സഞ്ചു സാംസൺ ഇൻസ്റ്റഗ്രാമിൽ രാജസ്ഥാൻ റോയൽസിനെ അൺഫോളോ ചെയ്തതും ചെന്നൈ സൂപ്പർ കിങ്സിനെ ഫോളോ ചെയ്തതും മുൻനിർത്തിയാണ് ഏറ്റവും പുതിയ കഥ ശ്രദ്ധ വൈറലാവുന്നത്. 2013 ൽ ടീനേജർ ആയി അരങ്ങേറി, ഒടുവില്‍ ക്യാപ്റ്റന്‍ വരെയായി രാജസ്ഥാൻ റോയൽസിന്റെ മുഖമായി വളർന്ന താരമാണ് സഞ്ചു. എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ടീമിനെ അൺഫോളോ ചെയ്തതും അതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും വൈറലാവുകയാണ്.
എം എസ് ധോനി പടിയിറങ്ങുന്നതോടെ സൂപ്പർ കിങ്സിൽ ഒരു വിക്കറ്റ് കീപ്പറുടെ ഒഴിവുണ്ട്, അതിനായി കഴിഞ്ഞ സീസണിൽ തന്നെ ചെന്നൈ രാജസ്ഥാനെ സപീമിച്ചിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു, പക്ഷെ സ്വാഭാവികമാവും രാജസ്ഥാൻ അതിന് തയാറായില്ല. അത്തവണ റോബിൻ ഉത്തപ്പയെ ആണ് ചെന്നൈക്ക് കിട്ടിയത്. നിലവിൽ ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും പരിചയ സമ്പന്നനാണ് സഞ്ചു, സൂപ്പർ കിങ്സ് നോട്ടമിടുന്നതിന് കാരണവും അതാണ്.
അതേ സമയം പഞ്ചാബിൽ നിന്നും വിടപറയുന്നു എന്ന് ഉറപ്പായ ലോകേഷ് രാഹുൽ മുംബൈ ഇന്ത്യൻസിലേക്ക് എത്തുന്നു എന്ന വാർത്തകൾക്കും അടിസ്ഥാനം ഇൻസ്റ്റഗ്രാമാണ്. പഞ്ചാബിനെ അൺഫോളോ ചെയ്ത് മുബൈ ഇന്ത്യന്‍സിനെ ഫോളോ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി ആണ് അന്ന് രാഹുൽ – മുംബൈ അഭ്യൂഹങ്ങൾ പടർന്നത്. രാഹുൽ പഞ്ചാബിൽ സന്തുഷ്ടനല്ല എന്നും പുതിയ ടീം നോക്കുന്നുണ്ട് എന്നതും നേരത്തെ തന്നെ വന്ന വാർത്തയാണ്.
പക്ഷേ ഈ രണ്ട് വാർത്തകളും അടിസ്ഥാന രഹിതമായതാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഒന്നാമത്തെ കാരണം – മെഗാ ഓക്ഷന് മുൻപ് ടീമുകൾക്ക് പ്ലയേസിനെ ട്രേഡ് ചെയ്യാനുള്ള അവസരമില്ല എന്നതാണ്. സഞ്ചു ആയാലും രാഹുൽ ആയാലും ടീമിൽ തുടരുന്നില്ല എങ്കിൽ നേരെ ലേലത്തിലേക്ക് ആവും എത്തുക. അവിടെ പത്ത് ടീമുകൾക്കും ഒരേ സാധ്യത ആണ് ഉണ്ടാവുക. അല്ലാത്ത പക്ഷം പുതിയ രണ്ട് ടീമുകളിൽ ഒന്നിൽ ലേലത്തിന് മുന്നെ തന്നെ എത്താനുള്ള സാധ്യത മാത്രമാണ് ഉള്ളത്.
ചുരുക്കത്തിൽ ഇൻസ്റ്റഗ്രാമിലെ ഫോളോയിങ് കളിക്ക് പിന്നിലെ കാരണം വ്യക്തമല്ല എങ്കിലും മുൻനിര മാധ്യമങ്ങളുടെ പേര് മുൻനിർത്തി വാട്സപ്പിലും ക്രിക്കറ്റ് ഗ്രൂപ്പുകളിലും വൈറലാവുന്ന മെസേജുകൾ അടിസ്ഥാന രഹിതമാണ്. ഇനി സഞ്ചു ചെന്നൈയിലും രാഹുൽ മുംബൈയിലും എത്തിയാലും അത് ലേലത്തിലൂടെ മാത്രം ആയിരിക്കും, പക്ഷെ ഇവരെ ലേലം വിളിച്ച് ടീമിലെത്തിക്കുക എന്നത് ചില്ലറ ടാസ്കും ആവില്ല!