in ,

കാൽപ്പന്തു പ്രേമികളെ പിടിച്ചു കുലുക്കിയ ട്രാൻസ്ഫർ ജാലകം

Transfers [B/R Football]

ചെൽസിയുടെ ട്രാൻസ്ഫർ വിപണിയിലെ ഇടപെടലുകൾ നാം വർഷങ്ങളായി ദർശിക്കുന്നതാണ്. മറീനയുടെ ചാണക്യ തന്ത്രങ്ങൾ ഇത്തവണയും ഫലം കണ്ടു. മുന്നേറ്റ നിരയിലെ ഗോൾ ദാരിദ്ര്യത്തിന് പരിഹാരം കണ്ടെത്താൻ റൊമേലു ലുകാകുനെ ഇന്റർമിലാനിൽ നിന്നും റെക്കോർഡ് തുകക്ക് റാഞ്ചിയ ചെൽസി, മധ്യ നിരയിലെ ബാക്കപ്പ് ഓപ്ഷൻ ആയി അത്ലറ്റികോ മാഡ്രിഡ് താരം സോൾ നിഗസിനെ അവസാന നിമിഷം വരെ നീണ്ട അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ചു ടീമിലെത്തിച്ചു ഞെട്ടിച്ചു. ചെൽസിയുടെ ട്രാൻസ്ഫർ വിപണിയിലെ മികച്ച ഇടപെടലുകൾക്ക് ഉദാഹരണമാണ് ടാമി അബ്രഹാമിനെ റോമയിലേക്കുo സൂമയെ വെസ്റ്റ് ഹാമിലേക്കുo എത്തിച്ചത്. ജൂൾസ് കോണ്ടേക്കായി അവസാന നിമിഷം വരെ പൊരുതി എങ്കിലും ട്രാൻസ്ഫർ തുകയുടെ ബാഹുല്യം പിറകോട്ടടിച്ചു.

റോഡ്രിഗോ ഡി പോളിനെ മുൻപേ ടീമിലെത്തിച്ച അത്ലറ്റികോ മാഡ്രിഡ്, ഒരു അപ്രതീക്ഷിച്ച മുന്നേറ്റത്തിലൂടെ ബാഴ്‌സലോണയിൽ നിന്നും ഗ്രീസ്‌മാനെ കൂടി ടീമിലെത്തിച്ചു തങ്ങളുടെ ആധാകർക്കു ഗംഭീര വിരുന്നൊരുക്കി. മാത്യുസ് കൂനയെ കൂടി ടീമിലെത്തിച്ച സിമിയോണി, ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി.

Transfers [B/R Football]

മാർക്കോ സബീറ്റ് സറിലും ഉപമക്കാനോവിലും ഒതുങ്ങിയ ബയേൺ മ്യൂണികിനു റോബർട്ട് ലെവൻഡോസ്‌കിയെ നിലനിർത്താനായത് നേട്ടമാകും. ക്രിസ്ത്യൻ റൊമേറോയും റോയൽ എമെർസനെയും ടീമിലെത്തിച്ച ടോട്ടൻഹാം ടോപ് സിക്സ് ടീമുകൾക്ക് ശക്തമായ വെല്ലുവിളിയായി രംഗത്തുണ്ട്, ഹാരി കെയ്ൻ ക്ലബ്ബിൽ തുടരുമെന്നറിയിച്ചതും ടോട്ടൻഹാമിന്റെ മികച്ച നേട്ടമായി.

റയൽ മാഡ്രിഡ് ഫ്രീ ട്രാൻസ്ഫെറിൽ ഡേവിഡ് അലബെയെയും, പെരെസ്‌ അണ്ണന്റെ ചാണക്യ തന്ദ്രങ്ങൾക്കു ഒടുവിൽ കമവിങ്കയെയും സാന്റിയാഗോ ബെർണാബുവിൽ എത്തിച്ചതു വഴി ഗലറ്റിക്കോ പ്രോജെക്ടിൽ നിന്നും പിന്നോട്ടില്ലെന്ന് കാണിച്ചു കൊടുത്തു മാഡ്രിഡ്. എംബപ്പേ ക്കായി 220 മില്യൺ വരെ ഓഫർ ചെയ്തിട്ടും PSG യുടെ കടുംപിടുത്തം കാരണം റയൽ പിന്നോട്ടടിച്ചതു മാഡ്രിഡ് ആരാധകർക്ക് നിരാശ സമ്മാനിച്ചു എങ്കിലും…. അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫെറിൽ എംബപ്പേ യെ ടീമിലെത്തിക്കാൻ പെരെസ്‌ അണ്ണൻ മുന്നിൽ തന്നെ ഉണ്ടാകുമെന്നു തീർച്ച. സാക്ഷാൽ ഏർലിങ് ഹാളണ്ടിനെ കൂടി റയൽ മാഡ്രിഡിൽ എത്തിച്ചു ട്രാൻസ്ഫർ ലോകത്തെ തന്നെ ഞെട്ടിക്കാനും റയൽ മടിക്കില്ല.

