ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ട് താരം ആയ ജാഡൻ സാഞ്ചോയെ കഴിഞ്ഞ കുറേ നാളുകളായി തങ്ങളുടെ ക്യാമ്പിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
23 വയസുകാരനായ താരം ജർമ്മൻ ക്ലബ്ബിൽ വളരെ മികച്ച പ്രകടനം തന്നെയാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. വെറും 38 മത്സരങ്ങളിൽനിന്ന് ഈ സീസണിൽ ആകെ 16 തവണ ഗോളടിച്ച അദ്ദേഹം 20 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു.
യുവതാരത്തിനെപ്പറ്റിയുള്ള പ്രതീക്ഷകളെ പറ്റി മനസ്സ് തുറക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ അവരുടെ സ്വന്തം അലക്സ് ഫെർഗൂസൺ.
താരത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ജർമൻ ക്ലബിനു മുന്നിൽ അവതരിപ്പിച്ച ആദ്യത്തെ ബിഡ്, തുക കുറഞ്ഞുപോയി എന്ന പേരു പറഞ്ഞു ജർമൻ ക്ലബ്ബ് തള്ളിക്കളഞ്ഞിരുന്നു.
എന്നാൽ ഇതിനകം തന്നെ താരവുമായി ഒരു വ്യക്തിഗത കരാറിൽ ഏർപ്പെടാൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന് കഴിഞ്ഞു എന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്.
നിലവിൽ യൂറോക്കപ്പിൽ പങ്കെടുക്കുന്ന ഇംഗ്ലീഷ് ടീമിൻറെ ഭാഗമാണ് സാഞ്ചോ. യുവ താരത്തിനെ പറ്റി ഫെർഗിക്ക് വളരെ നല്ല പ്രതീക്ഷകൾ തന്നെയാണ് ഉള്ളത്.
നിലവിൽ ഇംഗ്ലീഷ് നിരയിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളിലൊരാളാണ് ജാഡൻ സാഞ്ചോ എന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത കുറേക്കാലത്തേക്ക് ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും മികച്ച മുതൽക്കൂട്ടുകളിൽ ഒന്നായിരിക്കും ഈ യുവതാരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൺ ഓൺ വൺ സിറ്റുവേഷൻ വന്നാൽ അപകടകാരി ആയിരിക്കും ഈ താരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഞ്ചോയെ കുറിച്ചുള്ള അലക്സ് ഫെർഗൂസൺ പറഞ്ഞ നല്ലവാക്കുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രതീക്ഷയ്ക്കു ആക്കം കൂട്ടുന്നുണ്ട്.