ഗ്രൂപ്പ് D യിലെ ആദ്യ മത്സരത്തിൽ പന്ത് തട്ടിയ സ്കോട്ലാന്റ് നെ നിലം പരിശാക്കി ഷിങ്കിന്റെ നേതൃത്തത്തിൽ ചെക്ക് റിപ്പബ്ലിക്. ആസ്റ്റൺ വില്ലയുടെ പോരാളി മക് ജിൻ,ലിവർപൂളിന്റെ കുന്ത മുന ആൻഡ്രൂ റോബർട്സൺ, ചെകുത്താൻ കോട്ടയിലെ മക് ടോമിനെ എന്നീ താര സമ്പന്നർ അണിനിരന്നിട്ടും ചെക്ക് റിപ്പബ്ലിക്ക് പ്രതിരോധ വലയം ഭേദിക്കാൻ സ്കോട്ലാന്റ് മുന്നേറ്റ നിരക്കായില്ല.
പ്രതിരോധത്തിൽ ഊന്നി മുന്നേറിയ ചെക്ക് റിപ്പബ്ളിക്കിനായി ഷിങ്ക് തകർപ്പനൊരു ഹെഡ്‍റിലൂടെ ആദ്യ പകുതിയിൽ തന്നെ ലീഡ് കണ്ടെത്തി ഇരുന്നു. ആദ്യ പകുതിയിൽ ലീഡെടുത്തിട്ടും ചെക്ക് മുന്നേറ്റ നിര സ്കോട്ലാന്റ് പ്രതിരോധ നിരയുടെ പിഴവുകൾ മുതലെടുക്കാൻ തക്കം പാർത്തിരുന്നു.
52ആo മിനുട്ടിൽ ഷിങ്ക് തന്നെ 50വാര അകലെ നിന്ന് സ്കോട്ലാന്റ് ഗോൾ വല ലക്ഷ്യമാക്കി തൊടുത്ത ഒരു മാരിവിൽ ഷോട്ടിന് സ്കോട്ലാന്റ് ഗോളിക്ക് മറുപടി ഇല്ലായിരുന്നു. ഒരു കൂട്ടായ ആക്രമണത്തിന് ശ്രമിച്ച സ്കോട്ലാന്റ് നിരയുടെ ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരം ആയി ആ ഗോൾ. ടൂർണമെന്റിലെ തന്നെ ഇതുവരെയുള്ള മനോഹര ഗോളിനുടമയാകുകയായിരുന്നു ഷിങ്ക് അവിടെ.
അമിത പ്രതീക്ഷകൾ ഇല്ലാതെ യൂറോയിലേക്ക് വണ്ടി കയറിയ ചെക്ക് റിപ്പബ്ലിക്ക് ഇത്തവണത്തെ കറുത്ത കുതിരളകളാകും എന്ന സൂചനകളാണ് ഈ മത്സരത്തിലൂടെ നൽകിയിരിക്കുന്നത്.