അത്യന്ധം നാടകീയത നിറഞ്ഞ ട്രാൻസ്ഫർ സീസൺ ബാഴ്‌സലോണയിൽ ആണെന്ന് പറയേണ്ടി വരും, ആദ്യം ല ലീഗ നിയമ കുരുക്കിൽ പെട്ട് മെസ്സിയും അവസാന ദിനത്തിൽ ഗ്രീസ്‌മാനും കളം വിട്ടതോടെ ഒരു പുതിയ മുന്നേറ്റ നിരയുമായാണ് ഇനി സ്പാനിഷ് കിരീടത്തിനായി ബാഴ്‌സലോണ പോരടിക്കാൻ പോകുന്നത്. ഫ്രീ ട്രാൻസ്ഫെറിൽ ടീമിൽ എത്തിയ മെംഫിസ് ഡീപ്പായും സെർജിയോ അഗ്യൂറോയും ലുക്ക് ഡി ജൊങ്ങിനും മുന്നേറ്റ നിരയിൽ ഗോളുകൾ കണ്ടെത്തിയാൽ മെസ്സി പോയ ശൂന്യത അല്പമെങ്കിലും നികത്താകും.

Real Madrid’s move for Kylian Mbappe is Barcelona’s worst nightmare [Mail online sports]

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ റെക്കോർഡ് തുകക്ക് ആസ്റ്റൺ വില്ലയുടെ കപ്പിത്താൻ ജാക് ഗ്രീലീഷിനെ ടീമിലെത്തിച്ച മാഞ്ചെസ്റ്റെർ സിറ്റിയും ഇത്തവണയും പ്രീമിയർ ലീഗ് കിരീടം വിട്ടു തരാൻ തയാറല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. അതി ശക്തമാണ് ഷെയ്ഖ് മൻസൂറിന്റെ മാഞ്ചെസ്റ്റെർ സിറ്റി ഇപ്പോൾ. മുന്നേറ്റ നിരയിലെ ഗോളടി ദാരിദ്രം പരിഹരിച്ചാൽ സിറ്റിയെ പിടിച്ചു കെട്ടുക അസാധ്യമാകും.

മാർട്ടിൻ ഒഡേഗാർഡ്, ബെൻ വൈറ്റ്, റ്റൊമിയാസു എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിച്ച അർസ്സെനലും ശക്തമായി തിരിച്ചു വരുമെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. വില്ലിയൻ കളം വിട്ടെങ്കിലും അർസ്സെനൽ സ്‌ക്വാഡ് ശക്തം തന്നെയാണ്.

ഇബ്രാഹിം കൊനാട്ടെയെ സ്‌ക്വാഡിലെത്തിച്ച ലിവർപൂൾ നിരയിൽ നിന്നും ഷാക്കിരി ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിലേക്ക് കൂട് മാറി. യുവന്റസ് ലോക്കട്ടെല്ലിയെയും മോയ്‌സ്‌ കീനിനെയും സ്‌ക്വാഡിലെത്തിച്ചു റൊണാൾഡോയുടെ വിടവ് നികത്താൻ നോക്കുന്നു. വർഷങ്ങൾക്കിപ്പുറം ചാമ്പ്യൻസ് ലീഗ് ബെർത്ത് ഉറപ്പിച്ച AC മിലാനും ട്രാൻസ്ഫർ വിപണിയെ കാര്യമായി ഉപയോഗപ്പെടുത്തി.ഹക്കൻ ചലനൊലു, ടോണാലി, ബ്രഹിം ഡയസ് എന്നെ താരങ്ങളുടെ ട്രാൻസ്ഫർ AC മിലൻറെ കറുത്ത് വർധിപ്പിക്കുമെന്ന് തീർച്ച.

ട്രാൻസ്ഫർ വിപണി നിശ്ചലമായി കഴിഞ്ഞു….ഫാബ്രിസിയോ റൊമാനോ വിശ്രമത്തിൽ ആണ്ടു കഴിഞ്ഞു. ഇനി കളി കളത്തിലാണ്…. പുൽ നാമ്പുകളെ കോരിത്തരിപ്പിക്കാൻ ആരാധകർക്ക് ആവേശ തിരയിളക്കം സമ്മാനിക്കാൻ സ്വപ്ന താരങ്ങൾക്കു കഴിയട്ടെ. ട്രാൻസ്ഫെറുകൾ ഓരോന്നും ടീമുകൾക്ക് മുതൽകൂട്ടാകട്ടെ, കാത്തിരിക്കാം നമുക്ക് സിരകളിൽ ആവേശ തീജ്വാലകൾ നിറച്ചു കൊണ്ട്

ബ്രസീലിയൻ ആരാധകർ ആശങ്കയിലും ഭയപ്പാടിലും

കാൽപ്പന്തു പ്രേമികളെ പിടിച്ചു കുലുക്കിയ ട്രാൻസ്ഫർ ജാലകം