ജനുവരി 11- കളിയുടെ മൂന്നാം ഓവറിലെ രണ്ടാം പന്ത് ഓഫ് ആൻ്റ് മിഡിലിൽ ഗുഡ് ലെങ്ത് സ്പോട്ടിൽ പിച്ച് ചെയ്ത് പോണ്ടിച്ചേരി വൈസ് ക്യാപ്റ്റനും മുൻ കേരള താരവുമായ ഫാബിദ് ഫാറൂഖിൻ്റെ ബെയിലുകൾ വായുവിൽ പറത്തുമ്പോൾ, മഞ്ഞു തുള്ളികൾ വീണു നനഞ്ഞ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പുൽനാമ്പുകൾ കുളിരണിഞ്ഞിട്ടുണ്ടാവും.
പത്തു വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ അവസാനമായി ഒരു ലോകകപ്പ് ഉയർത്തുമ്പോൾ ഈ വിക്കറ്റിൻ്റെ അവകാശി ഇന്ത്യൻ നിരയിലെ പേസ് ബൗളിങ്ങിലെ എണ്ണം പറഞ്ഞ പേരായിരുന്നു. ശാന്തകുമാരൻ ശ്രീശാന്ത്. ക്രിക്കറ്റിനൊപ്പം സംഗീതത്തെയും സ്നേഹിക്കുന്ന, സ്ഫുടതയാർന്നതും അതേ സമയം ചടുലവുമായ താളം തൻ്റെ ബൗളിങ്ങിലേക്കാവാഹിച്ച കേരളത്തിൻ്റെ സ്വന്തം S36….
അന്നും ഇന്നും അയാൾ കളിക്കളത്തിൽ ഇറങ്ങുന്നത് എതിർ ബാറ്റ്സ്മാൻ ആരായാലും തൻ്റെ പന്തു കൊണ്ട് ആ സ്റ്റംപുകൾ തകരുന്ന സംഗീതം ആസ്വദിക്കാനാണ്. കഴിഞ്ഞ ഏഴു വർഷം, അയാളുടെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ കാലം അയാൾ സാധകം ചെയ്തതു മുഴുവൻ ഒരു മികച്ച തിരിച്ചുവരവിനായിരിക്കും.
പണമൊഴുക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള IPL ൽ കളിക്കുമ്പോൾ ശ്രീശാന്തിൻ്റെ മുകളിൽ ആരോപിക്കപ്പെട്ട വിവാദങ്ങളും അയാളുടെ രാഷ്ട്രീയവും പറഞ്ഞ് സോഷ്യൽ മീഡിയയിൽ മാന്യമായും അല്ലാതെയും വിമർശിക്കുന്നവരോട് – മൾട്ടി ഡേ ഫോർമാറ്റിലെ സ്പെഷ്യലിസ്റ്റായിരുന്ന, ദക്ഷിണാഫ്രിക്കയിലെ ആദ്യ ഇന്ത്യൻ ടെസ്റ്റ് വിജയത്തിനു ചുക്കാൻ പിടിച്ച ശ്രീ ഇന്നു സജീവ ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നത് ബാറ്റ്സ്മാൻമാർ വാഴുന്ന ഏറ്റവും ചെറിയ ഫോർമാറ്റിലൂടെയാണ്.
എന്നിട്ടും അയാൾ നേടുന്നത് ശിഖർ ധവാനെയും നിതീഷ് റാണയേയും പോലുള്ളവരുടെ വിക്കറ്റുകളാണ്. തൻ്റെ സമകാലികനും ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ പ്രയത്നിക്കുന്ന, ഇക്കാലമത്രയും ക്രിക്കറ്റിൽ സജീവ സാന്നിധ്യമായ ഇഷാന്ത് ശർമ ഇതേ മത്സരത്തിൽ കേരളാ ബാറ്റ്സ്മാൻമാരുടെ ബാറ്റിൻ്റെ ചൂടറിഞ്ഞതും ഇവിടെ കൂട്ടി വായിക്കണം.
ഒരു കാലത്ത് ഹെയ്ഡനേയും ഗിൽക്രിസ്റ്റിനെയും ലാറയെയും കാലിസിനെയുമെല്ലാം വിറപ്പിച്ച , 169 അന്താരാഷ്ട്ര വിക്കറ്റുകൾ സ്വന്തമായുള്ള, ടെസ്റ്റിൽ രണ്ടും ഏകദിനത്തിൽ ഒന്നും മാൻ ഓഫ് ദ് മാച്ച് ആയ, ഈ നൂറ്റാണ്ടിലെ രണ്ടു ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായ ശ്രീ കാത്തിരുന്നത് ഒന്നും രണ്ടുമല്ല, ഏഴു വർഷങ്ങളാണ്.
ഒരു സ്പോർട്സ് താരത്തിൻ്റെ കരിയറിൽ നിർണായകമായ ഏഴു വർഷങ്ങൾ. ആരോപണങ്ങളും തടവും ലോകത്തിൻ്റെ മുഴുവൻ പരിഹാസവുമായി അയാൾ ഒരു പാട് അനുഭവിച്ചിരിക്കും. കളിക്കാനൊരു ടീമോ ഗ്രൗണ്ടോ കിട്ടാതെ അയാളൊരുപാട് ബുദ്ധിമുട്ടിയിരിക്കും. ശ്രീയുടെ കൂടെയും ശേഷവും കളിച്ച ഭൂരിഭാഗവും കളി നിർത്തിയ കാലത്താണ് , പ്രായത്തിലാണ് ഇച്ഛാശക്തി മാത്രം കൈമുതലായി അദ്ദേഹം ഒരു ദേശീയ ടൂർണമെൻ്റിൽ ബൗൾ ചെയ്യുന്നത്.
ആരാധകരുടെ വിശ്വാസവും ശ്രീയുടെ സ്വപ്നവുമായ, ഇന്ത്യൻ ടീമിലേക്കൊരു തിരിച്ചു വരവ് ഒരിക്കലും എളുപ്പമല്ലെന്നറിയാം. പ്രതിഭാധനർ നിറഞ്ഞ മത്സര രംഗത്ത് പ്രായവും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനവും ഒരു അളവുകോൽ തന്നെയാണ്. ഇത്തരമൊരവസ്ഥയിലൂടെ പോയിട്ടുള്ള ഒരു ഇന്ത്യൻ താരവും പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിച്ചതായി അറിവില്ല.
പക്ഷേ ഒരാൾ തന്നിലാരോപിക്കപ്പെട്ട വിവാദങ്ങളിൽ മനംനൊന്ത്, ജീവിതത്തിൽ ഒരാളും നേരിടാനിഷ്ടമില്ലാത്ത സാഹചര്യങ്ങളിലൂടെ നടന്ന്, തന്നെ തള്ളിപ്പറഞ്ഞവരെ കൊണ്ട് മാറ്റിപ്പറയിപ്പിച്ച് ഏഴു വർഷത്തെ ഇടവേളക്കു ശേഷം 38 ആം വയസ്സിൽ സംസ്ഥാനത്തിനു വേണ്ടി ദേശീയ ലീഗിൽ കളിക്കളത്തിലിറങ്ങിയിട്ടുണ്ടെങ്കിൽ, രണ്ടാം ഓവറിൽ തന്നെ വിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ, ടീം തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അയാളെ നമുക്ക് എസ്.ശ്രീശാന്ത് എന്ന് വിളിക്കാം.
CONTENT SUMMARY: Sreesanth Aavesham CLUB Featured