ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന നിഷ്കളങ്കനായ പോരാളി. ഓന്റെ ചിരി കണ്ടാൽ മാത്രം മതി ഒരു കപ്പടിച്ച സംതൃപ്തി ലഭിക്കും ഓരോ ഫുട്ബോൾ പ്രേമിക്കും. എത്ര കഠിനാദ്ധ്വാനം ചെയ്യാനും അവന് മടിയില്ല. ഏത് പൊസിഷനും അവന് വഴങ്ങും. ഏത് ക്ലബ്ബിന്റെ ആരാധകർ ആണെങ്കിൽ പോലും ഇനിയിപ്പോൾ അത് ബദ്ധ വൈരികൾ ആണെങ്കിൽ കൂടി കാന്റെയെ വെറുക്കാൻ ആർക്കും കഴിയില്ല.
ഇന്ന് ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി യൂറോപ്യൻ കിരീടം ഉയർത്തിയപ്പോഴും അതിൽ ഈ ഫ്രഞ്ചു പോരാളിയുടെ വ്യക്തമായ കയ്യൊപ്പ് ഉണ്ടായിരുന്നു. അതിനുള്ള അർഹിക്കുന്ന അംഗീകാരം പോലെ തന്നെ കളിയിലെ കേമനുള്ള വീരാളിപ്പട്ടും കാന്റെ എന്ന വലിയ മത്സരങ്ങളിൽ പതറാതെ പതുങ്ങി നിന്നു പിന്നിൽ നിന്നും ടീമിനെ മുന്നിലേക്ക് നയിക്കുന്ന ഈ കഠിനാദ്ധ്വനിക്ക് തന്നെ ലഭിച്ചു.
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരങ്ങൾ നിറഞ്ഞ ആക്രമണ നിരയെ ഒറ്റയ്ക്ക് വരിഞ്ഞു കെട്ടിയ പ്രകടനമായിരുന്നു ഗ്രൗണ്ടിന്റെ മധ്യത്തിൽ ഇറങ്ങിയ കാന്റെ നടത്തിയത്. ആഘോഷിക്കപ്പെടുന്നില്ല എങ്കിലും ഇന്നവൻ അത് തെളിയിച്ചു കഴിഞ്ഞു. നിലവിൽ ഫുട്ബാൾ ലോകത്ത് സുപ്രധാന മത്സരങ്ങളിൽ അടിപതറാതെ നിന്ന് ടീമിന്റെ ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പാലമായി നിൽക്കുന്ന ഏറ്റവും മികച്ച മധ്യനിര താരമാണ് താനെന്ന്.
ചെൽസിയിലെ മധ്യനിരയിൽ പാറ പോലെ കാന്റെ ഉറച്ചു നിന്നപ്പോൾ കൗണ്ടറുകളോ സ്ഥിരം ത്രൂ പാസുകളോ ഒന്നും നടത്താൻ ഇന്ന് സിറ്റിയുടെ താരങ്ങൾക്ക് ആയില്ല. ഫിൽ ഫോഡനും സ്റ്റെർലിങും ബെർണാഡോ സിൽവയും കെവിൻ ഡി ബ്രുയിനുമൊക്കെ കാന്റെ എന്ന പാവത്താന്റെ നീരാളിപ്പിടുത്തത്തിൽ പ്പെട്ടു ശ്വാസം മുട്ടുകയായിരുന്നു.
തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടംആണ് ഇന്ന് പുലർച്ചെ പെപ്പിന്റെ പോരാളികളെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എൻഗോളോ കാന്റെ നേടിയത്. ആരെയും മോഹിപ്പിക്കുന്ന വിശ്വകിരീടം നേരത്തെ തന്നെ നേടിയ ഈ പോരാളി ചാമ്പ്യൻസ് ലീഗ് കിരീടം കൂടിവച്ചു തന്റെ ട്രോഫി ഷെൽഫ് കൂടുതൽ വിശാലമാക്കി.
ഇപ്പോൾ തന്നെ അതിനിത്തിരി വലിപ്പം കൂടുതൽ ആണ്. കഠിനാദ്ധ്വാനം ചെയ്യുന്നവന്റെ കൂടെയാണ് വിജയ ദേവതയെന്നും നിൽക്കുന്നത് എന്നതിന്റെ ഒരു തെളിവ് കൂടെയാണ് കാന്റെയുടെ കരിയർ. വലിയ കിരീടങ്ങൾക്കും വലിയ വിജയങ്ങൾക്കും അവിടെ ഒരു കുറവുമില്ല. മിടുക്കനായ വിദ്യാർത്ഥിയുടെ പ്രോഗ്രസ് കാർഡ് പോലെ അവന്റെ വൻ വിജയങ്ങളുടെ കരിയർ ഗ്രാഫ് മുന്നോട്ട് പോവുക തന്നെയാണ്.
2014ൽ ഫ്രഞ്ച് ലീഗിൽ തിളങ്ങിയ കാന്റെയെ 2015ൽ ആയിരുന്നു റാനിയേരിയുടെ ലെസ്റ്റർ സിറ്റി ഇംഗ്ലണ്ടിൽ എത്തിക്കുന്നത്. തൊട്ടടുത്ത വർഷം കാന്റെ ലെസ്റ്ററിന്റെ ഞെട്ടിക്കുന്ന പ്രീമിയർ ലീഗ് കിരീടം എന്ന നേട്ടത്തിലും പങ്കാളി ആയി. പിന്നാലെ ചെൽസിയിലേക്ക്. 2017ൽ ചെൽസിക്ക് ഒപ്പവും പ്രീമിയർ ലീഗ് കിരീടം.
2018ൽ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഫ്രാൻസിനെ എത്തിച്ച ലോകകപ്പ് കിരീടത്തിലും കാന്റെയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. 2019ൽ ചെൽസിക്ക് ഒപ്പം യൂറോപ്പ ലീഗ് നേടിയ കാന്റെ ഇപ്പോൾ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി.
ഇന്ന് നേടിയ UCL വിജയത്തിലും കാന്റെയുടെ പങ്ക് വളരെ വലുതായിരുന്നു. ഫൈനൽ ഉൾപ്പെടെ പല കളികളിലും മാൻ ഓഫ് ദി മാച്ചു പുരസ്‌കാരം കാന്റെക്ക് ആയിരുന്നു. ഇനി യൂറോക്കപ്പിൽ ഫ്രാൻസിന്റെ പതാക വാഹകനാകാൻ പുറപ്പെടുന്ന കാന്റെയെ തേടി ബാലൻ ഡി ഓർ പുരസ്‌കാരം എത്തുന്ന കാലം വിദൂരമല്ല.
CONTENT SUMMARY: Story of N’Golo Kante the lucky charm