ഇന്ത്യയുടെ ടോക്കിയോ ഒളിമ്പിക്സ് മാമാങ്കം ഈയൊരു കണ്ണീരിന്റെ പേരിലായിരിക്കും ചരിത്രപുസ്തകങ്ങളിൽ അടയാളപ്പെടുത്തുവാൻ പോകുന്നത് എന്നുപറഞ്ഞാൽ അതിശയോക്തിയായി പോകും. എന്നാൽ ആരാധകരുടെ ഹൃദയത്തിൽ ഈ ഒരു കണ്ണീരിന്റെ പേരിൽ തന്നെയായിരിക്കും കുറിക്കപ്പെടുക എന്ന് പറഞ്ഞാൽ അതൊരു യാഥാർഥ്യമാണ്.
ഗോൾകീപ്പർ സവിത പുനിയയുടെ നിർത്താതെയുള്ള കരച്ചിൽ ഏവരുടെയും ഹൃദയത്തിൽ മുറിവായി അവശേഷിക്കുന്നുണ്ട്. നല്ല സേവുകൾ ആണ് അവർ നടത്തിയത് വൻതോൽവിയിൽ നിന്ന് സവിത ടീമിനെ രക്ഷിച്ചു. ബ്രിട്ടീഷ് ആക്രമണം തിരമാലപോലെ ആഞ്ഞടിക്കുമ്പോൾ ഇളകാത്ത പാറപോലെ ഉറച്ചു നിൽക്കുകയായിരുന്നു ഭാരതത്തിൻറെ അഭിമാനം.
പുരുഷ വിഭാഗത്തിൽ മലയാളി ഗോൾകീപ്പർ ശ്രീജേഷ് എങ്ങനെയാണോ ഇന്ത്യയുടെ ഈ അഭിമാന നേട്ടത്തിന് മുഖ്യ കാര്യവാഹകൻ ആയത് അതു പോലെ അല്ലെങ്കിൽ അതിനേക്കാൾ ഒരു പടി മുകളിൽ നൽകുന്ന പ്രകടനമായിരുന്നു ഈ ഒരുവനിത നടത്തിയത് എന്നത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ദളിത്എന്നൊക്കെപ്പറഞ്ഞാക്ഷേപിക്കപ്പെട്ട വന്ദനക്ക് ഈ മെഡൽ കിട്ടണമെന്ന് എല്ലാവരും നന്നായി ആഗ്രഹിച്ചിരുന്നു. പക്ഷെ നിർണായക സമയത്ത് കിട്ടിയ യെല്ലോ പണിയായി. പിന്നാലെയുള്ള ഗ്രീനും. നല്ല ഡിഫൻഡർ ആയിരുന്നു, ആളെണ്ണത്തിലെ കുറവ് വന്ന 7 മിനിറ്റ് ബ്രിട്ടൻ മുതലാക്കിയപ്പോൾ ചരിത്രനിമിഷമാണ് വഴിമാറിയത്.
ഭൂതകാല പ്രതാപത്തിൽ നിന്ന് എപ്പോഴോ നില തെറ്റി താഴെ വീണ് ഊർദ്ധശ്വാസം വലിച്ചു കൊണ്ട് മെല്ലെ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ ഹോക്കിക്ക് മൃതസഞ്ജീവനി നൽകി വീണ്ടും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ആകാശത്തിലേക്ക് ഉയർത്തെഴുന്നേൽക്കാൻ ശരിയാക്കിയതിൽ ഇവർക്കൊക്കെ വളരെ വലിയ പങ്കുണ്ട്.
ടോക്കിയോയിൽ നിന്ന് ഭാരതത്തിൽ കാലുകുത്തുമ്പോൾ അവരുടെ കഴുത്തിൽ മെഡലിന്റെ ഭാരം ഇല്ലായിരിക്കാം പക്ഷേ 130 കോടി വരുന്ന ഇന്ത്യൻ ജനതയുടെ അഭിമാനം കളിക്കളത്തിൽ അടിയറ വെക്കാതെ പൊരുതിയ ആത്മവിശ്വാസത്തിന്റെ അഭിമാനത്തിന്റെ ഭാരം അവരുടെ ചുമലുകളിൽ ഉണ്ടായിരിക്കും, അതിൽ സവിത ഒരു പടി ഉയർന്നു നിൽക്കും.