ബാഴ്സലോണയും ലയണൽ മെസ്സിയും തമ്മിൽ വേർപിരിഞ്ഞതായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ ഇനി എന്താകും മെസ്സിയുടെയും ബാഴ്സയും ഭാവി എന്നതിനെപ്പറ്റി ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ തലപുകഞ്ഞ ചർച്ചയിലാണ്.
ഫ്രീ ട്രാൻസ്ഫറായി ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തിനെ ലഭിക്കുമെന്ന ആനുകൂല്യം മുതലെടുത്ത് വൻ പ്രതിഫലത്തുകയും വാഗ്ദാനം ചെയ്ത് നിരവധി ക്ലബ്ബുകളാണ് മെസ്സിക്ക് പിന്നാലെ പായാൻ തയ്യാറായിരിക്കുന്നത്.
ഈ അവസരത്തിൽ ഇത് ബാഴ്സലോണയുടെയും ലയണൽ മെസ്സിയുടെയും മറ്റൊരു നാടകം ആണ് എന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം. സ്പാനിഷ് ലീഗ് ആയ ലാലിഗയുടെ അധികൃതർ മെസ്സിയുടെ ക്ലബ്ബായ ബാഴ്സലോണക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക കുരുക്കുകളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു സമ്മർദ്ദതന്ത്രം ആണ് ഇത് എന്നാണ് അവർ വിശ്വസിക്കുന്നത്.
ലാ ലിഗയിലെ ചില നയ വ്യത്യാസങ്ങൾക്കെതിരെ മെസ്സിയെ മുൻ നിർത്തി ക്ലബുകൾ നടത്തുന്ന നാടകമായി അവർ ഇതിനെ കാണുന്നു. സൂപ്പർ താരമായ ക്രിസ്റ്റ്യാനോനോ മുതൽ ഇപ്പോൾ ക്ലബ് വിട്ട വരാനെ വരെയുള്ള താരങ്ങളുടെ കൂടുമാറ്റം ശോഭ കെടുത്തിയ സമ്മർദ്ധത്തിൽ ആണ് ലാ ലിഗ അധികൃതർ. ഇങ്ങനെ ആണെങ്കിൽ ക്ലബ് വിടൽ ഉണ്ടാവില്ല. കാര്യങ്ങൾക്ക് വ്യത്യാസം വരുമ്പോൾ ഇതും അവസാനിക്കും.
എന്നാൽ കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ലയണൽ മെസ്സിക്ക് നേരെ ഭാവിയിൽ ഉണ്ടാകാൻ പോകുന്നത് രണ്ടുതരത്തിലുള്ള സമീപനങ്ങൾ ആയിരിക്കും. തൻറെ വിപണിമൂല്യം വളരെ തന്ത്രപരമായി ഉപയോഗിച്ചു തന്നെ താനാക്കിയ ക്ലബ്ബിനെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടുത്തിയ വീരനായകൻ എന്ന് ഒരുപക്ഷേ നാളെ ബാഴ്സലോണ ആരാധകർ അദ്ദേഹത്തിനെ വാഴ്ത്തിയേക്കാം.
പക്ഷേ വിമർശകർ പിന്നെ ലയണൽ മെസ്സിയെ വെറുതെ വിടുമെന്നു തോന്നുന്നില്ല. ഇതിനുമുമ്പ് കോപ്പ അമേരിക്ക പരാജയത്തിനെ തുടർന്നുണ്ടായ വിമർശനങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് മെസ്സി വിരമിക്കൽ നാടകം കളിച്ചത് എന്നാണ് അവരുടെ ആരോപണം. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ദയനീയ പരാജയം നേരിട്ടപ്പോഴും സമാനമായി മെസ്സി ക്ലബ്ബ് വിടുന്നു എന്ന ഒരു ഭീഷണിയായിരുന്നു ഉയർത്തിയത്.