ഇന്ത്യയുടെ മൈക്കൽ ഫെൽപ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മലയാളി നീന്തൽ താരം സാജൻ പ്രകാശ്. ഇന്ത്യൻ സ്വിമ്മിങ് ചരിത്രത്തിലേക്ക് പുതിയൊരു പൊൻതൂവലാണ് സാജൻ പ്രകാശ് എന്ന മലയാളിതാരം ഇന്ന് എഴുതി ചേർത്തത്.
ഇറ്റലിയിലെ റോമിൽ നടന്ന സെറ്റെ കോളി ട്രോഫി നീന്തൽ മത്സരത്തിൽ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിൽ ആയിരുന്നു സാജൻ പ്രകാശ് ചരിത്രം കുറിച്ചത്. 2016ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് സാജൻ പ്രകാശ്.
ഒളിമ്പിക്സ് യോഗ്യതയ്ക്കുള്ള എ കാറ്റഗറി യോഗ്യതാ മാർക്ക് പാസാകുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് മലയാളിയായ സാജൻ പ്രകാശ്. ഒരു മിനിറ്റ് 56 സെക്കൻഡ് 38 മൈക്രോ സെക്കൻഡിലായിരുന്നു സാജന്റെ അത്ഭുത പ്രകടനം.
കഴിഞ്ഞ ആഴ്ച ബൽഗ്രെഡിൽ വച്ച് നടന്ന ടൂർണമെന്റിലും സാജൻ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഒരു മിനിറ്റ് 56 സെക്കൻഡ് 96 മൈക്രോസെക്കൻഡ് ആയിരുന്നു അന്ന് സാജന്റെ സമയം എന്നാൽ അന്ന് അദ്ദേഹത്തിന് A കാറ്റഗറി ക്വാളിഫിക്കേഷൻ നേടാൻ കഴിഞ്ഞിരുന്നില്ല.