ട് ഇൻചാർജാണ്.